ഭുവനേശ്വര്‍ : ഒഡിഷയില്‍ ടാറ്റ സ്റ്റീല്‍ ലിമിറ്റഡ് പ്ലാന്‍റില്‍ സ്‌ഫോടനം. 19 തൊഴിലാളികള്‍ക്ക് പൊള്ളലേറ്റു. രണ്ട് പേരുടെ നില ഗുരുതരം. പരിക്കേറ്റ തൊഴിലാളികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തെഹാങ്കല്‍ ജില്ലയിലെ മേരമണ്ഡലിയില്‍ ഇന്ന് (മെയ് 13) ഉച്ചയ്‌ക്ക് ഒരു മണിയോടെയാണ് സംഭവം. പ്ലാന്‍റില്‍ നിന്ന് വാതകം ചോര്‍ന്നതിനെ തുടര്‍ന്ന് സ്റ്റീം പൈപ്പ് പൊട്ടിത്തെറിക്കുകയായിരുന്നു. ഇതോടെ ജോലിയിലുണ്ടായിരുന്ന ജീവനക്കാര്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്‌തു.
അപകടത്തില്‍ പരിക്കേറ്റ ജീവനക്കാരെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റിയെന്ന് കമ്പനി പ്രസ്‌താവനയില്‍ വ്യക്തമാക്കി. ജീവനക്കാരുടെ കുടുംബങ്ങള്‍ക്ക് ആവശ്യമായ മുഴുവന്‍ പിന്തുണയും ഉറപ്പ് നല്‍കുമെന്നും കമ്പനി അറിയിച്ചു. സംഭവമുണ്ടായ ഉടന്‍ തന്നെ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.
ടാറ്റ സ്റ്റീല്‍ പ്ലാന്‍റില്‍ നിന്ന് ഇത്തരമൊരു അപകടമുണ്ടായതില്‍ തങ്ങള്‍ ഖേദിക്കുന്നുവെന്നും കമ്പനി പ്രസ്‌താവനയില്‍ വ്യക്തമാക്കി. അപകടത്തിന്‍റെ കാരണം കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ആരംഭിച്ചു.
അമരാവതിയിലെ പടക്ക ഗോഡൗണിലുണ്ടായ സ്‌ഫോടനം :ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ആന്ധ്രപ്രദേശിലെ പടക്ക ഗോഡൗണില്‍ വന്‍ സ്‌ഫോടനം ഉണ്ടായത്. അപകടത്തില്‍ മൂന്ന് പേരാണ് മരിച്ചത്. രണ്ട് പേര്‍ക്ക് ഗുരുതരമായി പൊള്ളലേല്‍ക്കുകയും ചെയ്‌തു.
പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. തിരുപ്പതിയിലെ കൊവ്വക്കള്ളിയിലാണ് തീപിടിത്തമുണ്ടായത്. സ്‌ഫോടന സമയത്ത് അഞ്ച് തൊഴിലാളികളാണ് ഗോഡൗണില്‍ ഉണ്ടായിരുന്നത്. അതില്‍ പൊള്ളലേറ്റ മൂന്ന് പേരാണ് മരിച്ചത്.
സംഭവത്തെ തുടര്‍ന്ന് വിവിധയിടങ്ങളില്‍ നിന്നുള്ള അഗ്‌നി രക്ഷാസേനയെത്തിയാണ് തീയണച്ചത്. മൂന്ന് മണിക്കൂര്‍ നീണ്ട സമയത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമായത്. ഗോഡൗണിലെ പടക്കം പൊട്ടുന്നതാണ് തീ അണയ്ക്കുന്നതിന് തടസമായത്.
വിവാഹാഘോഷത്തിനിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു : മധ്യപ്രദേശിലെ ബിന്ദിലാണ് വിവാഹാഘോഷത്തിനിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്. മൂന്ന് കുട്ടികളാണ് സ്‌ഫോടനത്തിന് ഇരയായത്. നാല് പേര്‍ക്ക് ഗുരുതരമായി പൊള്ളലേല്‍ക്കുകയും ചെയ്‌തു.
ജില്ലയിലെ ഗൊര്‍മി ഗ്രാമത്തില്‍ ഇക്കഴിഞ്ഞ 10നായിരുന്നു സംഭവം. ഗ്രാമവാസിയായ കദേര എന്നയാളുടെ മകന്‍റെ വിവാഹാഘോഷത്തിനിടെയാണ് അപകടമുണ്ടായത്. വിവാഹത്തിനെത്തുന്ന അതിഥികള്‍ക്ക് വിരുന്നൊരുക്കുന്നതിനിടെയായിരുന്നു അപകടം.
ഗ്യാസ് സിലിണ്ടര്‍ അപകടകാരികളാകുമ്പോള്‍ : കൊല്‍ക്കത്തിയിലും ഉത്തര്‍ പ്രദേശിലും ഏതാനും ആഴ്‌ചകള്‍ക്ക് മുമ്പാണ് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടങ്ങളുണ്ടായത്. കൊല്‍ക്കത്തയിലെ ഗാര്‍ഡന്‍ റീച്ചിലെ ഒരു വീട്ടിലും ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹര്‍ നഗരത്തിലുമായിരുന്നു സ്‌ഫോടനങ്ങള്‍. ഉത്തര്‍പ്രദേശില്‍ 4 പേരും കൊല്‍ക്കത്തയില്‍ 21 പേരുമാണ് സ്‌ഫോടനത്തിന് ഇരകളായത്.