പട്‌ന: ബിഹാറിലെ പട്‌നയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ സമ്മേളനം നടക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിനെതിരെ ബിജെപിയുടെ പോസ്‌റ്റര്‍. പട്‌നയിലെ ബിജെപി ഓഫിസിന് മുന്നിലാണ് രാഹുല്‍ ഗാന്ധിയുടെ ചിത്രം ഉള്‍പ്പെടുത്തിയ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. പ്രതിപക്ഷ ഐക്യത്തിനായി ഏതെങ്കിലും പ്രതിപക്ഷ പാര്‍ട്ടിക്ക് വിട്ടുവീഴ്‌ച ചെയ്യേണ്ടി വന്നാല്‍ അത് കോണ്‍ഗ്രസിനായിരിക്കും എന്നാണ് പോസ്റ്ററില്‍ പറയുന്നത്.
വിവിധ സംസ്ഥാനങ്ങളിലെ ലോക്‌സഭ സീറ്റുകള്‍ മറ്റ് പാര്‍ട്ടികള്‍ക്ക് വിട്ടുനല്‍കാന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതരാകുമെന്നും ബിജെപി പോസ്റ്ററില്‍ എഴുതിയിട്ടുണ്ട്. ഇതിന് അടിവരയിടാൻ ദേവദാസ് എന്ന ചിത്രത്തിലെ പ്രസിദ്ധമായ ഡയലോഗ് എഡിറ്റ് ചെയ്‌ത് കാണിച്ചിരിക്കുകയാണ് ബിജെപി.
'ബംഗാൾ വിടൂ എന്ന് മമത ദീദി പറഞ്ഞു, ഡൽഹിയും പഞ്ചാബും വിടൂ എന്ന് കെജ്‌രിവാൾ പറഞ്ഞു, ബിഹാർ വിടൂ എന്ന് ലാലുവും നിതീഷും പറഞ്ഞു, ഉത്തർപ്രദേശ് വിടൂ എന്ന് അഖിലേഷും തമിഴ്‌നാട് വിടൂ എന്ന് സ്റ്റാലിനും പറഞ്ഞു... കോൺഗ്രസുകാർ (രാഹുൽ) രാഷ്‌ട്രീയം വിടണം എന്ന് എല്ലാവരും ഒരുമിച്ച് പറയുന്ന ആ ദിവസം വിദൂരമല്ല' -പോസ്‌റ്ററില്‍ കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്.
കോൺഗ്രസില്ലാത്ത പ്രതിപക്ഷ സഖ്യത്തിന്‍റെ രൂപം സങ്കൽപ്പിക്കാൻ പ്രയാസമാണെന്നാണ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാർ പറയുന്നത്. എന്നാൽ കക്ഷികൾ തമ്മിലുള്ള പോരാട്ടം പോലെ, 2024 ലോക്‌സഭ തെരഞ്ഞെടുപ്പിലൂടെ നിലവിലെ പ്രതിസന്ധി അവസാനിപ്പിക്കുന്നതിന് സസൂക്ഷ്‌മം തന്നെ പോരാടേണ്ടതുണ്ട്. എന്നാൽ കോൺഗ്രസിന് അത് പറയുന്നത് പോലെ അത്ര എളുപ്പമല്ലെന്ന് വിശദീകരിക്കാനാണ് ബിജെപി ശ്രമിക്കുന്നത്.
ഒരു സീറ്റിനെച്ചൊല്ലി തർക്കമുണ്ടായാൽ പോലും ഏത് പ്രാദേശിക പാർട്ടിയും സഖ്യം തകർക്കുമെന്ന് ബിജെപി നേതാക്കൾ പറഞ്ഞു. ഇവിടെ, പ്രാദേശിക പാർട്ടികളുമായി വിട്ടുവീഴ്‌ച ചെയ്യുന്നതിനായി വിവിധ സംസ്ഥാനങ്ങളിലെ പല സീറ്റുകളിലും കോൺഗ്രസിന്‍റെ രാഷ്‌ട്രീയ-തെരഞ്ഞെടുപ്പ് താത്‌പര്യങ്ങൾ കീഴടങ്ങേണ്ടത് ആവശ്യമാണ്. ഇതാണ് പട്‌നയില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററിലൂടെ ബിജെപി അറിയിക്കാൻ ആഗ്രഹിക്കുന്നത്.
2024 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരായ ഐക്യമുന്നണിയെന്ന ലക്ഷ്യത്തിനായാണ് രാജ്യത്തെ വിവിധ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കാന്‍ ഉറച്ചത്. കേന്ദ്ര അധികാരത്തില്‍ നിന്ന് ബിജെപിയെ താഴെ ഇറക്കുക എന്നതാണ് പ്രതിപക്ഷ സഖ്യം മുന്നില്‍ കാണുന്ന ലക്ഷ്യം. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ തറപറ്റിക്കാന്‍ ആവശ്യമായ തന്ത്രങ്ങള്‍ മെനയുന്നതിന്‍റെ ഭാഗമായാണ് ഇന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ വസതിയില്‍ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ ഒത്തുകൂടിയത്.
തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനർജി, ആംആദ്‌മി പാര്‍ട്ടി നേതാക്കളായ അരവിന്ദ് കെജ്‌രിവാൾ, ഭഗവന്ത് മാൻ, ഡിഎംകെ നേതാവ് എംകെ സ്റ്റാലിൻ, പിഡിപി നേതാവ് മെഹബൂബ മുഫ്‌തി തുടങ്ങിയ നേതാക്കൾ യോഗത്തിനായി നേരത്തെ തന്നെ പട്‌നയിൽ എത്തിയിരുന്നു. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും ഇന്ന് രാവിലെ പട്‌നയില്‍ എത്തി.
ജാർഖണ്ഡ് മുക്തി മോര്‍ച്ച നേതാവ് ഹേമന്ത് സോറൻ, എൻസിപി അധ്യക്ഷൻ ശരദ് പവാർ, ശിവസേന നേതാവ് ഉദ്ധവ് താക്കറെ എന്നിവരും യോഗത്തിൽ പങ്കെടുക്കാന്‍ എത്തിയിരുന്നു. അതേസമയം ബഹുജൻ സമാജ് പാർട്ടി (ബിഎസ്‌പി) നേതാവ് മായാവതി യോഗത്തില്‍ പങ്കെടുക്കില്ല. പ്രതിപക്ഷ ഐക്യമുന്നണിയില്‍ ചേരാന്‍ താത്‌പര്യം പ്രകടിപ്പിക്കാത്തതിനെ തുടര്‍ന്ന് മായാവതിയെ ക്ഷണിച്ചില്ല എന്നാണ് നിതീഷ് കുമാര്‍ പറഞ്ഞത്.