ഗാന്ധിനഗർ: ഗുജറാത്തിൽ തെരഞ്ഞെടുപ്പ് നടന്ന ആറ് മുനിസിപ്പൽ കോർപ്പറേഷനുകളിലും വൻ ഭൂരിപക്ഷത്തിൽ അധികാരം നിലനിർത്തി ബിജെപി. അഹമ്മദാബാദ്, ഭാവനഗർ, ജംനഗർ, രാജ്കോട്ട്, സൂറത്ത്, വഡോദര എന്നീ മുനിസിപ്പൽ കോർപറേഷനുകളിലായി 576 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. മുഴുവൻ സീറ്റുകളുടെയും ഫലം പുറത്തു വന്നപ്പോൾ 483 സീറ്റുകൾ ബിജെപി നേടി. 55 എണ്ണത്തിലാണ് കോൺഗ്രസ് വിജയിച്ചത്. ആം ആദ്മി പാർട്ടി 27 സീറ്റിലും എഐഎംഐഎം ഏഴ് സീറ്റുകളിലും മറ്റുളളവർ നാല് സീറ്റുകളിലും വിജയിച്ചു.
ഫെബ്രുവരി 21 നാണ് അഹമ്മദാബാദിലും മറ്റ് അഞ്ച് സിവിൽ കോർപ്പറേഷനുകളിലും തെരഞ്ഞെടുപ്പ് നടന്നത്. ചൊവ്വാഴ്ച രാവിലെയാണ് വോട്ടെണ്ണൽ ആരംഭിച്ചത്. അഹമ്മദാബാദിൽ 192, രാജ്കോട്ടിൽ 72, ജാംനഗറിൽ 64, ഭാവ് നഗറിൽ 52, വഡോദരയിൽ 76, സൂറത്തിൽ 120 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 192 സീറ്റുകളുള്ള അഹമ്മദാബാദ് കോർപറേഷനിൽ ബി.ജെ.പി 159 സീറ്റുകളിലും കോൺഗ്രസ് 25 സീറ്റുകളിലും എഐഎംഐഎം ഏഴ് സീറ്റുകളിലും വിജയിച്ചു. സൂറത്തിൽ കോൺഗ്രസിനെ പിന്തള്ളി എഎപി രാണ്ടാം സ്ഥാനത്ത് എത്തി. 120 സീറ്റുകളുള്ള സൂറത്ത് കോർപറേഷനിൽ 93 സീറ്റുകൾ ബിജെപിയും 27 സീറ്റുകൾ ആം ആദ്മി പാർട്ടിയും നേടി. 64 സീറ്റുകളുളള ജംനഗർ മുനിസിപ്പൽ കോർപറേഷനിൽ 50 സീറ്റുകളിൽ ബിജെപിയും 11 സീറ്റുകളിൽ കോൺഗ്രസും 3 സീറ്റുകളിൽ മറ്റുളളവരും വിജയിച്ചു. 72 സീറ്റുകളുളള രാജ്കോട്ടിൽ 68 സീറ്റുകളിൽ ബിജെപിയും 4 സീറ്റുകളിൽ കോൺഗ്രസും വിജയിച്ചു. 76 സീറ്റുകൾ ഉളള വഡോദരയിൽ ബിജെപി 69 സീറ്റുകളിലും കോൺഗ്രസ് 7 സീറ്റുകളിലും വിജയിച്ചു. 52 സീറ്റുളള ഭാവനഗറിൽ ബിജെപി 44 സീറ്റിലും കോൺഗ്രസ് എട്ട് സീറ്റിലും വിജയിച്ചു.