ഹൈദരാബാദ്/ബദൗൺ :തെരഞ്ഞെടുപ്പ് പടിവാതിലില്‍ നില്‍ക്കെകനത്ത പ്രഹരമേല്‍പ്പിച്ച് ഒരു മന്ത്രിയുള്‍പ്പടെ 4 എംഎല്‍എമാര്‍ ബിജെപി വിട്ട യുപിയില്‍ പാര്‍ട്ടിക്ക് നേരിയ ആശ്വാസം. കാബിനറ്റ് മന്ത്രിമാരായ നന്ദ് ഗോപാൽ നന്ദി, ആയുഷ് മന്ത്രി ധരം സിങ് സൈനി, ബദൗൺ എം.എൽ.എ ധർമേന്ദ്ര ശക്യ എന്നിവർ തങ്ങള്‍ പാർട്ടി വിടുമെന്ന വാര്‍ത്ത തള്ളി രംഗത്തെത്തി.
മന്ത്രിമാരായ നന്ദ് ഗോപാൽ നന്ദി, ധരം സിങ് സൈനി എന്നിവരുമായി ബിജെപി ഉന്നത നേതൃത്വം സംസാരിച്ചിരുന്നു. ഇതേതുടര്‍ന്നാണ് പ്രതികരണമെന്നാണ് സൂചന. അതേസമയം, രാജി പിൻവലിക്കാൻ ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയും യു.പി തിരഞ്ഞെടുപ്പ് ചുമതലയുള്ള ധർമേന്ദ്ര പ്രധാനും സ്വാമി പ്രസാദ് മൗര്യയെ ബന്ധപ്പെട്ടെങ്കിലും വിജയിച്ചിരുന്നില്ല.
മൗര്യ ജ്യേഷ്ഠനെപ്പോലെ - സൈനി
മൗര്യയുടെ രാജിയെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് ആയുഷ് മന്ത്രി ധരം സിങ് സൈനി പറഞ്ഞു. ഇതുസംബന്ധിച്ച് ഒരു വീഡിയോയും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. പ്രസാദ് മൗര്യ തന്‍റെ ജ്യേഷ്ഠനെപ്പോലെയാണെന്നും അങ്ങനെ തന്നെ തുടരുമെന്നും സൈനി വീഡിയോയില്‍ പറയുന്നു. "അദ്ദേഹം എന്തിനാണ് രാജിവച്ചത്? എനിക്ക് ഇതിനെക്കുറിച്ച് അറിയില്ല, ഇക്കാര്യത്തിൽ ഞാൻ അദ്ദേഹത്തോട് സംസാരിച്ചിട്ടില്ല" - സൈനി പറഞ്ഞു.
താന്‍ ബി.ജെ.പിയിൽ നിന്ന് രാജിവെച്ച് എസ്.പിയിൽ ചേരുമെന്ന തരത്തില്‍ അഭ്യൂഹമുണ്ടെന്നും, എന്നാല്‍ താൻ എക്കാലവും പാര്‍ട്ടിയില്‍ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
also read: ബിജെപിക്ക് കനത്ത പ്രഹരം; യോഗി മന്ത്രിസഭയിലെ ഒരു മന്ത്രി ഉള്‍പ്പെടെ നാല് പേര്‍ പാര്‍ട്ടി വിട്ടു
ഇടിവി ഭാരതുമായി സംസാരിക്കുന്നതിനിടെ, പ്രസാദ് മൗര്യയുടെ രാജിയില്‍ കൂടുതല്‍ പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. ഇരുവരും ബി.എസ്.പിയുടെ ഭാഗമായിരുന്നപ്പോൾ മൗര്യയ്‌ക്കൊപ്പം താൻ പ്രവർത്തിച്ചിട്ടുണ്ടെന്നും, എന്ത് തീരുമാനമെടുത്താലും അദ്ദേഹത്തോടുള്ള ബഹുമാനം എന്നും നിലനിൽക്കുമെന്നും സൈനി വ്യക്തമാക്കുകയും ചെയ്‌തു.
അതേസമയം മൗര്യയുടേത് പക്വതയില്ലാത്ത തീരുമാനമാണെന്നാണ് മന്ത്രി നന്ദ് ഗോപാല്‍ പ്രതികരിച്ചത്. താൻ ബിജെപിയുടെ സൈനികനാണെന്നും അങ്ങനെ തുടരുമെന്നും ബദൗൺ എംഎൽഎ ധർമേന്ദ്ര ശാക്യയും വ്യക്തമാക്കി.
സ്വാമി പ്രസാദ് മൗര്യ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചതിന് പിന്നാലെ മന്ത്രി ദാരാ സിങ് ചൗഹാൻ, തിൽഹാർ എം.എൽ.എ റോഷൻ ലാൽ, നന്ദ് ഗോപാൽ ഗുപ്ത, മമതേഷ് ശക്യ പട്യാലി (കാസ്ഗഞ്ച്), വിനയ് ശക്യ വിധുന (ഔറയ്യ), നീരജ് മൗര്യ, ധർമേന്ദ്ര ശക്യ തുടങ്ങി പത്തിലധിം ബി.ജെ.പി എം.എൽ.എമാര്‍ പാര്‍ട്ടിവിടുമെന്ന തരത്തില്‍ ഊഹാപോഹങ്ങൾ പ്രചരിച്ചത് നേതൃത്വത്തെ ആശങ്കയിലാക്കിയിരുന്നു.