ന്യൂഡൽഹി: മഹാ രാഷ്‌ട്രീയ നാടകങ്ങൾക്കൊടുവിൽ മഹാരാഷ്‌ട്രയും കൈപിടിയില്‍ ആയതോടെ രാജ്യത്തിന്‍റെ വടക്ക് പടിഞ്ഞാറൻ മേഖലയിൽ സ്വാധീനം ശക്തമാക്കിയിരിക്കുകയാണ് ഭാരതീയ ജനത പാർട്ടി. ഇനി ദക്ഷിണ മേഖല, പ്രത്യേകിച്ച് തെലങ്കാന പിടിക്കുക എന്ന ലക്ഷ്യത്തിന് വേണ്ടി കളമൊരുക്കുകയാണ് ബിജെപി. അതിനായി ശനിയാഴ്‌ച മുതൽ രണ്ട് ദിവസത്തേക്ക് നടക്കാനിരിക്കുന്ന ബിജെപിയുടെ ദേശീയ നിർവാഹക സമിതിക്ക് ഹൈദരാബാദിൽ തുടക്കമാവും.
അഞ്ച് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം രാജ്യ തലസ്ഥാനത്തിന് പുറത്ത് നടക്കുന്ന ബിജെപി നിർവാഹക സമിതിയുടെ ആദ്യ ഓഫ് ലൈൻ യോഗമാണിത്. 2014ൽ രാജ്യത്ത് ബിജെപി അധികാരത്തില്‍ എത്തിയ ശേഷം ഒരു ദക്ഷിണേന്ത്യൻ സംസ്ഥാനത്ത് നടക്കുന്ന മൂന്നാമത്തെ യോഗവും. 18 വർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ബിജെപി ദേശീയ നിർവാഹക സമിതി യോഗം ഹൈദരാബാദിൽ നടക്കുന്നത്.
തെലങ്കാന ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പാർട്ടിയുടെ സ്വാധീനം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ജൂലൈ മൂന്നിന് ഹൈദരാബാദിൽ റാലി നടക്കും. പ്രാദേശിക സംസ്‌കാരവും പാരമ്പര്യവുമാണ് റാലിയുടെ പ്രമേയം.
തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന്‍റെ നേതൃത്വത്തിലുള്ള ഭരണകക്ഷിയായ ടിആർഎസ് ദേശീയ തലത്തിൽ ബിജെപിക്ക് എതിരെ സഖ്യമുണ്ടാക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതിനിടെയാണ് ബിജെപി ദേശീയ നിർവാഹക സമിതി യോഗം ഹൈദരാബാദിൽ നടക്കുന്നത്. യോഗത്തിന് മുന്നോടിയായി ബിജെപി നേതാക്കൾ സംസ്ഥാനത്തെ 119 മണ്ഡലത്തിലെയും പാർട്ടി പ്രവർത്തകരുമായി ആശയവിനിമയം നടത്തി.
ഹുസുറാബാദ്, ദുബ്ബാക്ക നിയോജക മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളിലും, 2020ൽ ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷനിൽ നടന്ന തെരഞ്ഞെടുപ്പുകളിലും ഉൾപ്പെടെ അടുത്തിടെ നടന്ന തെരഞ്ഞെടുപ്പുകളിൽ മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കാൻ ബിജെപിക്ക് സാധിച്ചിരുന്നു. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ നാല് സീറ്റുകളാണ് ബിജെപിക്ക് പിടിച്ചെടുക്കാൻ സാധിച്ചത്.
ശനിയാഴ്‌ച ഉച്ചയ്‌ക്ക് ബിജെപി അധ്യക്ഷൻ ജെപി നദ്ദയുടെ പ്രസംഗത്തോടെ ആരംഭിക്കുന്ന നിർവാഹക സമിതി യോഗം ജൂലൈ മൂന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന റാലിയോടെ സമാപിക്കും. അടുത്തവർഷം നടക്കാനിരിക്കുന്ന തെലങ്കാന തെരഞ്ഞെടുപ്പിനും, 2024ലെ പൊതുതെരഞ്ഞെടുപ്പിനും പാർട്ടിയെ ഒരുക്കുകയാണ് ദേശീയ നിർവാഹക സമിതിയുടെ പ്രധാന അജണ്ട. മിഷൻ തെലങ്കാനയെ പോലെ കേരളം അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനുള്ള തന്ത്രങ്ങൾക്കും സമിതി രൂപം നൽകും.