ന്യൂഡല്‍ഹി: തെലങ്കാന അടക്കമുള്ള വിവിധ സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ്, 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് എന്നിവ മുന്നില്‍ കണ്ട് ബിജെപി നാല് സംസ്ഥാനങ്ങളില്‍ പുതിയ അധ്യക്ഷൻമാരെ നിയമിച്ചു. തെലങ്കാനയില്‍ ജി കിഷൻ റെഡ്ഡി, ആന്ധ്രപ്രദേശില്‍ ഡി പുരന്ദരേശ്വരി, പഞ്ചാബില്‍ സുനില്‍ ഝാക്കർ, ജാർഖണ്ഡില്‍ ബാബുലാല്‍ മറാൻഡി എന്നിവരാണ് പുതിയ അധ്യക്ഷൻമാർ. മുൻ ആന്ധ്ര മുഖ്യമന്ത്രി കിരൺ കുമാർ റെഡ്ഡിയെ ദേശീയ എക്‌സിക്യൂട്ടീവില്‍ ഉൾപ്പെടുത്തുകയും ചെയ്‌തു. മുൻ ആന്ധ്ര മുഖ്യമന്ത്രിയും ടിഡിപി സ്ഥാപകനുമായ എൻടി രാമറാവുവിന്‍റെ മകളാണ് ഡി പുരന്ദരേശ്വരി. കോൺഗ്രസ് നേതാവായിരുന്ന ബല്‍റാം ഝാക്കറുടെ മകനാണ് സുനില്‍ ഝാക്കർ.
ജി കിഷൻ റെഡ്ഡി: സെക്കന്തരാബാദില്‍ നിന്നുള്ള എംപിയും ബിജെപി നേതാവുമായ ഗംഗപുരം കിഷൻ റെഡ്ഡി നിലവില്‍ നരേന്ദ്രമോദി മന്ത്രി സഭയില്‍ ടൂറിസം, സാംസ്‌കാരികം, വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുടെ വികസനം എന്നി വകുപ്പുകളുടെ മന്ത്രിയാണ്. തെലങ്കാനയില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് നിലവിലെ അധ്യക്ഷൻ ബണ്ടി സഞ്ജയിനെ മാറ്റി ജി കിഷൻ റെഡ്ഡിയെ വീണ്ടും സംസ്ഥാന അധ്യക്ഷനാക്കിയത്. കേന്ദ്രമന്ത്രിയാകുന്നതിന് മുൻപ് രണ്ട് തവണ എംഎല്‍എയും (അംബർപേട്ട്, ഹിമായത് നഗർ മണ്ഡലങ്ങൾ) ബിജെപി തെലങ്കാന അധ്യക്ഷനുമായിരുന്നു ജി കിഷൻ റെഡ്ഡി).
ഡി പുരന്ദരേശ്വരി: ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രിയും ടിഡിപി സ്ഥാപകനുമായ എൻടി രാമറാവുവിന്‍റെ മകളായ ദഗ്ഗുബട്ടി പുരന്ദരേശ്വരി ഇന്ത്യൻ നാഷണല്‍ കോൺഗ്രസിലാണ് രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്. രണ്ട് തവണ എംപിയും കേന്ദ്രമന്ത്രിയുമായിരുന്ന പുരന്ദരേശ്വരി ആന്ധ്രപ്രദേശ് വിഭജിച്ച് തെലങ്കാന രൂപീകരിക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് കോൺഗ്രസ് വിട്ടത്. 2004, 2009 ലോക്‌സഭകളിലാണ് പുരന്ദരേശ്വരി കോൺഗ്രസിനെ പ്രതിനിധീകരിച്ചത്. 2014ല്‍ ബിജെപിയില്‍ ചേർന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.