ലഖ്‌നൗ : പ്രായപൂർത്തിയാകാത്ത ദലിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയും ഇത് തടയാനെത്തിയ പിതാവിനെ മർദിച്ച് കൊലപ്പെടുത്തുകയും ചെയ്‌ത സംഭവത്തിൽ ന്യൂനപക്ഷ മോർച്ച നേതാവിനെതിരെ കേസെടുത്ത് പൊലീസ് (BJP Leader Rapes minor Dalit Girl). ഉത്തർപ്രദേശിലെ മഹാരാജ്‌ഗഞ്ച് (Utter Pradesh, Maharajganj) ജില്ലയിലാണ് സംഭവം. ബിജെപിയുടെ ന്യൂനപക്ഷ മോർച്ച ജില്ലാതല ഭാരവാഹിയായ മസൂം റാസ റാഹിയ്‌ക്കെതിരെ സദർ കോട്‌വാലി പൊലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്‌തത്.
ബലാത്സംഗത്തിന് ഇരയായ പതിനേഴുകാരിയായ ദലിത് പെൺകുട്ടിയുടെ പരാതിയെ തുടർന്നാണ് നടപടി. ഓഗസ്റ്റ് 28ന് ബിജെപി നേതാവ് തന്നെ ബലാത്സംഗം ചെയ്‌തെന്നാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടി കോട്‌വാലി പൊലീസിന് നൽകിയ പരാതിയിൽ ആരോപിക്കുന്നത്. ഇത് തടയാനെത്തിയ പെൺകുട്ടിയുടെ പിതാവിനെ പ്രതി മർദിച്ചു. ബിജെപി നേതാവിന്‍റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പിതാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ചികിത്സയോട് പ്രതികരിക്കാതെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
അമ്മയുടെ മരണശേഷം പെൺകുട്ടി റാഹിയയുടെ ഉടമസ്ഥതയിലുള്ള ഒരു വീട്ടിൽ താമസിച്ചുവരികയായിരുന്നു. പിതാവിനെ കൂടാതെ മൂന്ന് സഹോദരിമാരും ഇളയ സഹോദരനുമാണ് പെൺകുട്ടിക്കൊപ്പം താമസിച്ചിരുന്നത്. ഈ വീട്ടിൽ വച്ചാണ് പെൺകുട്ടി പീഡനത്തിന് ഇരയായത്.
പ്രതിയായ മസൂം റാസ റാഹിയ്‌ക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ (IPC) ബലാത്സംഗം (376), കൊലപാതകം (302), സ്‌ത്രീത്വത്തെ അപമാനിക്കൽ (354), വീട്ടിൽ അതിക്രമിച്ച് കയറി ദേഹോപദ്രവം ഏൽപ്പിക്കല്‍ (452), മനപ്പൂർവം മുറിവേൽപ്പിക്കല്‍ (323), സമാധാനം തകർക്കുകയെന്ന ഉദ്ദേശത്തോടെ അപമാനിക്കൽ (504), ഭീഷണിപ്പെടുത്തൽ (506) എന്നീ കുറ്റങ്ങള്‍ ചുമത്തി. കൂടാതെ പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയല്‍ നിയമം (provisions of the Scheduled Castes and Scheduled Tribes), കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങളിൽ നിന്നുള്ള സംരക്ഷണ (POCSO) നിയമം എന്നിവയിലെ വിവിധ വകുപ്പുകളും ചേര്‍ത്തിട്ടുണ്ട്.