കൊല്‍ക്കത്ത : ബിജെപി നേതാവും ബൈരക്ക്പൂര്‍ എംപിയുമായ അര്‍ജുന്‍ സിങ് തൃണമൂല്‍ കോണ്‍ഗ്രസില്‍ തിരികെയെത്തുന്നു. ഞായറാഴ്‌ച വൈകീട്ട് എംപിയും മമത ബാനര്‍ജിയുടെ അനന്തരവനുമായ അഭിഷേക് ബാനര്‍ജിയുടെ കമാക് സ്‌ട്രീറ്റിലുള്ള ഓഫിസിലെത്തിയായിരിക്കും പാര്‍ട്ടി പ്രവേശനമെന്നാണ് സൂചന. അഭിഷേക് ബാനര്‍ജിക്ക് പുറമെ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കുനാല്‍ ഘോഷും ചടങ്ങിലുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
നോര്‍ത്ത് 24 പർഗാനയിലെ തൃണമൂല്‍ കോണ്‍ഗ്രസ് ജില്ല നേതാക്കളെ അഭിഷേക് ബാനര്‍ജിയുടെ യോഗത്തിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. ഈ യോഗത്തിന് ശേഷമായിരിക്കും ചടങ്ങ്. കഴിഞ്ഞ ആറ് മാസമായി തൃണമൂല്‍ കോണ്‍ഗ്രസുമായി അര്‍ജുന്‍ സിങ് ചര്‍ച്ചകള്‍ നടത്തി വരികയായിരുന്നുവെന്നാണ് പാർട്ടിയുടെ അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിവരം.
മടക്കം മൂന്ന് വർഷത്തിന് ശേഷം :ബിജെപിയില്‍ ഉന്നത പദവിയിലുള്ള തന്നെ സംസ്ഥാന നേതൃത്വം ശരിയായി പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്ന് അര്‍ജുന്‍ സിങ് നേരത്തെ ആരോപിച്ചിരുന്നു. നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുന്ന അര്‍ജുന്‍ സിങ്ങിനെ അനുനയിപ്പിക്കാന്‍ ബിജെപിയുടെ കേന്ദ്ര നേതൃത്വമുള്‍പ്പടെ ശ്രമം നടത്തിയിരുന്നു. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുകാന്ദ മജുംദാറും അര്‍ജുന്‍ സിങ്ങുമായി സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് ബിജെപി വൃത്തങ്ങള്‍ വെളിപ്പെടുത്തി.