ഹൈദരാബാദ്: ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ലൗ ജിഹാദ് സംബന്ധിച്ച നിയമ നിര്‍മാണങ്ങളിലൂടെ ഭരണഘടനയെ പരിഹസിക്കുകയാണെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഒവൈസി. ഉത്തര്‍പ്രദേശിന് പിന്നാലെ കഴിഞ്ഞ ദിവസം മധ്യപ്രദേശിലും ലൗ ജിഹാദിനെതിരെ ഓര്‍ഡിനൻസ് പാസാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഒവൈസിയുടെ പരാമര്‍ശം.
"ലവ്-ജിഹാദ് എന്നതിനെ ഭരണഘടനയിൽ എവിടെയും നിർവചിച്ചിട്ടില്ല. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ ലൗ ജിഹാദ് നിയമങ്ങളിലൂടെ ഭരണഘടനയെ പരിഹസിക്കുകയാണ്. ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിയമങ്ങൾ നിർമ്മിക്കാൻ ബിജെപി ആഗ്രഹിക്കുന്നുവെങ്കിൽ കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് താങ്ങുവില ഉറപ്പാക്കുന്ന നിയമങ്ങളാണ് നിര്‍മിക്കേണ്ടത്. കൃഷിക്കാര്‍ക്ക് തൊഴില്‍ നല്‍കുകയും അവരുടെ ഉല്‍പ്പന്നങ്ങള്‍ സംഭരിക്കുന്നതിന് വേണ്ട സൗകര്യങ്ങള്‍ ഒരുക്കി നല്‍കുകയും ചെയ്യണം" - അസദുദ്ദീൻ ഒവൈസി പറഞ്ഞു.
ഇത്തരം നിയമങ്ങൾ നിർമ്മിക്കുന്നതിലൂടെ ഭരണഘടന ജനങ്ങള്‍ക്ക് നല്‍കിയ മൗലികാവകാശങ്ങൾ ബിജെപി ലംഘിക്കുകയാണെന്നും, പൗരന്മാരുടെ സ്വകാര്യ ജീവിതത്തിൽ ഇടപെടാൻ സർക്കാരിന് അവകാശമില്ലെന്നും ഒവൈസി ആഭിപ്രായപ്പെട്ടു.
"ഭരണഘടനയിലെ 21, 14, 25 അനുച്ഛേദങ്ങള്‍ പ്രകാരം ഒരു പൗരന്‍റെയും വ്യക്തിജീവിതത്തിൽ സർക്കാരിന് യാതൊരു പങ്കുമില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കോടതികളും അത് അംഗീകരിച്ചതാണ്. മൗലികാവകാശങ്ങൾ ലംഘിക്കപ്പെടുന്ന തരത്തിലാണ് ബിജെപിയുടെ ഇടപെടലുകള്‍" - ഒവൈസി പറഞ്ഞു.
കഴിഞ്ഞ ദിവസം മധ്യപ്രദേശ് സര്‍ക്കാര്‍ പാസാക്കിയ മത സ്വതന്ത്ര്യ ഓര്‍ഡിനൻസ് - 2020 പ്രകാരം നിർബന്ധിതമായോ, കബളിപ്പിച്ചോ ലൗ ജിഹാദ് മുഖാന്തരമോ മത പരിവര്‍ത്തനം നടത്തുന്നത് കുറ്റകൃത്യമാണ്. നിയമലംഘകര്‍ക്ക് 10 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ഏർപ്പെടുത്തിയിട്ടുണ്ട്. മധ്യപ്രദേശിന് കൂടാതെ ബിജെപി ഭരിക്കുന്ന മറ്റു പല സംസ്ഥാനങ്ങളും ഇത്തരം നിയമങ്ങൾക്ക് അംഗീകാരം നൽകിയിട്ടുണ്ട്.