ഹൈദരാബാദ്:2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി, ബിജെപിയും കോൺഗ്രസും തമ്മിലുള്ള സോഷ്യൽ മീഡിയ യുദ്ധം കടുക്കുകയാണ്. ഇതിനായി ഇരുപാര്‍ട്ടികളും വന്‍ തന്ത്രങ്ങളാണ് ആവിഷ്‌കരിക്കുന്നത്. ഇതില്‍, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായി ബിജെപി പുറത്തുവിട്ട ആനിമേറ്റഡ് വീഡിയോയാണ് നിലവില്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുന്നത്.
'രാഗ...യേക് മോഹ്‌റ!' (രാഹുല്‍ ഗാന്ധി... ഒരു കാലാള്‍) എന്ന അടിക്കുറിപ്പോടെയാണ് ഈ ആനിമേറ്റഡ് വീഡിയോ ബിജെപി ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പങ്കുവച്ചത്. രാഹുല്‍ തന്‍റെ വിദേശ പര്യടനങ്ങളില്‍ അന്താരാഷ്‌ട്ര മാധ്യമങ്ങളോട് പ്രതികരിക്കുന്നതിനെതിരായ വിമര്‍ശനമാണ് വീഡിയോയുടെ ഉള്ളടക്കം. 'വിദേശ ശക്തികളുമായി ഒത്തുകളിച്ച് ഇന്ത്യയെ തകർക്കാൻ രാഹുല്‍ ശ്രമിക്കുകയാണ്. 2024ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഭരണത്തുടര്‍ച്ചയെ തടയാൻ 'ഇന്ത്യ വിരുദ്ധ' ശക്തികൾക്ക് വേണ്ടി രാഹുൽ പ്രവർത്തിക്കുന്നു' - എന്നിങ്ങനെയാണ് ബിജെപി വീഡിയോയിലൂടെ ആരോപിക്കുന്നത്.
അതേസമയം, വലിയ ആരവത്തോടെ പുറത്തിറക്കിയ ഈ ആനിമേറ്റഡ് വീഡിയോയ്‌ക്കെതിരെ പരിഹാസം ശക്തമാണ്. വീഡിയോയെ ആദിപുരുഷുമായാണ് നെറ്റിസൺസ് താരതമ്യപ്പെടുത്തിയത്. 'വിലകുറഞ്ഞ'തും 'ഗുണനിലവാരം' ഇല്ലാത്തതുമാണ് വീഡിയോ എന്നാണ് പുറത്തുവരുന്ന പ്രധാന പരിഹാസം. രണ്ട് മിനിറ്റിലധികം ദൈർഘ്യമുള്ള ആനിമേറ്റഡ് വീഡിയോ ഇന്ന് രാവിലെയാണ് ബിജെപി ട്വിറ്ററില്‍ പങ്കുവച്ചത്.
'എന്തുവിലകൊടുത്തും മോദിയെ തടയുക':'മോദിയുടെ ചുക്കാൻ പിടിച്ച് ഇന്ത്യ ലോകത്തിന്‍റെ അടുത്ത സൂപ്പർ പവറായി മാറാൻ ഒരുങ്ങുകയാണ്. 2024ൽ മോദിയെ ഭരണത്തില്‍ നിന്നും താഴെയിറക്കണം. ഇന്ത്യയെ ആഗോള സാമ്പത്തിക ശക്തിയിലേക്ക് നയിക്കുന്നതിനെതിരായ അവസാന പോരാട്ടത്തിനുള്ള അവസരമാണിത്. ഇന്ത്യയെ തകർക്കാനുള്ള വഴി കണ്ടെത്തണം. രാജ്യത്തെ ആന്തരികമായി വിഭജിക്കുക. ഇന്ത്യയെ ബിസിനസ് നിക്ഷേപം നിരുത്സാഹപ്പെടുത്താൻ ന്യൂനപക്ഷ വിദ്വേഷം പ്രചരിപ്പിക്കുക. എന്തുവിലകൊടുത്തും മോദിയെ തടയുക.' - ആനിമേഷന്‍റെ പശ്ചാത്തലത്തിലാണ് ഈ വിവരണമുള്ളത്.
പുറമെ, കോട്ടും സ്യൂട്ടും ടൈയും ധരിച്ച ഒരു ആനിമേറ്റഡ് വിദേശ കഥാപാത്രം തന്‍റെ ഫോണിൽ 'ഇന്ത്യൻ പ്രതിപക്ഷ നേതാവ്' എന്ന് ഡയൽ ചെയ്യുന്നതും രാഹുല്‍ ഗാന്ധി കോള്‍ അറ്റന്‍ഡ് ചെയ്യുന്നതും വീഡിയോയില്‍ വ്യക്തമാണ്. ശേഷം, അടുത്ത സീനിൽ രാഹുല്‍ ഗാന്ധി വിദേശിയുടെ കൈ പിടിച്ച് കുലുക്കുന്നതും 'ആഭ്യന്തര നയ രേഖകൾ' അദ്ദേഹത്തിന് കൈമാറുന്നതും കാണാം. വിദേശ പൗരനില്‍ നിന്ന് 'ഇന്ത്യയെ തകര്‍ക്കാനുള്ള തന്ത്രങ്ങള്‍' ബുക്ക്‌ലെറ്റ് സ്വീകരിക്കുന്നതും കാണാം.
ALSO READ |'ഹലോ മിസ്‌റ്റര്‍ മോദി, എന്‍റെ ഐഫോൺ ചോര്‍ത്തുന്നുണ്ടെന്ന് അറിയാം'; യുഎസ് സംവാദത്തിനിടെ രാഹുല്‍ ഗാന്ധി
ശേഷം, രാഹുൽ ന്യൂനപക്ഷ നേതാക്കളെ കാണുകയും വിദേശ മാധ്യമ ഓഫിസുകളിലേക്ക് പോവുന്നതും ദൃശ്യത്തിലുണ്ട്. 'ഇന്ത്യയിൽ മുസ്‌ലിങ്ങള്‍ മാത്രമല്ല ദലിതുകളും സിഖുകാരും പീഡിപ്പിക്കപ്പെടുന്നു' എന്നും വീഡിയോയില്‍ അവകാശപ്പെടുന്നു. 'രാഹുല്‍ ഗാന്ധി ഒരു പ്രതീക്ഷയാണ്. ഇന്ത്യയ്‌ക്കല്ല, ഇന്ത്യാവിരുദ്ധ ശക്തികൾക്കുള്ള പ്രതീക്ഷ. ഇന്ത്യയെ തകർക്കാൻ ഉപയോഗിക്കേണ്ട ഒരു കാലാളാണ് രാഹുല്‍ സ്വയം അവതരിപ്പിച്ചത്. വിദേശ ശക്തികളുടെ 'മഞ്ചൂറിയൻ' സ്ഥാനാർഥിയാണ് രാഗ.' - വീഡിയോയുടെ അവസാനം ഇങ്ങനെ പറയുന്നു.