അഹമ്മദാബാദ് : ഗുജറാത്തിൽ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിക്ക് തിരിച്ചടി. സിറ്റിങ് എംഎൽഎ കേസരി സിങ് സോളങ്കി ആം ആദ്‌മി (എഎപി) പാർട്ടിയിൽ ചേർന്നു. നിയമസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി പട്ടിക ബിജെപി പുറത്തിറക്കിയതിന് പിന്നാലെയാണ് ഖേദ ജില്ലയിലെ മതര്‍ നിയമസഭ മണ്ഡലത്തിലെ എംഎല്‍എയായ സോളങ്കി ആം ആദ്‌മി പാർട്ടിയിൽ ചേര്‍ന്നത്.
തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്നാണ് സോളങ്കിയുടെ ചുവടുമാറ്റം. ഗുജറാത്ത് എഎപി അധ്യക്ഷന്‍ ഗോപാൽ ഇറ്റാലിയ, സോളങ്കിയെ പാര്‍ട്ടിയിലേയ്ക്ക് സ്വാഗതം ചെയ്‌തു. 'അരവിന്ദ് കെജ്‌രിവാളിന്‍റെ സത്യസന്ധമായ രാഷ്‌ട്രീയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് മതർ എംഎൽഎ കേസരി സിങ് സോളങ്കി ആം ആദ്‌മി പാർട്ടിയിൽ ചേർന്നു.
ആം ആദ്‌മി പാർട്ടിയിലേയ്ക്ക് കേസരി സിങ് ജിയെ ഞാൻ ഹൃദയപൂർവം സ്വാഗതം ചെയ്യുന്നു. ഗുജറാത്തിൽ ഞങ്ങള്‍ ഒന്നിച്ച് നിന്ന് സത്യസന്ധമായ ഒരു സർക്കാർ രൂപീകരിക്കും' - ഇറ്റാലിയ പറഞ്ഞു. 2014ലും 2017ലും വിജയിച്ച സോളങ്കിക്ക് പകരം കൽപേഷ് പർമാറിനെയാണ് ബിജെപി ഇത്തവണ മതര്‍ മണ്ഡലത്തില്‍ മത്സരിപ്പിക്കുന്നത്. 14 വനിത സ്ഥാനാർഥികൾ ഉൾപ്പടെ 160 സ്ഥാനാർഥികളുടെ ആദ്യ പട്ടിക ബിജെപി കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.