ന്യൂഡൽഹി:കൊവിഡ് ബാധിച്ച് ഭേദമാകുന്നവരിൽ വലിയ തോതിൽ ബ്ലാക്ക് ഫംഗസ് അണുബാധ ഉണ്ടാകുന്നത് കണക്കിലെടുത്ത് ഇതിനെ ഒരു പകർച്ചവ്യാധിയായി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. അതേസമയം ചികിത്സാ ചെലവ് താങ്ങാനാകാതെ രാജ്യത്തുടനീളം പല കുടുംബങ്ങളും പ്രതിയന്ധിയിൽ കഴിയുകയാണ്.
ചികിത്സാ ചെലവിൽ നട്ടം തിരിഞ്ഞ് ജനങ്ങൾ
കുറഞ്ഞത് അഞ്ച് ലക്ഷം രൂപ വരെ നീളുന്ന മ്യൂക്കോർമൈക്കോസിസ് ചികിത്സയുടെ ചിലവ് കാരണം ദരിദ്രരായ പല കുടുംബങ്ങൾക്കും തങ്ങളുടെ ബന്ധുക്കൾ രോഗം ബാധിച്ച് മരിക്കുന്നത് നിസഹായരായി കണ്ടുനിൽക്കേണ്ട അവസ്ഥയാണ്. അടിയന്തിര ചികിത്സാ രീതിയായതിനാൽ തന്നെ ഫംഗസ് അണുബാധയുടെ സാന്നിധ്യം സ്ഥിരീകരിച്ചാലുടൻ ചികിത്സ ആരംഭിച്ചാൽ മാത്രമേ രോഗികളെ ഒരു പരിധിവരെയെങ്കിലും രക്ഷിക്കാൻ സാധിക്കൂ. തലസ്ഥാനത്തെ പല സ്വകാര്യ ആശുപത്രികളിലും ചികിത്സാ ചെലവ് 10 മുതൽ 15 ലക്ഷം രൂപ വരെയാണെന്നതും സാധാരണ ജനങ്ങൾക്ക് താങ്ങാവുന്നതിലുമപ്പുറമാണ്. രാജ്യത്താകമാനം പല കുടുംബങ്ങളും ഇത്തരത്തിൽ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. കൊവിഡ് ചികിത്സയുടെ ചെലവിനോടൊപ്പം തന്നെ അണുബാധയുടെ ചികിത്സാ ചെലവും ഒന്നിച്ച് പരിഹരിക്കേണ്ട അവസ്ഥയാണ് നിലനിൽക്കുന്നത്.
പ്രതിരോധ മരുന്നിനും തീവില
ബ്ലാക്ക് ഫംഗസ് ചികിത്സയ്‌ക്കായുള്ള ആംഫോട്ടെറിസിൻ മൂന്ന് വ്യത്യസ്‌ത രൂപങ്ങളിൽ ലഭ്യമാണ്. ലിപോസോമൽ ആംഫോട്ടെറിസിൻ, ലിപിഡ് കോംപ്ലക്‌സ് പതിപ്പ്, ആംഫോട്ടെറിസിൻ ബി ഡിയോക്സികൊളേറ്റ് (ആന്‍റി ഫംഗസിന്‍റെ പഴയ പതിപ്പ്) എന്നിവയാണവ. എന്നാൽ ഭൂരിഭാഗവും പ്രമേഹ രോഗികളായതിനാൽ വൃക്കകൾക്ക് കേടുപാടുകൾ സംഭവിക്കാമെന്ന വിലയിരുത്തലിൽ പഴയ പതിപ്പിൽ കാര്യമായ രോഗാവസ്ഥയുണ്ടാകുമെന്ന് വിദഗ്‌ധർ പറയുന്നു. അതുകൊണ്ട് തന്നെ ലിപോസോമൽ ആംഫോട്ടെറിസിനാണ് മുൻഗണന നൽകുന്നത്. കണക്കുകൾ പ്രകാരം ലിപോസോമൽ ആംഫോട്ടെറിസിൻ ഒരു കുപ്പിക്ക് ശരാശരി 3,500 മുതൽ 8,000 രൂപ വരെ വിലവരും. ഇത് ശരാശരി ജനതയ്‌ക്ക് താങ്ങാവുന്നതിൽ കൂടുതലാണ്.