ഹൈദരാബാദ് : തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പിന്‍റെ (Telangana Assembly Polls) ഭാഗമായി ബിജെപിയുടെ സ്ഥാനാർഥി പട്ടിക തയ്യാറാക്കൽ അവസാന ഘട്ടത്തിൽ. 65 സ്ഥാനാർഥികളുൾപ്പെട്ട ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക (BJP's Telangana First Candidates List) ഇന്ന് പ്രഖ്യാപിച്ചേക്കും. ഇന്നലെ (19.10.2023) പാർട്ടി സംസ്ഥാന തെരഞ്ഞെടുപ്പ് ചുമതലയുള്ള പ്രകാശ് ജാവദേക്കറുടെ വസതിയിൽ സംസ്ഥാന കോർ കമ്മിറ്റി അംഗങ്ങൾ യോഗം ചേർന്നിരുന്നു. നിരവധി ഘട്ടങ്ങളിലായി നടന്ന ചർച്ചയിൽ സ്ഥാനാർഥി പട്ടിക ഉൾപ്പടെയുള്ള കാര്യങ്ങൾ തീരുമാനമാക്കിയതായാണ് സൂചന.
പാർട്ടി സംസ്ഥാന ഭാരവാഹികളായ തരുൺ ചുഗ്, സുനിൽ ബൻസാൽ, സംസ്ഥാന പ്രസിഡന്‍റ് കിഷൻ റെഡ്ഡി, പാർലമെന്‍ററി ബോർഡ് അംഗം കെ.ലക്ഷ്‌മൺ, ദേശീയ വൈസ് പ്രസിഡന്‍റ് ഡി.കെ.അരുണ, ജനറൽ സെക്രട്ടറി ബന്ദി സഞ്‌ജയ്, സംസ്ഥാന തെരഞ്ഞെടുപ്പ് മാനേജ്‌മെന്‍റ് കമ്മിറ്റി ചെയർമാൻ എടല രാജേന്ദർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തിരുന്നു. മുഖ്യനേതാക്കൾ മത്സരിക്കുന്ന മണ്ഡലങ്ങൾ, ഏറ്റവുമധികം വോട്ട് പ്രതീക്ഷിക്കുന്ന സീറ്റുകൾ, സാമൂഹിക ഗ്രൂപ്പുകളുടെ അടിസ്ഥാനത്തിൽ സീറ്റ് വിഭജനം എന്നിവ ചർച്ച വിഷയങ്ങളായിരുന്നു. പിന്നീട് ദേശീയ അധ്യക്ഷൻ ജെ പി നദ്ദയുമായും (JP Nadda ) കോർ കമ്മിറ്റി അംഗങ്ങൾ പലതവണ കൂടിക്കാഴ്‌ച നടത്തുകയുണ്ടായി.