ന്യൂഡല്‍ഹി : അഗ്നിപഥ് പദ്ധതിയിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന 'അഗ്നിവീരര്‍ക്ക്' തന്‍റെ പാര്‍ട്ടി ഓഫിസിലെ സുരക്ഷ ജോലികളില്‍ മുന്‍ഗണന നല്‍കുമെന്ന് വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ്. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗിയയാണ് വിചിത്ര വാദവുമായി രംഗത്തെത്തിയത്. ഇതിനെതിരെ ബിജെപി എംപി വരുണ്‍ ഗാന്ധി രംഗത്തെത്തി.
'നമ്മുടെ മഹത്തായ സൈന്യത്തിന്‍റെ വീരഗാഥകൾ കേവലം വാക്കുകളാൽ പ്രകടിപ്പിക്കാൻ കഴിയില്ല. അതിന്റെ വീര്യം ലോകമെമ്പാടും പ്രതിധ്വനിക്കുന്നവയാണ്'. സൈനിക സേവനം ജോലി എന്നതിലുപരി ഭാരതമാതാവിനെ സേവിക്കാനുള്ള ഒരു ഉപാധി കൂടിയാണെന്ന് വിജയ് വര്‍ഗിയയെ വിമര്‍ശിച്ച് വരുണ്‍ ഗാന്ധി അഭിപ്രായപ്പെട്ടു.
ഇന്‍ഡോറില്‍ ബിജെപി ഓഫിസില്‍, കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ അഗ്നിപഥിനെ ന്യായീകരിച്ചുകൊണ്ട് വാര്‍ത്താ സമ്മേളനം നടത്തുന്നതിനിടെയായിരുന്നു രാഷ്ട്രീയ ഉദ്ദേശത്തോടെയുള്ള പരാമര്‍ശം. പദ്ധതിയിലൂടെ ഉദ്യോഗാര്‍ഥികള്‍ക്ക് ലഭിക്കുന്ന ആനൂകൂല്യങ്ങളെക്കുറിച്ച് അദ്ദേഹം വാചാലനായി. തുടര്‍ന്നാണ് 'ഈ ഓഫിസില്‍ സുരക്ഷ ജീവനക്കാരെ ആവശ്യമാണെങ്കില്‍ 'അഗ്നിവീരര്‍ക്ക്' മുന്‍ഗണണന നല്‍കും' എന്ന് അദ്ദേഹം പറഞ്ഞത്.
പിന്നാലെ ബിജെപി നേതാവിന് മറുപടിയുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും രംഗത്തെത്തിയിരുന്നു. രാജ്യത്തെ യുവാക്കൾ സൈന്യത്തിൽ ചേരുന്നത് രാജ്യത്തെ സേവിക്കാനാണ്, അല്ലാതെ പിന്നീട് ബിജെപി ഓഫിസിന് പുറത്ത് കാവൽക്കാരനാകാനല്ലെന്ന് ഡൽഹി മുഖ്യമന്ത്രി പറഞ്ഞു. മധ്യപ്രദേശ് കോണ്‍ഗ്രസും ബിജെപി നേതാവിനെ കടുത്ത ഭാഷയിലാണ് വിമര്‍ശിച്ചത്.
എന്നാല്‍ തന്‍റെ പരാമര്‍ശത്തെ 'ടൂള്‍ കിറ്റ് സംഘങ്ങള്‍' വളച്ചൊടിച്ചെന്ന് ആരോപിച്ച് വിജയ് വര്‍ഗിയ രംഗത്തെത്തി. അഗ്നിപഥിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന സൈനികരുടെ മികവ് ഏത് മേഖലയിലും ഉപയോഗിക്കപ്പെടും എന്നാണ് താന്‍ ഉദ്ദേശിച്ചതെന്നായിരുന്നു അദ്ദേഹത്തിന്‍റെ ന്യായീകരണം.