തുമകൂരു: കർണാടകയിലെ ബിജെപി നേതാവും എംഎല്‍എയുമായ മാഡല്‍ വിരുപാക്ഷപ്പ അറസ്റ്റില്‍. അഴിമതി കേസിലാണ് വിരുപാക്ഷപ്പയെ കർണാടക ലോകായുക്ത പൊലീസ് അറസ്റ്റ് ചെയ്‌തത്. ചന്നാഗിരിയില്‍ നിന്നുള്ള എംഎല്‍എയാണ് മാഡല്‍ വിരുപാക്ഷപ്പ.
തുമകൂരു ജില്ലയിലെ കായടസാന്ദ്ര ടോളിന് സമീപത്ത് വെച്ചാണ് അറസ്റ്റ് നടന്നത്. കർണാടക സോപ്‌സ് ആൻഡ് ഡിറ്റർജന്‍റ്‌സ് ലിമിറ്റഡ് (KSDL) അഴിമതി കേസുമായി ബന്ധപ്പെട്ട് മാഡല്‍ വിരുപാക്ഷപ്പയുടെ ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി തള്ളിയിരുന്നു. ഇതേ തുടർന്നാണ് ഉടൻ അറസ്റ്റുണ്ടായത്.
കർണാടക സോപ്‌സ് ആൻഡ് ഡിറ്റർജന്‍റ്‌സ് ലിമിറ്റഡ് (KSDL) ചെയർമാനായിരിക്കെ, കർണാടക അഡ്‌മിനിസ്‌ട്രേറ്റീവ് സർവീസ് ഉദ്യോഗസ്ഥനും മകനുമായ പ്രശാന്ത് മാടല്‍ വഴി കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് മാഡല്‍ വിരുപാക്ഷപ്പയ്‌ക്ക് എതിരായ കേസ്. ഇതേ കേസില്‍ ഒരു ബില്‍ പാസാക്കി നല്‍കാൻ 40 ലക്ഷം കൈക്കൂലി വാങ്ങുന്നതിനിടെ മകൻ പ്രശാന്ത് മാടല്‍ അറസ്റ്റിലായിരുന്നു.
കേസ് കൈക്കൂലി ആവശ്യപ്പെട്ടതിന്:81 ലക്ഷം രൂപ വിരൂപാക്ഷപ്പ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് കേസ്. അതിനു ശേഷം നടന്ന റെയ്‌ഡില്‍ വിരൂപാക്ഷപ്പയുടെ വീട്ടില്‍ നിന്ന് ഏഴ് കോടി രൂപ പിടിച്ചെടുത്തിരുന്നു. മകൻ പ്രശാന്തിനെ മാർച്ച് രണ്ടിനാണ് അറസ്റ്റ് ചെയ്‌തത്. ഈ കേസില്‍ ഇതുവരെ നാല് പേരെ കർണാടക ലോകായുക്ത പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്.
അഴിമതിക്കേസ് പുറത്തുവന്നയുടൻ കർണാടക സോപ്‌സ് ആൻഡ് ഡിറ്റർജന്‍റ്‌സ് ലിമിറ്റഡ് (KSDL) ചെയർമാൻ സ്ഥാനത്ത് നിന്ന് മാടല്‍ വിരുപാക്ഷപ്പ രാജിവെച്ചിരുന്നു. ഈ കേസിലെ പ്രധാന പ്രതിയാണ് മാടല്‍ വിരുപാക്ഷപ്പ.