ജമ്മു:ജമ്മു കശ്‌മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യമായി സംസ്ഥാനത്ത് സന്ദർശനം നടത്താനിരിക്കെ ബിഷ്‌നയിലെ ലാലിയൻ ഗ്രാമത്തിൽ സ്‌ഫോടനം നടന്നതായി റിപ്പോർട്ടുകൾ. കൃഷിഭൂമിയിൽ സ്‌ഫോടനം നടന്നുവെന്ന് സംശയിക്കുന്നതായി ഗ്രാമവാസികൾ സംശയിക്കുന്നതായി ജമ്മു കശ്‌മീർ പൊലീസ് പറയുന്നു. മോദി സന്ദർശിക്കുന്ന പല്ലി പഞ്ചായത്തിൽ നിന്നും 7 കിലോമീറ്റർ അകലെയാണ് ദുരൂഹമായ സ്ഫോടനം നടന്നത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
പാമ്പുകടി ചികിത്സകൾക്ക് പേരുകേട്ട ഗ്രാമമാണ് ലാലിയൻ. വെള്ളിയാഴ്‌ച സുരക്ഷ ഉദ്യോഗസ്ഥരുടെ വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തെ തുടർന്ന് സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കിയിരുന്നു. ആക്രമണത്തിൽ രണ്ട് ജെയ്‌ഷെ ഭീകരരെ സൈന്യം വധിച്ചിരുന്നു.
പഞ്ചായത്തി രാജ് ദിനാഘോഷത്തിന്‍റെ ഭാഗമായാണ് പ്രധാനമന്ത്രി ജമ്മു കശ്‌മീരിലെത്തുന്നത്. ചടങ്ങുകൾക്കായി സാംബയിലെ പല്ലി ഗ്രാമത്തിലെത്തുന്ന മോദി ഇവിടെനിന്നും രാജ്യത്തെ പഞ്ചായത്തുകളെ അഭിസംബോധന ചെയ്യും.