ബെംഗളുരു:കർണാടകയിൽ ഹിജാബ് വിവാദം കത്തുന്നതിനിടെ വിവാദ പ്രസ്‌താവനയുമായി ബിജെപി എംഎൽഎ എം.പി രേണുകാചാര്യ. ബലാത്സംഗക്കേസുകൾ വർധിക്കുന്നതിന് സ്‌ത്രീകളുടെ വസ്‌ത്രധാരണം കാരണമാണെന്നും ശരീരം മുഴുവൻ മറക്കുന്ന വസ്‌ത്രങ്ങളോ, യൂണിഫോമോ ധരിക്കണമെന്നായിരുന്നു എംഎൽഎയുടെ പരാമർശം. ഹിജാബ് വിഷയത്തിൽ പ്രിയങ്ക ഗാന്ധിയുടെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'ബിക്കിനിയോ ഖൂംഘട്ടോ, ജീൻസോ ഹിജാബോ, എന്ത് വസ്‌ത്രം ധരിക്കണമെന്നത് അവൾ തീരുമാനിക്കും. അതിനുള്ള അവകാശം ഭരണഘടന ഉറപ്പു നൽകുന്നുണ്ട്. സ്‌ത്രീകളെ ഉപദ്രവിക്കുന്നത് അവസാനിപ്പിക്കൂ' എന്നായിരുന്നു പ്രിയങ്ക ഗാന്ധിയുടെ ട്വീറ്റ്. ഈ ട്വീറ്റിന് മറുപടിയായാണ് ബിജെപി എംഎൽഎ രംഗത്തെത്തിയത്.