ന്യൂഡല്‍ഹി:അഗ്നിപഥ് പദ്ധതി നടപ്പാക്കിയാല്‍ യുദ്ധ രംഗത്ത് രാജ്യത്തിന് ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് റിട്ട. ബ്രിഗേഡിയര്‍ ഡോ ബികെ ഖന്ന. യുക്രൈന്‍ യുദ്ധത്തില്‍ റഷ്യന്‍ സൈന്യത്തിനേറ്റ അതേ രീതിയിലുള്ള പരിക്ക് ഇന്ത്യക്കും ഉണ്ടായേക്കുമെന്നും അദ്ദേഹം ഉദാഹരണ സഹിതം ആരോപിച്ചു.
യുദ്ധം മുന്നില്‍ കണ്ടാണ് റഷ്യന്‍ സേന നിരവധി യുവാക്കളെ താത്കാലികമായി സൈന്യത്തിലേക്ക് എടുത്തത്. യുക്രൈനിലെ വിവിധ നയതന്ത്ര പ്രാധാന്യമുള്ള മേഖലകളില്‍ ഇവരെ ആക്രമണത്തിനായി അയച്ചു. എന്നാല്‍ യുക്രൈന്‍റെ തിരിച്ചടിയിലും അല്ലാതെയുമായി നിരവധി റഷ്യന്‍ സൈനികര്‍ക്ക് പരിക്കേറ്റു. ഇതിന് കാരണം സൈനികരുടെ പരിചയകുറവായിരുന്നു എന്നും അദ്ദേഹം വിലയിരുത്തി.
അഗ്നിപഥുമായി ബന്ധപ്പെട്ട രാജ്യത്ത് നടക്കുന്ന പ്രക്ഷോഭത്തിന്‍റെ പശ്ചാത്തലത്തില്‍ ഇടിവി ഭാരതിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍റെ വെളിപ്പെടുത്തല്‍. 1971 ലെ ബംഗ്ലാദേശ് യുദ്ധം അടക്കം നിരവധി യുദ്ധങ്ങളില്‍ പങ്കെടുത്ത സൈനികന്‍ കൂടിയാണ് അദ്ദേഹം.
വിവിധ രാജ്യങ്ങള്‍ ഇത്തരത്തില്‍ സൈനികരെ റിക്രൂട്ട് ചെയ്യാറുണ്ട്. എന്നാല്‍ അവിടങ്ങളിലൊക്കെ രീതി പരാജയപ്പെടുകയാണ് ചെയ്യുന്നത്. റഷ്യയിലും താത്കാലിക സൈനികര്‍ക്ക് വലിയ നഷ്ടങ്ങള്‍ സംഭവിച്ചതോടെ പുടിന്‍ ഇവരെ നയതന്ത്ര മേഖലകളില്‍ നിന്നും മാറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു സൈനിക ബറ്റാലിയനെ രൂപപ്പെടുത്തുന്നത് ഏറെ നാളത്തെ പരിശ്രമത്തിന് ഒടുവിലാണ്. ബറ്റാലിയനിലെ സൈനികര്‍ തമ്മില്‍ വലിയ ആത്മബന്ധവും സൗഹൃദവും ഉണ്ടാക്കിയെടുക്കണം. ബഹുമാനത്തോടെയും വിശ്വാസത്തോടെയുമാണ് ഇവരെ രൂപപ്പെടുത്തി എടുക്കുന്നത്. ഇതിന് വര്‍ഷങ്ങള്‍ എടുക്കും. തികച്ചും പ്രൊഫഷണലാണ് സായുധ സൈനിക സേന. അഗ്‌നിപഥ് ഇതെല്ലാം നഷ്ടപ്പെടുത്തിയേക്കുമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.