കേരളം

kerala

ETV Bharat / bharat

ഹിന്ദി ഹൃദയം കീഴടക്കി താമര, മോദി തരംഗമെന്ന് ബിജെപി...ഇനി ലോക്‌സഭയിലേക്ക്...ബ്ലോക്കായി ഇന്ത്യ മുന്നണി - ഛത്തീസ്‌ഗഡ് തെരഞ്ഞെടുപ്പ് വിജയം 2023

പിന്നാക്ക, ഗോത്ര മേഖലകൾ കോൺഗ്രസിനെ കൈവിട്ടതും ബിജെപിക്ക് ബദലായി ഉയർത്തിക്കൊണ്ടുവന്ന 'ഇന്ത്യ ബ്ലോക്ക്' എന്ന പുതിയ കൂട്ടുകെട്ട് ഫലപ്രദമാകാതെ പോയതും കോൺഗ്രസിന് ഹിന്ദി ഹൃദയ ഭൂമിയിലെ വമ്പൻ തിരിച്ചടിക്ക് കാരണമായി. കൃത്യമായ സംഘടന സംവിധാനത്തോടെയും കേന്ദ്ര സർക്കാർ പദ്ധതികളുടെ പ്രചാരണത്തിലൂടെയും മോദി തരംഗം നിലനിർത്താൻ ബിജെപിക്ക് കഴിഞ്ഞു

bjp-political-strategy-won-assembly-elections-2023
bjp-political-strategy-won-assembly-elections-2023

By ETV Bharat Kerala Team

Published : Dec 3, 2023, 2:01 PM IST

ഹൈദരാബാദ്:രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്‌ഗഡ്, തെലങ്കാന, മിസോറാം എന്നി സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ തന്നെ പ്രമുഖ രാഷ്ട്രീയ പാർട്ടികൾ 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു. കാരണം 2024 ലോക്‌സഭ തെരഞ്ഞെടുപ്പിന് മുൻപുള്ള അവസാന നിയമസഭ തെരഞ്ഞെടുപ്പാണിത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ കോൺഗ്രസിന്‍റെ കൈവശമുണ്ടായിരുന്ന ഛത്തീസ്‌ഗഡും രാജസ്ഥാനും ബിജെപി തിരിച്ചുപിടിച്ചു. അത് മാത്രവുമല്ല, മധ്യപ്രദേശില്‍ മികച്ച ഭൂരിപക്ഷത്തോടെ അധികാരം നിലനിർത്താനുമായി.

പിന്നാക്ക, ഗോത്ര മേഖലകൾ കോൺഗ്രസിനെ കൈവിട്ടതും ബിജെപിക്ക് ബദലായി ഉയർത്തിക്കൊണ്ടുവന്ന 'ഇന്ത്യ ബ്ലോക്ക്' എന്ന പുതിയ കൂട്ടുകെട്ട് ഫലപ്രദമാകാതെ പോയതും കോൺഗ്രസിന് ഹിന്ദി ഹൃദയ ഭൂമിയിലെ വമ്പൻ തിരിച്ചടിക്ക് കാരണമായി. കൃത്യമായ സംഘടന സംവിധാനത്തോടെയും കേന്ദ്ര സർക്കാർ പദ്ധതികളുടെ പ്രചാരണത്തിലൂടെയും മോദി തരംഗം നിലനിർത്താൻ ബിജെപിക്ക് കഴിഞ്ഞു. രാജസ്ഥാനില്‍ കോൺഗ്രസിലെ തമ്മിലടിയും ഭരണവിരുദ്ധവികാരവും കൃത്യമായി ജനങ്ങളിലെത്തിക്കാൻ ബിജെപിക്ക് കഴിഞ്ഞു. ഛത്തീസ്‌ഗഡില്‍ ഭൂപേഷ് ബാഗേലിന്‍റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ നടപ്പാക്കിയ പദ്ധതികളെ മറികടക്കുന്ന തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോ ജനങ്ങളിലെത്തിക്കാൻ ബിജെപിക്ക് കഴിഞ്ഞു. സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് വിജയം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിജയമെന്നാണ് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാൻ അടക്കമുള്ളവർ പറഞ്ഞത്.

തെലങ്കാനയില്‍ ശക്തമായ ഭരണവിരുദ്ധ വികാരം കെ ചന്ദ്രശേഖര റാവുവിനും ബിആർഎസിനും തിരിച്ചടിയായപ്പോൾ ബിജെപിയേയും എംഐഎമ്മിനെയും മറികടന്ന് അത് വോട്ടാക്കി മാറ്റാൻ കോൺഗ്രസിന് കഴിഞ്ഞു. ഇത്തവണ കോൺഗ്രസ് സർക്കാർ അധികാരത്തില്‍ വരുമെന്ന പ്രതീതി നേരത്തെ തന്നെ സൃഷ്‌ടിക്കാനും കൃത്യമായ സംഘടന സംവിധാനത്തോടെ അടിത്തട്ടുമുതലുള്ള പ്രവർത്തനം ശക്തമാക്കിയാണ് കോൺഗ്രസ് ജനങ്ങളിലേക്കിറങ്ങിയത്. പരസ്യമായ വിഴുപ്പലക്കലും തമ്മിലടിയും ഇല്ലാതെ തെരഞ്ഞെടുപ്പിനെ നേരിട്ട തെലങ്കാനയില്‍ കോൺഗ്രസിന് അത് ഗുണകരമാകുകയും ചെയ്‌തു. ഹിന്ദി ബെല്‍റ്റില്‍ കോൺഗ്രസിന് സംഭവിച്ച പാളിച്ച തെലങ്കാനയില്‍ സംഭവിച്ചില്ലെന്നതാണ് യാഥാർഥ്യം.

ഈ കണക്കുകൾ കാര്യം പറയും: 2018ല്‍ രാജസ്ഥാന്‍ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 100 സീറ്റുകൾ നേടിയപ്പോൾ ബിജെപി 73 സീറ്റിലൊതുങ്ങുകയായിരുന്നു. എന്നാല്‍ 2019ല്‍ ലോക്സഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി 24 സീറ്റുകൾ നേടി ലോക്‌സഭയിലെ മേധാവിത്വം നിലനിർത്തി. കോൺഗ്രസ് പൂജ്യത്തിലൊതുങ്ങി.

മധ്യപ്രദേശിലും സമാന സ്ഥിതിയായിരുന്നു. 2018 നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി 109 സീറ്റുകളും കോണ്‍ഗ്രസ് 114 സീറ്റുകളുമാണ് നേടിയത്. എന്നാല്‍ 2019ല്‍ ലോക്‌സഭയിലേക്ക് ബിജെപി 28 സീറ്റുകൾ നേടിയപ്പോൾ കോൺഗ്രസ് ഒരു സീറ്റിലൊതുങ്ങി.

ഛത്തിസ് ഗഡില്‍ 2018 നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 68 സീറ്റ് നേടി അധികാരത്തിലെത്തിയപ്പോൾ ബിജെപി 15 സീറ്റിലൊതുങ്ങിയിരുന്നു. പക്ഷേ 2019ല്‍ ലോക് സഭയിലേക്ക് 11 എംപിമാരെയാണ് ബിജെപിക്ക് ലഭിച്ചത്. കോൺഗ്രസിന് ജയിപ്പിക്കാനായത് രണ്ട് പേരെ മാത്രം. തെലങ്കാനയില്‍ ടിആർഎസ് അധികാരത്തിലെത്തിയെങ്കിലും ഒൻപത് എംപിമാരെ മാത്രമാണ് ജയിപ്പിക്കാനായത്. ബിജെപിക്ക് നാല് എംപിമാരെയും കോൺഗ്രസിന് മൂന്ന് എംപിമാരെയുമാണ് തെലങ്കാനയില്‍ നിന്ന് ലഭിച്ചത്.

also read: രണ്ട് പ്രത്യേക വിമാനങ്ങൾ, നാല് ഹെലികോപ്റ്ററുകൾ, താജ് കൃഷ്‌ണ ഹോട്ടല്‍... തെലങ്കാനയില്‍ കോൺഗ്രസ് അധികാരത്തിലേക്ക്

ABOUT THE AUTHOR

...view details