ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന സർക്കാരിന്‍റെ പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ച് ബിജെപി. നേതാക്കളില്‍ നിന്ന് നിര്‍ദേശങ്ങള്‍ തേടാനാണ് തീരുമാനം. തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിന്‍റെയും കൊവിഡ് കൈകാര്യം ചെയ്യുന്നതിനെച്ചൊല്ലി ചില കോണുകളില്‍ നിന്നുയരുന്ന മുറുമുറുപ്പിന്‍റെയും പശ്ചാത്തലത്തിലാണ് തീരുമാനം.
നീക്കം തെരഞ്ഞെടുപ്പില്‍ തിരിച്ചടി ഒഴിവാക്കാന്‍
കൊവിഡ് സാഹചര്യം കൈകാര്യം ചെയ്തതിലെ പാളിച്ച, അടുത്തിടെ നടന്ന തദ്ദേശ തെരഞ്ഞെടുപ്പ് ഫലങ്ങൾ, സർക്കാരും പാർട്ടിയും തമ്മിലുള്ള ഏകോപനം തുടങ്ങിയ വിഷയങ്ങളിലാണ് നിര്‍ദേശങ്ങള്‍ തേടുന്നത്. സംസ്ഥാന നേതാക്കളിൽ നിന്നും യോഗി ആദിത്യനാഥ് സർക്കാരിലെ മന്ത്രിമാരിൽ നിന്നും ലഭിക്കുന്ന പ്രതികരണങ്ങളുടെ അടിസ്ഥാനത്തിൽ പുതിയ തന്ത്രങ്ങള്‍ രൂപപ്പെടുത്തി സംസ്ഥാന സർക്കാരിന്‍റെ പ്രതിച്ഛായ മെച്ചപ്പെടുത്താമെന്നും നിലവിലെ പ്രശ്‌നങ്ങൾങ്ങള്‍ക്ക് പരിഹാരം കാണാമെന്നുമാണ് ബിജെപിയുടെ കണക്കുകൂട്ടല്‍.