ഭോപ്പാൽ:ആദിവാസി യുവാവിന്‍റെ മുഖത്ത് മൂത്രമൊഴിച്ച സംഭവത്തില്‍ ബിജെപി പ്രവർത്തകൻ അറസ്റ്റില്‍. ബിജെപി പ്രവർത്തകനും സിധി ജില്ലയിൽ നിന്നുള്ള ബിജെപി എംഎൽഎ കേദാർനാഥ് ശുക്ലയുടെ അടുത്ത അനുയായിയുമായ പ്രവേഷ് ശുക്ലയാണ് അറസ്റ്റിലായത്. മധ്യപ്രദേശിലെ സിധിയിലാണ് ഈ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്.
പ്രവേഷ് ശുക്ല ആദിവാസി യുവാവിന്‍റെ മേൽ മൂത്രമൊഴിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിച്ചിരുന്നു. തുടര്‍ന്ന് മണിക്കൂറുകൾക്കകമാണ് ഇയാളെ മധ്യപ്രദേശ് പൊലീസ് ബുധനാഴ്‌ച (ജൂലൈ 05) അറസ്റ്റ് ചെയ്‌തത്. ഒരു കെട്ടിടത്തിന്‍റെ കോണിപ്പടിയിൽ ഇരിക്കുന്ന ആദിവാസി യുവാവിന്‍റെ മുഖത്തേക്ക് വായിൽ സിഗരറ്റുമായി, മദ്യപിച്ച നിലയിൽ എത്തിയ പ്രവേഷ് ശുക്ല മൂത്രമൊഴിക്കുന്നത് വീഡിയോയിൽ വ്യക്തമായിരുന്നു.
പിന്നാലെ പ്രവേഷ് ശുക്ലയുടെ നീചമായ പ്രവൃത്തി സംസ്ഥാനത്ത് രാഷ്‌ട്രീയ കൊടുങ്കാറ്റായി മാറിയതോടെ സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണത്തിനും ദേശീയ സുരക്ഷ നിയമത്തിലെയും (എസ്‌സി/എസ്‌ടി) അതിക്രമങ്ങൾ തടയുന്നതിനുള്ള നിയമത്തിലെയും കർശനമായ വകുപ്പുകൾ പ്രകാരം കേസെടുക്കാൻ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ഉത്തരവിടുകയായിരുന്നു.
വീഡിയോ വൈറലായതിന് പിന്നാലെ ഒളിവിൽ പോയ പ്രവേഷ് ശുക്ലയെ ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് പൊലീസ് പിടികൂടിയത്. മറ്റൊരിടത്തേക്ക് രക്ഷപ്പെടുന്നതിനിടെ ആയിരുന്നു അറസ്റ്റ്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ ഭാര്യയേയും മാതാപിതാക്കളെയും പൊലീസ് സംഘം നേരത്തെ ചോദ്യം ചെയ്‌തിരുന്നു.
ഇടിവി ഭാരതിന് ലഭിച്ച വിവരമനുസരിച്ച് ഏകദേശം മൂന്ന് മാസം മുമ്പ് മധ്യപ്രദേശിലെ സിധി ജില്ലയിലെ കുബാരി ബസാറിലാണ് സംഭവം നടന്നത്. എന്നാൽ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്. സിധിയിലെ കരുണ്ടി ഗ്രാമത്തിൽ താമസിക്കുന്ന യുവാവിന് നേരെയാണ് പ്രതി ഹീനമായ കൃത്യം നടത്തിയത്.
വീഡിയോ വൈറലായതിന് തൊട്ടുപിന്നാലെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ, കുറ്റവാളിയെ അറസ്റ്റ് ചെയ്യാനും എൻഎസ്എ പ്രകാരം കേസെടുക്കാനും ആവശ്യപ്പെട്ടു. തുടർന്ന് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം, ഇന്ത്യൻ ശിക്ഷാനിയമം (ഐപിസി) സെക്ഷൻ 294, 504, സെക്ഷൻ 3(1) (ആർ)(എസ്) പ്രകാരം ജില്ലയിലെ ബഹാരി പൊലീസ് സ്റ്റേഷനിൽ പ്രതിക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിക്കുകയായിരുന്നു. എസ്‌സി/എസ്‌ടി നിയമവും എൻഎസ്‌എയും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്.
അതേസമയം പ്രതി ബിജെപിയുടെ സജീവ പ്രവർത്തകനാണെന്ന് കോൺഗ്രസ് അവകാശപ്പെട്ടു. അപലപനീയമായ നടപടി എന്നാണ് കോൺഗ്രസ് വക്താവ് അബ്ബാസ് ഹഫീസ് സംഭവത്തിന്‍റെ വീഡിയോ ട്വിറ്ററിൽ പങ്കുവച്ചുകൊണ്ട് കഴിഞ്ഞ ദിവസം കുറിച്ചത്. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെയും ടാഗ് ചെയ്‌ത അദ്ദേഹം ഇതാണോ നിങ്ങളുടെ ഗോത്ര സ്‌നേഹമെന്നും ഇതിനെ എന്ത് വിളിക്കണം 'ജംഗിൾ രാജ്' എന്നും ചോദിച്ചിരുന്നു. മറ്റൊരു ട്വീറ്റിൽ പ്രതി പ്രവേഷ് ശുക്ല ചില പ്രധാന ബിജെപി നേതാക്കൾക്കൊപ്പം ഇരിക്കുന്നതിന്‍റെ ഒന്നിലധികം ചിത്രങ്ങളും ഹഫീസ് പങ്കിട്ടു.
കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ കമൽനാഥും സംഭവത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. ഒരു പരിഷ്‌കൃത സമൂഹത്തിൽ ഇത്തരമൊരു ഹീനകൃത്യത്തിന് സ്ഥാനമില്ലെന്ന് പറഞ്ഞ അദ്ദേഹം ആദിവാസി അതിക്രമങ്ങളിൽ മധ്യപ്രദേശ് ഇതിനകം തന്നെ ഒന്നാം സ്ഥാനത്താണെന്നും കുറ്റപ്പെടുത്തി. ഈ സംഭവം മധ്യപ്രദേശിനെയാകെ നാണം കെടുത്തിയിരിക്കുകയാണെന്നും കുറ്റവാളികൾക്ക് കർശനമായ ശിക്ഷ നൽകണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ആദിവാസികൾക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്നും മുൻ മുഖ്യമന്ത്രി കമൽനാഥ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനോട് ആവശ്യപ്പെട്ടു.
ഡൽഹിയിൽ നിന്നുള്ള എഎപി എംഎൽഎ നരേഷ് ബല്യാനും വീഡിയോ ട്വിറ്ററിൽ പങ്കുവച്ചു. ഈ വ്യക്തി ബിജെപി എംഎൽഎയുടെ നേരിട്ടുള്ള പ്രതിനിധിയാണെന്നാണ് വിവരമെന്ന് നരേഷ് ബല്യാൻ ട്വീറ്റ് ചെയ്‌തു. പ്രതി മൂത്രമൊഴിക്കുന്നത് ആ പാവപ്പെട്ടവന്‍റെ മുഖത്തല്ല മറിച്ച് നിങ്ങളുടെ സിസ്റ്റത്തിലാണെന്നും മുഖ്യമന്ത്രിയെ ടാഗ് ചെയ്‌തുകൊണ്ട് അദ്ദേഹം കുറിച്ചു.
ഇതിനിടെ, കുറ്റവാളി തന്‍റെ പ്രതിനിധിയോ കൂട്ടാളിയോ അല്ലെന്ന് ബിജെപി എംഎൽഎ കേദാർനാഥ് ശുക്ല അവകാശപ്പെട്ടു. പ്രതിക്ക് ബി.ജെ.പിയുമായി ഒരു തരത്തിലുമുള്ള ബന്ധമില്ലെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നാണ് താൻ ആവശ്യപ്പെടുന്നതെന്നുമാണ് ശുക്ല പറഞ്ഞത്.