ന്യൂഡല്‍ഹി: ആംആദ്‌മി എംഎല്‍എമാര്‍ കൂറുമാറിയാല്‍ 40 എംഎല്‍എമാര്‍ക്ക് 800 കോടി വീതം നല്‍കാമെന്ന ബിജെപിയുടെ വാഗ്‌ദാനത്തെ ചോദ്യം ചെയ്‌ത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. തങ്ങളുടെ അംഗങ്ങളെ കൂറുമാറാന്‍ ബിജെപി പ്രേരിപ്പിക്കുന്നു എന്നാരോപിച്ച് അരവിന്ദ് കെജ്‌രിവാള്‍ ഇന്ന് (25.08.2022) രാവിലെ 11 മണിക്ക് തന്‍റെ വസതിയില്‍ യോഗം വിളിച്ചു ചേര്‍ത്തിരുന്നു. എംഎല്‍എമാര്‍ക്കൊപ്പം യോഗത്തിന് ശേഷം തങ്ങളുടെ പാര്‍ട്ടി അംഗങ്ങളെ ആകര്‍ഷിക്കുന്ന ബിജെപിയുടെ 'ഓപ്പറേഷന്‍ ലോട്ടസ്' പദ്ധതി തികഞ്ഞ പരാജയമായിരിക്കണമെന്ന് രാജ്‌ഘട്ടിലെത്തി പ്രാര്‍ഥന നടത്തി.
പാര്‍ട്ടിയിലെ രണ്ടാമന്‍ മനീഷ് സിസോദിയയുടെ വസതിയില്‍ കിടക്കയും ഭിത്തിയുമുള്‍പ്പെടെ ഒരു തുമ്പുപോലും വിടാതെ സിബിഐ പരിശോധന നടത്തിയിട്ടും യാതൊന്നും കണ്ടെത്താനായില്ല. അടുത്ത ദിവസം തന്നെ ബിജെപിയിലേക്ക് പക്ഷം ചേര്‍ന്നാല്‍ മുഖ്യമന്ത്രി സ്ഥാനം നല്‍കാമെന്ന് പറഞ്ഞ് ഏതാനും ബിജെപി അംഗങ്ങള്‍ അദ്ദേഹത്തെ സമീപിക്കുകയുണ്ടായി. മുഖ്യമന്ത്രി പദത്തിന് വേണ്ടി അത്യാഗ്രഹം ഇല്ലാത്ത മനീഷ് സിസോദിയയെ കുറിച്ചോര്‍ക്കുമ്പോള്‍ എനിക്ക് അഭിമാനം തോന്നുന്നുവെന്ന് അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.