ന്യൂഡൽഹി : വനിത ഗുസ്‌തി താരങ്ങൾ നൽകിയ ലൈംഗികാതിക്രമ കേസിൽ രാജി വയ്‌ക്കുമോ എന്ന് ചോദിച്ച വനിത മാധ്യമ പ്രവർത്തകയോട് മോശമായി പെരുമാറി ഗുസ്‌തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്. ഡൽഹി വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങവെയായിരുന്നു മാധ്യമ പ്രവർത്തക ബ്രിജ് ഭൂഷണോട് ചോദ്യങ്ങൾ ഉന്നയിച്ചത്. എന്നാൽ വായടയ്‌ക്കാൻ പറഞ്ഞ ബ്രിജ് ഭൂഷണ്‍ കാറിന്‍റെ ഡോർ ഉപയോഗിച്ച് മാധ്യമ പ്രവർത്തകയുടെ മൈക്കും നശിപ്പിച്ചു.
പൊലീസ് കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ രാജിവയ്‌ക്കുമോ എന്നായിരുന്നു മാധ്യമ പ്രവർത്തകയുടെ ചോദ്യം. എന്നാൽ താനെന്തിന് രാജി വയ്‌ക്കണമെന്നും എന്തുകൊണ്ടാണ് നിങ്ങൾ രാജി ആവശ്യപ്പെടുന്നതെന്നും ചോദിച്ച ബ്രിജ് ഭൂഷണ്‍ മാധ്യമ പ്രവർത്തകയോട് വായടയ്‌ക്കാനും ആവശ്യപ്പെട്ടു. തുടർന്ന് കാറിനരികിലേക്ക് നീങ്ങിയ ബ്രിജ് ഭൂഷണോട് വീണ്ടും ചോദ്യങ്ങൾ ചോദിച്ചുകൊണ്ട് മാധ്യമ പ്രവർത്തക കാറിനുള്ളിലേക്ക് മൈക്ക് നീട്ടി.
എന്നാൽ രോക്ഷത്തോടെ മൈക്കിനോടൊപ്പം തന്നെ ബ്രിജ് ഭൂഷണ്‍ കാറിന്‍റെ ഡോർ ശക്‌തിയായി അടയ്‌ക്കുകയായിരുന്നു. ഇതോടെ മാധ്യമ പ്രവർത്തകയുടെ കയ്യിൽ നിന്ന് മൈക്ക് താഴെ വീണു. അതേസമയം മാധ്യമ പ്രവർത്തകയെ അപമാനിക്കുന്ന ബ്രിജ് ഭൂഷന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. എംപിയുടെ നടപടിക്കെതിരെ നിരവധി പേരാണ് വിമർശനവുമായി രംഗത്തെത്തിയത്.
യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷൻ ശ്രീനിവാസ് ബിവിയും വീഡിയോ ട്വിറ്ററിൽ പങ്കുവച്ച് ബ്രിജ് ഭൂഷണെതിരെ വലിയ വിമർശനമാണ് ഉന്നയിച്ചത്. ഗുസ്‌തി താരങ്ങളെ അപമാനിച്ച കേസിലെ പ്രതിയായ ബിജെപി എംപി ഒരു വനിത മാധ്യമ പ്രവർത്തകയെ ഭീഷണിപ്പെടുത്തുകയും മൈക്ക് തകർക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. ഇത് ആരുടെ വാക്കുകളാണെന്നും ആരുടെ സംസ്‌കാരമാണെന്നും വനിതാ-ശിശുവികസന മന്ത്രി സ്‌മൃതി ഇറാനി പറയണം. ശ്രീനിവാസ് ട്വിറ്ററിൽ കുറിച്ചു.