ന്യൂഡൽഹി: ബ്ലാക്ക് ഫംഗസ് രോഗബാധ ഒരു സാംക്രമിക രോഗമല്ലെന്ന് എയിംസ് ഡയറക്‌ടർ രൺദീപ് ഗുലേറിയ. ബ്ലാക്ക് ഫംഗസ് എന്ന മ്യൂക്കോർമൈക്കോസിസ് കൊവിഡ് രോഗികളിലോ കൊവിഡ് മുക്തരായവരിലോ പൊതുവേ കണ്ടുവരുന്ന ഒരു സാധാരണ ഫംഗസ് ബാധയാണെന്നും അദ്ദേഹം പറഞ്ഞു. റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണം വർധിക്കുന്നുണ്ടെങ്കിലും ഇത് ഒരിക്കലും കൊവിഡ് ബാധ പോലെ ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുന്ന രോഗം അല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഫംഗസിന്‍റെ നിറത്തേക്കാൾ മ്യൂക്കോർമൈക്കോസിസ് എന്ന പേരിൽ ഫംഗസിനെ തിരിച്ചറിയുന്നതാണ് നല്ലതെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
Also Read:ഇന്ത്യയില്‍ സ്‌പുട്‌നിക് കൊവിഡ് വാക്‌സിന്‍ ഉല്‍പാദനം ആരംഭിച്ചു
ബ്ലാക്ക് ഫംഗസ് ബാധയും ഓക്‌സിജൻ തെറാപ്പിയും തമ്മിൽ ഇതുവരെ ഒരു ബന്ധവും കണ്ടെത്തിയിട്ടില്ലെന്നും ഡോ. ഗുലേറിയ പറഞ്ഞു. 90 മുതൽ 95 ശതമാനം വരെയും ഈ രോഗം കണ്ടുവരുന്നത് പ്രമേഹ രോഗികളിലും കൊവിഡ് ചികിത്സയുടെ ഭാഗമായി സ്റ്റിറോയിഡുകൾ കൂടുതലായും കുത്തിവച്ചവരിലുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മ്യൂക്കോർമൈക്കോസിസിനെ ബ്ലാക്ക് ഫംഗസ് എന്ന് വിളിക്കുന്നത് വളരെയധികം ഒഴിവാക്കാവുന്ന ആശയക്കുഴപ്പങ്ങളിലേയ്ക്ക് നയിക്കുന്നുണ്ടെന്നും ബ്ലാക്ക് ഫംഗസ് തീർത്തും വ്യത്യസ്‌തമായ ഒന്നാണെന്നും അദ്ദേഹം പറഞ്ഞു. വൈറ്റ് ഫംഗൽ കോളനികളിൽ കറുത്ത കുത്തുകൾ കാണപ്പെടുന്നത് കൊണ്ട് മാത്രമാണ് ഇവയെ ബ്ലാക്ക് ഫംഗസ് എന്ന് വിളിക്കുന്നതെന്നും ഡോ. ഗുലേറിയ വ്യക്തമാക്കി. പൊതുവേ, കാൻഡിഡ, ആസ്‌പർജില്ലോസിസ്, ക്രിപ്റ്റോകോക്കസ്, ഹിസ്റ്റോപ്ലാസ്മോസിസ്, കോസിഡിയോ ഡയോമൈക്കോസിസ് തുടങ്ങിയ വിവിധതരം ഫംഗസ് അണുബാധകൾ ഉണ്ടെന്നും രോഗപ്രതിരോധ ശേഷി കുറവുള്ളവരിൽ മ്യൂക്കോർമൈക്കോർസിസ്, കാൻഡിഡ, ആസ്‌പർജില്ലോസിസ് എന്നിവയാണ് കൂടുതൽ കാണപ്പെടുന്നതെന്നും ഡോ. ഗുലേറിയ വ്യക്തമാക്കി.