ബെംഗളൂരു : കർണാടക നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടിങ് പൂർത്തിയായ സാഹചര്യത്തിൽ ഫലത്തിൽ കണ്ണും മനസും നട്ടിരിക്കുകയാണ് മത്സരരംഗത്തുണ്ടായിരുന്ന പാർട്ടികൾ. കോൺഗ്രസിന് മുൻതൂക്കം നൽകുന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളാണ് തെരഞ്ഞെടുപ്പിന് ശേഷം പുറത്തുവന്നതെങ്കിലും ബിജെപി തന്നെ ഭൂരിപക്ഷം നേടി പാര്‍ട്ടി സംസ്ഥാനത്ത് വീണ്ടും അധികാരത്തിലെത്തുമെന്ന ആത്മവിശ്വാസത്തിലാണ് നേതാക്കൾ. സർവേകളോട് പ്രതികരിച്ച മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, ബിഎസ് യെദ്യൂരപ്പ, ബി എൽ സന്തോഷ് എന്നീ നേതാക്കള്‍ സംസ്ഥാനത്ത് ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ട്വീറ്റ് ചെയ്‌ത് ബി എൽ സന്തോഷ് : എക്‌സിറ്റ് പോൾ ഫലങ്ങള്‍ ട്വീറ്റിലൂടെ തള്ളിയ ബിജെപി ദേശീയ സംഘടന ജനറൽ സെക്രട്ടറി ബി എൽ സന്തോഷ്, ഇതിന് മുൻപ് നടന്ന തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വിലയിരുത്തി. സർവേ നടത്തുന്ന എല്ലാവരോടും ബഹുമാനമുണ്ടെന്നും അതേസമയം 2014ൽ 282 എന്നോ 2019ൽ 303 എന്നോ 2022ൽ 156 എന്നോ 2018ൽ 104 സീറ്റുകൾ എന്നോ പ്രവചിക്കാൻ അവർക്കാർക്കും കഴിഞ്ഞില്ലെന്നും കുറിച്ചു. നമ്പറുകൾ ഊഹങ്ങൾ മാത്രമാണെന്നും സന്തോഷ് ട്വീറ്റ് ചെയ്‌തു.
എക്‌സിറ്റ് പോളിൽ അവിശ്വാസം പ്രകടിപ്പിച്ച് ബൊമ്മെ : അതേസമയം തെരഞ്ഞെടുപ്പ് തിരക്കുകൾക്ക് ശേഷം ഭാര്യയുമൊത്ത് ക്ഷേത്ര ദർശനം നടത്തിയ കർണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ എക്‌സിറ്റ് പോള്‍ ഫലങ്ങളിൽ അവിശ്വാസം പ്രകടിപ്പിക്കുകയാണുണ്ടായത്. സർവേകളെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മാധ്യമങ്ങളോട് പ്രതികരിച്ച ആദ്ദേഹം 2018ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് 107 ഉം ബിജെപിക്ക് 80 ഉം സീറ്റുകളാണ് ലഭിക്കുകയെന്നാണ് എക്‌സിറ്റ് പോളുകള്‍ പറഞ്ഞിരുന്നതെന്നും എന്നാൽ ബിജെപി 104 സീറ്റ് നേടിയെന്നും ഓര്‍മിപ്പിച്ചു.