ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപതി മുർമുവിനെതിരായ കോൺഗ്രസ് എംപി അധിർ രഞ്ജൻ ചൗധരിയുടെ രാഷ്‌ട്രപത്നി പരാമർശത്തിൽ പ്രതിഷേധവുമായി ബിജെപി. അധിർ ചൗധരിയുടെ ഭാഗത്ത് നിന്നുണ്ടായത് മനഃപൂർവമായ ലൈംഗിക അധിക്ഷേപമായിരുന്നുവെന്നും വിഷയത്തിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി മാപ്പ് പറയണമെന്നും കേന്ദ്രമന്ത്രി നിർമല സീതാരാമൻ പറഞ്ഞു.
കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിയും കോൺഗ്രസിനെതിരെ രംഗത്തെത്തി. കോൺഗ്രസ് ആദിവാസി വിരുദ്ധ, ദലിത് വിരുദ്ധ, സ്ത്രീ വിരുദ്ധ പാർട്ടിയാണെന്നും ദ്രൗപതി മുർമുവിനെതിരായ ദുരുദ്ദേശ്യപരമായ പ്രവൃത്തിക്ക് മാപ്പ് പറയണമെന്നും സ്‌മൃതി ഇറാനി ആവശ്യപ്പെട്ടു.
പ്രസിഡന്‍റ് സ്ഥാനാർഥിയായി മുർമുവിന്‍റെ പേര് പ്രഖ്യാപിച്ചതു മുതൽ കോൺഗ്രസ് മുർമുവിനെ ദുരുദ്ദേശ്യത്തോടെ ലക്ഷ്യമിടുകയാണ്. മുർമു പാവ സ്ഥാനാർഥിയാണെന്നും തിന്മയുടെ പ്രതീകമാണെന്നുമാണ് കോൺഗ്രസ് വിശേഷിപ്പിക്കുന്നത്. രാജ്യത്തിന്റെ പരമോന്നത ഭരണഘടന പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടും മുർമുവിനെതിരായ കോൺഗ്രസിന്‍റെ ആക്രമണങ്ങൾ അവസാനിക്കുമെന്ന് തോന്നുന്നില്ല എന്നും സ്‌മൃതി ഇറാനി പറഞ്ഞു. വനിത നേതാവായ സോണിയ ഗാന്ധി നയിച്ചിട്ടും ഭരണഘടന പദവികളിലുള്ള സ്ത്രീകളെ അപമാനിക്കുന്നത് കോൺഗ്രസുകാർ തുടരുകയാണെന്നും സ്‌മൃതി ഇറാനി കൂട്ടിച്ചേർത്തു.