ബെംഗളുരു : ഉഡുപ്പിയിലെ വിവാദ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് ബിജെപി എംപി തേജസ്വി സൂര്യ. മുസ്‌ലിങ്ങളെയും ക്രിസ്ത്യാനികളെയും ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യലാണ് ഹിന്ദുത്വ നവോഥാനത്തിനുള്ള ഏക മാര്‍ഗമെന്നായിരുന്നു ഉഡുപ്പിയില്‍ തേജസ്വി സൂര്യയുടെ പരാമര്‍ശം.
ശനിയാഴ്‌ച ഉഡുപ്പി ശ്രീകൃഷ്‌ണ മഠത്തില്‍ എംപി നടത്തിയ പ്രസംഗത്തിന്‍റെ ഭാഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും വിവാദങ്ങള്‍ക്ക് വഴിവയ്ക്കുകയും ചെയ്‌തു.
ALSO READ:പ്രധാനമന്ത്രിയോട് കര്‍ഷകര്‍ മാപ്പ് ആവശ്യപ്പെടുന്നില്ലെന്ന് രാകേഷ് ടിക്കായത്ത്
വിവിധ കാരണങ്ങളാല്‍ മതം മാറിയ ആളുകളെ സനാതന ധര്‍മത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ ക്ഷേത്രങ്ങളും മഠങ്ങളും മുന്‍കൈ എടുക്കണം. പാകിസ്‌താനിലെ മുസ്‌ലിങ്ങളെ കൂടി ഹിന്ദുമതത്തിലേക്ക് എത്തിക്കണം. ഇസ്‌ലാമും ക്രിസ്‌റ്റ്യാനിറ്റിയും കേവലം മതങ്ങളല്ല, മറിച്ച് രാഷ്‌ട്രീയ സാമ്രാജ്യത്വ പ്രത്യയശാസ്‌ത്രങ്ങളാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ഇത് പിന്‍വലിച്ച് ഖേദം പ്രകടിപ്പിച്ചിരിക്കുകയാണ് ബിജെപി എംപി.
'രണ്ട് ദിവസം മുമ്പ് ഉഡുപ്പി ശ്രീകൃഷ്‌ണ മഠത്തിൽ നടന്ന ഒരു പരിപാടിയിൽ 'ഭാരതത്തിലെ ഹിന്ദു നവോഥാനം' എന്ന വിഷയത്തിൽ ഞാൻ സംസാരിച്ചു. എന്‍റെ പ്രസംഗത്തിലെ ചില പ്രസ്‌താവനകൾ ഖേദകരമാംവിധം വിവാദം സൃഷ്‌ടിച്ചു. അതിനാൽ നിരുപാധികം പ്രസ്‌താവനകൾ പിൻവലിക്കുന്നു', - സൂര്യ ട്വീറ്റ് ചെയ്‌തു.