സിങ്ഗ്രൗലി : മധ്യപ്രദേശ് ബിജെപി നേതാവ് രാം ലല്ലുവിന്‍റെ മകന്‍ വിവേകാനന്ദ് വൈഷ് ആദിവാസി യുവാവിന് നേരെ വെടിയുതിർത്തു. സിങ്ഗ്രൗലി (Singrauli) ജില്ലയില്‍ നിന്നുള്ള നേതാവിന്‍റെ മകന്‍, മോർവ സ്വദേശിയായ സൂര്യ പ്രകാശ് ഖേർവാറിന് (Surya Prakash Khairwar) നേരെയാണ് ആക്രമണം നടത്തിയത്.
ഇന്നലെ വൈകിട്ട് പലചരക്ക് സാധനങ്ങൾ വാങ്ങാനായി ബൈക്കിൽ ബന്ധുക്കളായ ലാൽചന്ദ് ഖേർവാർ, കൈരു ഖേർവാർ എന്നിവർക്കൊപ്പം മാർക്കറ്റിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. വൈകുന്നേരം ആറ് മണിയോടെ മാർക്കറ്റിലേക്ക് പോകുന്ന വഴി ദീപക് പണിക എന്നയാൾ തന്‍റെ സഹോദരൻ ആദിത്യ ഖേർവാര്‍, സുഹൃത്ത് രാഹുല്‍ എന്നിവരുമായി ബുദ്ധിമായ് ക്ഷേത്രത്തിന് സമീപത്തുവച്ച് തർക്കിക്കുന്നതായി കണ്ടു. തുടർന്ന് കാര്യം തിരക്കാനായി ബൈക്ക് നിർത്തി സഹോദരനടുത്തേക്ക് പോയ സൂര്യയ്‌ക്ക് നേരെ വിവേകാനന്ദ് വെടിയുതിർക്കുകയായിരുന്നു.
സമീപത്ത് പാർക്ക് ചെയ്‌തിരുന്ന കാറിൽ ഇരുന്നുകൊണ്ടാണ് വിവേകാനന്ദ് വെടിയുതിർത്തതെന്ന് സൂര്യ പറഞ്ഞു. കൈമുട്ടിന് താഴെ വെടിയേറ്റുവെന്നും ഉടൻ തന്നെ സംഭവസ്ഥലത്ത് നിന്നും വിവേകാനന്ദ് കാറില്‍ രക്ഷപ്പെട്ടുവെന്നും സൂര്യ ആരോപിച്ചു. വെടിയേറ്റ് രക്തം വാർന്നൊഴുകുന്നത് കണ്ടതോടെ ഒപ്പമുണ്ടായിരുന്ന ലാൽചന്ദ്, സൂര്യയെ നെഹ്‌റു ഹോസ്‌പിറ്റലിൽ എത്തിച്ചു.
തുടർന്ന് യുവാവ് പൊലീസിൽ പരാതി നൽകി. ബിജെപി നേതാവിന്‍റെ കുറ്റാരോപിതനായ മകനെതിരെ ബന്ധപ്പെട്ട നിയമ വകുപ്പുകൾ പ്രകാരം മോർവ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തു. ഇയാൾക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. വിവേകാനന്ദ് ഒരു സ്ഥിരം കുറ്റവാളിയാണെന്നും എന്നാൽ പിതാവിന്‍റെ സ്വാധീനം ഉപയോഗിച്ച് പൊലീസ് നടപടികളിൽ നിന്ന് രക്ഷപ്പെടാറാണ് പതിവെന്നും കോൺഗ്രസ് ജില്ല പ്രസിഡന്‍റ് അരവിന്ദ് സിംഗ് ചന്ദേൽ ആരോപിച്ചു. പ്രതികൾക്കെതിരെ കർശന നടപടിയെടുക്കണമെന്നും യുവാവിന് നീതി ലഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.