ചിത്രകൂട് :ഉത്തർപ്രദേശില്‍, നിധി കണ്ടെടുക്കാന്‍ ഒന്‍പത് വയസുള്ള ആണ്‍കുട്ടിയെ ബലികൊടുത്ത ദമ്പതികള്‍ പിടിയില്‍. ബന്ദ ജില്ലയിലെ കോട്വാലി പൊലീസ് സ്റ്റേഷൻ പരിധിയിലെ രാഘവ്പുരിയിലാണ് സംഭവം. കുട്ടിയുടെ അമ്മാവനും അമ്മായിയുമായ ഭുല്ലു വർമയും ഭാര്യ ഊർമിളയുമാണ് അന്ധവിശ്വാസത്തെ തുടര്‍ന്നുള്ള കൊലപാതകത്തില്‍ അറസ്റ്റിലായത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ : ഒന്‍പത് വയസുള്ള കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് പിതാവ് രാംപ്രയാഗ് റൈദാസ്, ഫെബ്രുവരി എട്ടിന് കോട്വാലി (kotwali) പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയുണ്ടായി. ദിവസങ്ങള്‍ കഴിഞ്ഞിട്ടും കുട്ടി എവിടെയാണെന്ന് പൊലീസിന് കണ്ടെത്താനായില്ല. തുടര്‍ന്ന്, മാർച്ച് എട്ടിന് അയല്‍ വീട്ടില്‍ നിന്നും ദുർഗന്ധം പരന്നതോടെ പ്രദേശവാസികള്‍ പൊലീസിൽ വിവരമറിയിച്ചു.
ദുര്‍മന്ത്രവാദത്തിനായി കാത്തിരിപ്പ്, ഒടുവില്‍ പിടിയില്‍
പൊലീസെത്തി നടത്തിയ തിരച്ചിലില്‍, കുട്ടിയുടെ അമ്മാവനും അമ്മായിയും താമസിച്ചിരുന്ന വീട്ടിലെ ധാന്യപ്പാത്രത്തിൽ ഒളിപ്പിച്ച നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ ദേഹത്ത് ദുര്‍മന്ത്രവാദവും ബാധയൊഴിപ്പിക്കലും നടന്നതായി സ്ഥിരീകരിച്ചു. കഴുത്തുഞെരിച്ച ശേഷം കുട്ടിയെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മന്ത്രവാദം നടത്താനുള്ള ദിവസത്തിത്തിനായി ദമ്പതികൾ കാത്തിരിക്കുന്നതിനിടെയാണ് ദുര്‍ഗന്ധം പരന്നതും പ്രതികള്‍ പിടിയിലായതും.
മൂന്ന് പാത്രങ്ങളിലായി വീട്ടിൽ വന്‍തോതില്‍ നിധി മറഞ്ഞിരുപ്പുണ്ടെന്നും കുട്ടിയെ ബലികൊടുത്താല്‍ അത് കണ്ടെത്താന്‍ കഴിയുമെന്നും ദീപാവലി നാളില്‍ സ്വപ്‌നം കണ്ടു. ഇതാണ് കൃത്യത്തിലേക്ക് നയിച്ചതെന്ന് പ്രതികള്‍ പൊലീസിന് മൊഴി നല്‍കി. നേരത്തെ, കേസെടുക്കാൻ കഴിയാത്തതിൽ പൊലീസിനെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. അറസ്റ്റിലായ പ്രതികള്‍ നിലവില്‍ ജയിലിലാണ്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചതായി പൊലീസ് അറിയിച്ചു.
ALSO READ:ഹിജാബ് വിലക്ക്: പി.യു കോളജ് മുതല്‍ ഹൈക്കോടതിയുടെ വിശാല ബെഞ്ച് വരെ: കേസിന്‍റെ നാള്‍ വഴി