ന്യൂഡല്‍ഹി : ചലച്ചിത്ര താരങ്ങളായ ഷബാന ആസ്‌മി, നസീറുദ്ദീന്‍ ഷാ, കവിയും ഗാനരചയിതാവുമായ ജാവേദ് അക്തര്‍ എന്നിവര്‍ ടുക്‌ഡെ - ടുക്‌ഡെ സംഘത്തിന്‍റെ ( വിമര്‍ശകരെ ബിജെപി വിളിക്കുന്ന പദം ) ഏജന്‍റുമാരെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പ്രശ്‌നങ്ങള്‍ക്കെതിരായി മാത്രമേ ഇവര്‍ ശബ്‌ദിക്കുന്നുള്ളൂ. രാജസ്ഥാനില്‍ തയ്യൽക്കാരനെ കഴുത്തറുത്തുകൊന്നു, ജാർഖണ്ഡിൽ യുവതിയെ തീകൊളുത്തി കൊന്നു എന്നാല്‍ ഇതിലൊന്നും അവർ അപലപിച്ചില്ല. ഇത് ഈ സംഘത്തിന്‍റെ വിലകുറഞ്ഞ മാനസിക നിലയെ തുറന്നുകാട്ടുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
'ഷബാന ആസ്‌മിയും നസീറുദ്ദീന്‍ ഷായും 'ടുക്‌ഡെ ടുക്‌ഡെ' ഏജന്‍റുമാര്‍'; ബില്‍കിസ് ബാനുവിനെ പിന്തുണച്ചതിനെതിരെ ബിജെപി മന്ത്രി - Madhya Pradesh Home Minister Narottam Mishra
ബില്‍കിസ് ബാനു ബലാത്സംഗക്കേസിലെ പ്രതികളെ ഗുജറാത്ത് സര്‍ക്കാര്‍ മോചിപ്പിച്ചതിനെ ഷബാന ആസ്‌മി വിമര്‍ശിച്ചിരുന്നു. തുടര്‍ന്നാണ്, ടുക്‌ഡെ ടുക്‌ഡെ പരിഹാസ വിശേഷണവുമായി മധ്യപ്രദേശ് ആഭ്യന്തരമന്ത്രി രംഗത്തെത്തിയത്
ബില്‍കിസ് ബാനു ബലാത്സംഗക്കേസിലെ 11 പ്രതികളെ ഗുജറാത്ത് സര്‍ക്കാര്‍ മോചിപ്പിച്ചതിനെതിരെ രാജ്യസഭാംഗം കൂടിയായ ഷബാന പ്രതികരിച്ചിരുന്നു. പിന്നാലെയാണ് ബിജെപി നേതാവിന്‍റെ വിമര്‍ശനം. "അടുത്തിടെ ഞങ്ങളുടെ മകളെ ജാർഖണ്ഡിൽ തീകൊളുത്തി കൊല്ലുകയുണ്ടായി. ഈ വിഷയത്തില്‍ ഷബാന എന്തെങ്കിലും പറഞ്ഞോ?. ഇല്ല. ബിജെപി ഭരിക്കുന്നിടത്ത് എന്തെങ്കിലും സംഭവിച്ചാൽ, നസീറുദ്ദീൻ ഷായും ജാവേദ് അക്തറും രംഗത്തെത്തും''. രാജ്യത്ത് തുടരുന്നതിനെക്കുറിച്ച് തന്നെ അവര്‍ ഭയപ്പെടും. പിന്നെ, ഇക്കൂട്ടത്തില്‍ അവാർഡ് തിരിച്ചുനൽകുന്ന ഒരു സംഘവുമുണ്ട്. അവരെല്ലാം സജീവമായി വന്ന് നിലവിളിക്കും” - മന്ത്രി പരിഹസിച്ചു.
ഇത്തരം പ്രവര്‍ത്തികള്‍ അവരുടെ വിലകുറഞ്ഞ മാനസികാവസ്ഥയെ പ്രതിഫലിപ്പിക്കുന്നു. ഇക്കൂട്ടരെയൊക്കെ എങ്ങനെയാണ് മാന്യരെന്നോ മതേതര മനസുള്ളവരെന്നോ വിളിക്കുക?. ചിന്തിക്കേണ്ട കാര്യമാണിത്. ഇക്കാര്യങ്ങളെല്ലാം തുറന്നുകാട്ടപ്പെടുകയാണിപ്പോള്‍''- മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര പറഞ്ഞു.