ന്യൂഡല്‍ഹി:ബിജെപി പാര്‍ലമെന്‍ററി ബോര്‍ഡില്‍ നിന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്‌കരിയേയും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാനേയും ഒഴിവാക്കി. കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ ഉള്‍പ്പെടെ പാര്‍ലമെന്‍ററി ബോര്‍ഡില്‍ ആറ് പുതുമുഖങ്ങളാണുള്ളത്. അസം മുന്‍ മുഖ്യമന്ത്രിയും കേന്ദ്ര മന്ത്രിയുമായ സര്‍ബാനന്ദ് സോനേവാള്‍, ഒബിസി മോർച്ച ദേശീയ അധ്യക്ഷന്‍ കെ ലക്ഷ്‌മണ്‍, ബിജെപി ദേശീയ സെക്രട്ടറി സുധ യാദവ്, മുന്‍ എംപി സത്യനാരായണ്‍ ജാട്ടിയ, ഇഖ്‌ബാല്‍ സിങ് ലാല്‍പുര എന്നിവരാണ് പാര്‍ലമെന്‍ററി ബോര്‍ഡില്‍ ആദ്യമായി ഇടം നേടിയ മറ്റ് നേതാക്കള്‍.
പാര്‍ലമെന്‍ററി ബോര്‍ഡില്‍ സാമൂഹിക, പ്രാദേശിക തലത്തിലുള്ള പ്രാതിനിധ്യം ഉറപ്പ് വരുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ നീക്കം. പാര്‍ലമെന്‍ററി ബോര്‍ഡില്‍ നിന്ന് പുറത്തായതോടെ ഗഡ്‌കരിയുടേയും ചൗഹാന്‍റേയും കേന്ദ്ര കമ്മിറ്റി അംഗത്വവും റദ്ദായി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയും ബിജെപി പുനഃക്രമീകരിച്ചിട്ടുണ്ട്. പാർലമെന്‍ററി ബോർഡില്‍ അംഗങ്ങളാകുന്നവര്‍ സ്വയമേ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ഭാഗമാകും. പുനഃസംഘടനയോടെ പാര്‍ലമെന്‍ററി ബോര്‍ഡില്‍ പതിനൊന്ന് അംഗങ്ങളായി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ 15 അംഗങ്ങളാണുള്ളത്.
ന്യൂനപക്ഷ വിഭാഗത്തില്‍ നിന്ന് പ്രാതിനിധ്യം:സിഖ് മതവിഭാഗത്തില്‍പ്പെട്ട ഇഖ്‌ബാല്‍ സിങ് ലാല്‍പുര ന്യൂനപക്ഷ വിഭാഗത്തില്‍ നിന്ന് ബിജെപി പാര്‍ലമെന്‍ററി ബോര്‍ഡിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ വ്യക്തിയാണ്. നിലവില്‍ ദേശീയ ന്യൂനപക്ഷ കമ്മിഷന്‍റെ ചെയര്‍മാനാണ് പഞ്ചാബില്‍ നിന്നുള്ള ഇഖ്‌ബാല്‍ സിങ് ലാല്‍പുര. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ എന്നിവരും പാര്‍ട്ടിയിലെ സുപ്രധാന തീരുമാനങ്ങളെടുക്കുന്ന പാര്‍ലമെന്‍ററി ബോര്‍ഡിലെ അംഗങ്ങളാണ്.