റാഞ്ചി :ക്ഷേത്രങ്ങള്‍ക്ക് സമീപം താടിയും തൊപ്പിയുമുള്ള ആരെ കണ്ടാലും ആക്രമിക്കുമെന്ന ജാര്‍ഖണ്ഡിലെ ബിജെപി എംഎല്‍എയുടെ പരാമര്ശങ്ങള്ക്കെതിെര സംസ്ഥാന ന്യൂനപക്ഷ കമ്മിഷനും പൊലീസും. സംഭവത്തില്‍ സ്വമേധയ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രചരിച്ച പ്രസംഗത്തിന്റെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നതെന്ന് പൊലീസ് അറിയിച്ചു (BJP MLA Shasi Bhushan Mehta).
പങ്കി അസംബ്ലിയില്‍ നിന്നുള്ള ബിജെപി എംഎല്‍എ ശശിഭൂഷണ്‍ മേത്തയാണ് മതവിദ്വേഷ പരാമര്‍ശം നടത്തിയത്. ക്ഷേത്രത്തിന് സമീപം താടിയും തൊപ്പിയുമുള്ള ആരെ കണ്ടാലും ആക്രമിക്കുമെന്നും ഗോമാംസം ഭക്ഷിക്കുന്ന ഒരാളും ക്ഷേത്രത്തിലോ ക്ഷേത്ര പരിസരത്തോ പ്രവേശിക്കേണ്ടതില്ലെന്നും എംഎല്‍എ പറഞ്ഞു. ഇത്തരക്കാര്‍ ക്ഷേത്ര പരിസരത്ത് വന്നാല്‍ അതിന്റെ ഭവിഷത്ത് അനുഭവിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു (Controversial Remarks Of BJP MLA).
തങ്ങള്‍ക്കെതിരെ എന്ത് നടപടിയുണ്ടായാലും അത്തരക്കാരെ ആക്രമിക്കുക തന്നെ ചെയ്യും. ദുര്‍ഗാപൂജയോട് അനുബന്ധിച്ച് പങ്കി നിയമസഭ മണ്ഡലത്തില്‍ ഒരു കല്ല്യാണ മണ്ഡപത്തിന്റെ തറക്കല്ലിടല്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു എംഎല്‍എ. താടിയും തൊപ്പിയും ധരിച്ചവര്‍ ഹിന്ദുക്കളുടെ മതപരമായ പരിപാടികളില്‍ പങ്കെടുത്ത് തടസമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും എംഎല്‍എ കുറ്റപ്പെടുത്തി. ഹൈന്ദവ വികാരങ്ങളെ വ്രണപ്പെടുത്തുന്ന ഇത്തരം സമീപനങ്ങള്‍ വച്ചു പൊറുപ്പിക്കില്ലെന്നും ഒക്ടോബര്‍ മൂന്നിന് വിശ്വഹിന്ദു പരിഷത്തും ബജ്റംഗ്ദളും നടത്തിയ ജാഗരണ്‍ രഥ് തടസപ്പെടുത്താന്‍ മുസ്ലിങ്ങള്‍ ശ്രമിച്ചെന്നും എംഎല്‍എ ആരോപിച്ചു.