അയോധ്യ(യുപി): ബി.ജെ.പി എം എല്‍ എ യുടെ മകനെതിരെ ആക്രമണത്തിനും കവര്‍ച്ചക്കും കേസെടുത്ത് ഫൈസാബാദ് കോട്ട്‌വാലി പൊലിസ്. റുദൗലി എം എല്‍ എ രാം ചന്ദ്ര യാദവിന്‍റെ മകന്‍ അലോക് യാദവിനെതിരെയാണ് കേസെടുത്തത്. രാംനഗറിലെ ശ്യാം ബഹദൂര്‍ സിംഗ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
തിങ്കാളാഴ്‌ച രാത്രി അലോക് അടക്കമുള്ള നാലംഗ സംഘം തന്നെ ക്രൂരമായി മര്‍ദിച്ചെന്നും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നും ഒരു ലക്ഷം രൂപയും കൈയിലുണ്ടായിരുന്ന ചില രേഖകള്‍ തട്ടിയെടുത്തെന്നും സിംഗ് പരാതിയില്‍ പറഞ്ഞു. സംഭവ സമയത്ത് ജനങ്ങള്‍ തടിച്ചുകൂടിയതോടെ നാലാംഗ സംഘം ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവം അവിടെ സ്ഥാപിച്ചിരുന്ന സിസിടിവി കാമറയില്‍ പതിഞ്ഞിട്ടുണ്ടെന്നും സിംഗ് പറഞ്ഞു.