കേരളം

kerala

ETV Bharat / bharat

നിതീഷിന്‍റെ നീക്കത്തിന് മറുപടി 'സിബിഐയിലൂടെ' ; ബിജെപിക്ക് മുന്‍പില്‍ 'ഒറ്റയാന്‍' കരുത്താവാന്‍ ബിഹാര്‍ - ബിഹാറില്‍ സിബിഐ വേട്ട

ബിഹാറില്‍ ജെഡിയു എന്‍ഡിഎ വിട്ട് ഇതര പാര്‍ട്ടികളുമായി ഭരണത്തിലേറിയത് ബിജെപിയെ വന്‍ പ്രതിസന്ധിയിലാക്കിയിരുന്നു. ഭരണമാറ്റമുണ്ടായതോടെ ജെഡിയുവിനെ പിന്തുണച്ച സംസ്ഥാനത്തെ പ്രമുഖ പാര്‍ട്ടിയായ ആര്‍ജെഡി നേതാക്കള്‍ക്കെതിരെ സിബിഐ തിരിഞ്ഞതിന്‍റെ പശ്ചാത്തലത്തില്‍ ഒരു തിരിഞ്ഞുനോട്ടം

bjp movement against Nitish Kumar govt bihar  നിതീഷിന്‍റെ നീക്കത്തിന് മറുപടി  ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ  നിതീഷ് കുമാര്‍  ബിഹാറില്‍ ജെഡിയു എന്‍ഡിഎ  ആര്‍ജെഡി നേതാക്കള്‍ക്കെതിരെ സിബിഐ  bjp movement against Nitish Kumar govt bihar  Nitish Kumar govt bihar
നിതീഷിന്‍റെ നീക്കത്തിന് മറുപടി 'സിബിഐയിലൂടെ' ?; ബിജെപിക്ക് മുന്‍പില്‍ 'ഒറ്റയാന്‍' കരുത്താവാന്‍ ബിഹാര്‍

By

Published : Aug 24, 2022, 9:59 PM IST

എട്ടാം തവണയാണ്, 71 കാരന്‍ നിതീഷ് കുമാര്‍ ഓഗസ്റ്റ് 10 ന് ബിഹാര്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റത്. 2020 നവംബര്‍ 16 ന് വിപരീതമായി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ തുടങ്ങിയ പ്രമുഖരില്ലാതെ രാജ്ഭവനിലെ ലളിതമായ ചടങ്ങിലായിരുന്നു നിതീഷിന്‍റെ ഇത്തവണത്തെ സത്യപ്രതിജ്ഞ. 'മഹാരാഷ്‌ട്രാപാഠവും' 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പും മുന്നില്‍ക്കണ്ട് ബിഹാര്‍ രാഷ്‌ട്രീയത്തിലെ തന്ത്രശാലി നടത്തിയ നീക്കമായിരുന്നു ജെഡിയു എന്‍ഡിഎ മുന്നണി വിടുക എന്നത്.

അധികാരം നിലനിര്‍ത്താനും സംസ്ഥാനം ബിജെപി 'വിഴുങ്ങാതിരിക്കാനും' കാവി ഇതര സംഘമായ ആർജെഡി, കോൺഗ്രസ്, ഇടത് കൂട്ടുകെട്ടുണ്ടാക്കുകയാണ് നിതീഷും സംഘവും ചെയ്‌തത്. ഈ ചലനത്തിന്‍റെ ഭാഗമായാണ് അദ്ദേഹം വീണ്ടും മുഖ്യമന്ത്രിയായതും മന്ത്രിസഭ പുനസംഘടിപ്പിച്ചതും. ബിഹാറിലെ ഈ രാഷ്‌ട്രീയ അട്ടിമറി, തെല്ലൊന്നുമല്ല ബിജെപിയെ വെട്ടിലാക്കിയത്. ഇത് വ്യക്തമാക്കുന്നതാണ് മുന്‍പെങ്ങുമില്ലാത്ത വിധം നിതീഷ്‌ സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രി പദത്തിലിരിക്കുന്ന തേജസ്വി യാദവ് അടക്കമുള്ള നേതാക്കളുടെ വീടുകളിൽ സിബിഐ റെയ്‌ഡ് നടത്തുന്നതെന്നാണ് വിശകലനം. ബിഹാര്‍ നിയമസഭയില്‍ ഓഗസ്റ്റ് 24 ബുധനാഴ്‌ച വിശ്വാസവോട്ടെടുപ്പ് നടക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് ആര്‍ജെഡി നേതാക്കളുടെ വീട്ടില്‍ 'കേന്ദ്രം' സിബിഐയെ പറഞ്ഞുവിട്ടത്.

ALSO READ|ബിഹാര്‍ നിയമസഭയില്‍ വിശ്വാസ വോട്ട് നേടി നിതീഷ്‌ കുമാര്‍ സര്‍ക്കാര്‍

റെയില്‍വേ ജോലിക്കായി ഭൂമി കോഴയായി നല്‍കി എന്ന കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡെന്നാണ് സിബിഐ വാദം. യുപിഎ ഭരണത്തില്‍ ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും തേജസ്വി യാദവിന്‍റെ പിതാവുമായ ലാലുപ്രസാദ് യാദവ്, റെയില്‍വേ മന്ത്രിയായിരിക്കെ അഴിമതി നടത്തിയെന്ന് ആരോപണമുള്ളതാണ് ഈ കേസ്. ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്‍റെ നിർമാണത്തിലിരിക്കുന്ന മാൾ ഉൾപ്പടെ 25 സ്ഥലങ്ങളില്‍ അന്വേഷണ ഏജന്‍സി ബുധനാഴ്‌ച പരിശോധന നടത്തി. പുറമെ, മറ്റ് ആര്‍ജെഡി നേതാക്കളായ എംഎൽസി സുനിൽ സിങ്, രാജ്യസഭ എംപിമാരായ അഷ്‌ഫാഖ് കരീം, ഫയാസ് അഹമ്മദ്, മുൻ എംഎൽസി സുബോധ് റായ് എന്നിവരുൾപ്പടെയുള്ള മുതിർന്ന നേതാക്കളുടെ വീടുകളിലും ഏജന്‍സി റെയ്‌ഡ് നടത്തുകയുണ്ടായി.

നൂറിനെ നേരിടാന്‍ 'ഒറ്റയാന്‍':സിബിഐ വ്യാപക പരിശോധന ആരംഭിച്ചതോടുകൂടി പരിഹാസവുമായി തേജസ്വി യാദവ് രംഗത്തെത്തുകയുണ്ടായി. ബിഹാറിൽ പുതിയ സർക്കാർ വന്നതോടുകൂടി ബിജെപി വല്ലാതെ ഭയന്നുവിറച്ചിരിക്കുകയാണ്. തങ്ങൾ വിശ്വാസവോട്ടെടുപ്പിലൂടെ ഇതിന് നിയമസഭയില്‍ മറുപടി നൽകും. നൂറാളോട് ഏറ്റുമുട്ടാന്‍ ഒറ്റയാള്‍ മതിയെന്ന വാചകമുണ്ട്. ബിജെപിക്കെതിരായി സംസ്ഥാനത്തെ എല്ലാ പാർട്ടികളും തങ്ങളോടൊപ്പം ഉണ്ടെന്നുമായിരുന്നു തേജസ്വിയുടെ മറുപടി.

ALSO READ|ആർജെഡി നേതാക്കളുടെ വീടുകളിൽ സിബിഐ റെയ്‌ഡ്

ജെഡിയു പാർലമെന്‍ററി ബോർഡ് പ്രസിഡന്‍റ് ഉപേന്ദ്ര കുശ്വാഹയും രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തുകയുണ്ടായി. ലാലു പ്രാസാദിനെതിരായ കേസിനെക്കുറിച്ച് പ്രതികരിക്കാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ, നിലവില്‍ നടക്കുന്ന റെയ്‌ഡ് നീക്കം ബിജെപിയെ സഹായിക്കാനുള്ളതാണെന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. ഏതാനും മാസങ്ങൾക്ക് മുന്‍പ് സമാന കേസുമായി ബന്ധപ്പെട്ട് ലാലുപ്രസാദ് യാദവിന്‍റെ വസതിയില്‍, അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു. ഇതുകൂടി ചൂണ്ടിക്കാണിച്ചായിരുന്നു മുൻ മുഖ്യമന്ത്രിയും ലാലുപ്രസാദ് യാദവിന്‍റെ ഭാര്യയുമായ റാബ്‌റി ദേവിയുടെ മാധ്യമങ്ങളോടുള്ള പ്രതികരണം. “ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ട്. ഈ റെയ്‌ഡുകൾക്ക് പിന്നിൽ എന്താണ് ലക്ഷ്യമെന്ന് അവർക്ക് മനസിലാകും.” കുറിക്കുകൊള്ളുന്നതായിരുന്നു അവരുടെ പ്രതികരണം.

'ഭയപ്പെടുത്താനുള്ള തന്ത്രം':ആര്‍ജെഡി എംഎൽസി സുനിൽ സിങ്ങിന്‍റെ വീട്ടിലും സിബിഐ പരിശോധ നടന്ന സാഹചര്യത്തില്‍ അദ്ദേഹവും അന്വേഷണ ഏജന്‍സിക്കെതിരെ തിരിയുകയുണ്ടായി. "ഇത് ഭയപ്പെടുത്തുന്ന തന്ത്രമാണെന്ന് വ്യക്തമാണ്. ഇതല്ലാതെ മറ്റെന്താണ് ഇന്ന് (ഓഗസ്റ്റ് 24) തന്നെ നടത്തിയ റെയ്‌ഡിനുപിന്നിലുള്ളത്. സാധാരണ ഗതിയില്‍ പരിശോധന നടത്തുന്ന സമയം സിബിഐ ഉദ്യോഗസ്ഥരോടൊപ്പം ലോക്കൽ പൊലീസ് ഉണ്ടാവാറുണ്ട്. എന്നാല്‍, അങ്ങനെയൊന്ന് ഇന്നുണ്ടായ സിബിഐ റെയ്‌ഡിലില്ലായിരുന്നു''. സുനിൽ സിങ് ആരോപിക്കുകയുണ്ടായി. ബിജെപി ഭരണഘടനയെപ്പോലും കാറ്റിൽ പറത്തിയെന്നാണ് ഈ റെയ്‌ഡുകൾ വ്യക്തമാക്കുന്നത്. കേന്ദ്രത്തിലാവട്ടെ, മറ്റിടങ്ങളിലാവട്ടെ അവരുമായി ബന്ധമുള്ള ഒരു നേതാവിനെതിരെയും റെയ്‌ഡ് നടക്കുന്നില്ലെന്ന് സിപിഐ(എംഎൽ) എംഎൽഎ സന്ദീപ് സൗരവ് മാധ്യമങ്ങളോട് പറഞ്ഞു.

ആത്മവിശ്വാസം കൂട്ടി ബിഹാറിലെ മാറ്റം : ബിഹാറില്‍ ജെഡിയു ബിജെപിയെ കൈയൊഴിഞ്ഞത് ആര്‍ജെഡിയടക്കമുള്ള പുതിയ ചങ്ങാതിമാര്‍ക്ക് വലിയ ആത്മവിശ്വാസമാണ് ഉണ്ടാക്കിയത്‌. പ്രതിപക്ഷം 'കട്ടയ്‌ക്ക്' നിന്നാല്‍ 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി പദത്തിലേക്ക് അവതരിപ്പിക്കാവുന്ന ശക്തനായ സ്ഥാനാർഥിയായിരിക്കും നിതീഷ് കുമാറെന്ന് തേജസ്വി യാദവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഈ വാക്കുകള്‍ പോലും സംസ്ഥാനത്തെ ബിജെപി ഇതര പാര്‍ട്ടികളുടെ വര്‍ധിച്ച ആത്മവിശ്വാസത്തിന്‍റെ തോതാണ് വ്യക്തമാക്കുന്നത്. ബിഹാർ മുഖ്യമന്ത്രിയായ നിതീഷിന് ശക്തമായ അടിത്തറയാണുള്ളത്. രാജ്യത്തിന് ബിജെപിയിൽ നിന്നുള്ള വെല്ലുവിളിയെപ്പറ്റി പ്രതിപക്ഷ പാ‍ർട്ടികൾക്ക് നല്ല ബോധ്യമുണ്ട്. 37 വർഷത്തെ ഭരണാധികാരിയെന്ന പരിചയം നിതീഷിനെ ശക്തനാക്കുന്നുവെന്നും ബിഹാര്‍ ഉപമുഖ്യമന്ത്രി പറയുകയുണ്ടായി.

'ബിജെപിയെ തുരത്തിയാല്‍ മാത്രം മതി': എന്നാല്‍, 2024 ല്‍ രാജ്യം പിടിക്കാനുള്ള കൊമ്പുകോര്‍ക്കല്‍ സംബന്ധിച്ച് ഒരു തരത്തില്‍ അവകാശവാദം നടത്താനോ വീമ്പ് പറയാനോ നിതീഷിന്‍റെ ജെഡിയു തയ്യാറല്ല. ഇതുവ്യക്തമാക്കുന്നതാണ് പാര്‍ട്ടിയിലെ അദ്ദേഹത്തിന്‍റെ നേതാവിന്‍റെ പ്രതികരണം. ''പ്രതിപക്ഷം ബിജെപിയെ പരാജയപ്പെടുത്തിയാൽ ആർക്കും പ്രധാനമന്ത്രിയാകാം. ഞങ്ങൾ നിതീഷിനെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി കാണുന്നില്ല''. ജെഡിയു സംസ്ഥാന അധ്യക്ഷന്‍ ലാലൻ സിങ് പറഞ്ഞു. തേജസ്വിയുടെ അഭിപ്രായത്തിന് പാര്‍ട്ടിയുടെ നിലപാടായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം, ജെഡിയുവിന്‍റെ ഈ അഭിപ്രായപ്രകടനം ബുദ്ധിപൂര്‍വമുള്ള നീക്കമെന്നാണ് സംസ്ഥാനത്തെ രാഷ്‌ട്രീയ നിരീക്ഷകരുടെ നിഗമനം. ഒരുവിധം എല്ലാ പാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കും തങ്ങളുടെ നേതാവും താനുമൊക്കെ പ്രധാനമന്ത്രിയായി കാണാന്‍ വല്ലാത്തൊരു ആഗ്രഹമുണ്ട്. ഇക്കാരണം കൊണ്ടുതന്നെ പ്രതിപക്ഷത്തെ പിണക്കേണ്ടെന്ന് കരുതിയാണ് നിതീഷ്‌ കുമാറും ജെഡിയുവും ഇക്കാര്യത്തില്‍ നിലവില്‍ ഒരു താത്‌പര്യം കാണിക്കാത്തതെന്നാണ് ഇവരുടെ വിലയിരുത്തല്‍.

നിതീഷിന്‍റെ 'ബിഹാര്‍ അട്ടിമറി'ക്ക് പിന്നില്‍: ദേവേന്ദ്ര ഫഡ്‌നാവിസും ഏക്‌നാഥ് ഷിന്‍ഡെയും മഹാരാഷ്‌ട്രയില്‍ നടത്തിയ 'ഓപ്പറേഷന്‍ കമല'യെന്ന് ആരോപണമുയര്‍ന്ന രാഷ്‌ട്രീയ അട്ടിമറി ചില ആശങ്കകള്‍ നിതീഷിലുണ്ടാക്കിയിരുന്നു. ഒരു കാലത്ത് ജെഡിയു പാര്‍ട്ടി അംഗവും പിന്നീട് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളാല്‍ പുറത്തുപോവുകയും 'അമിത്‌ ഷായുടെ സ്വന്തം' ആളാവുകയും ചെയ്‌ത ആര്‍പി സിങ്ങായിരുന്നു ഈ 'ആശങ്ക'യ്‌ക്ക് കാരണം. ഷിന്‍ഡെയെ മുന്‍നിര്‍ത്തി 'മഹാനാടകം' അവതരിപ്പിച്ചതുപോലെ തന്‍റെ തട്ടകത്തിലും അത്തരമൊരു നീക്കമുണ്ടായേക്കാമെന്ന് നിതീഷ് കണക്കുകൂട്ടി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ജെഡിയു എന്‍ഡിഎ മുന്നണി വിട്ട് ബിഹാറില്‍ ആര്‍ജെഡി, കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികള്‍ എന്നിവരെ ഉള്‍പ്പെടുത്തി പുതിയ സര്‍ക്കാര്‍ രൂപീകരിച്ചതെന്നാണ് പുറത്തുവരുന്ന നിരീക്ഷണങ്ങള്‍.

കണ്ടറിയാന്‍ ബിഹാര്‍:കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ചിരാഗ് പാസ്വാന്‍റെ എല്‍ജെപി ഒറ്റയ്‌ക്ക് മത്സരിച്ചിരുന്നു. ഇത് നിതീഷ് കുമാറിനെ നേരിടാനും ജെഡിയുവിന്‍റെ സീറ്റുകുറയ്‌ക്കാനും ബിജെപി നിയോഗിച്ചതാണെന്ന് ആരോപണമുയര്‍ന്നിരുന്നു. ചിരാഗിന്‍റെ പാര്‍ട്ടി വോട്ടുപിടിക്കുകയും ചിലയിടങ്ങളില്‍ ജെഡിയു ബിജെപിയുടെ പിന്നിലെത്തുകയും ചെയ്‌തിരുന്നു. ഈ തന്ത്രം തന്നെ വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി പ്രയോഗിച്ചേക്കുമോയെന്ന ആശങ്കയും നിതീഷിനുണ്ടായിരുന്നു. ഇത്തരത്തില്‍ നിരവധി തന്ത്രങ്ങള്‍ ബിജെപി പയറ്റിയേക്കുമോയെന്ന വീണ്ടുവിചാരത്തില്‍ നടത്തിയ നിതീഷിന്‍റെ നീക്കം, 'കേന്ദ്ര'ത്തിന്‍റെ റെയ്‌ഡ് വിരട്ടലിന് മുന്‍പില്‍ എങ്ങനെ പിടിച്ചുനില്‍ക്കുമെന്ന് കണ്ടറിയാന്‍ കാത്തിരിക്കുകയാണ് ബിഹാര്‍ രാഷ്‌ട്രീയം.

ABOUT THE AUTHOR

...view details