ഡെറാഡൂൺ : ഹിന്ദു ഇതര മതസ്ഥനുമായി മകൾ വിവാഹത്തിനൊരുങ്ങിയതിൽ പാർട്ടിയില്‍ നിന്നുതന്നെ ഭീഷണിയും സൈബര്‍ ആക്രമണവും ഏറ്റുവാങ്ങുകയാണ് ഉത്തരാഖണ്ഡിലെ ബി ജെ പി നേതാവ്. മൂന്ന് തവണ തുടർച്ചയായി പൗരി മുനിസിപ്പാലിറ്റി പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ബിജെപി നേതാവ് യശ്‌പാൽ ബെന്നയുടെ രാഷ്‌ട്രീയഭാവി മകളുടെ വിവാഹത്തിന്‍റെ പേരിൽ ഇപ്പോള്‍ തുലാസിലായിരിക്കുകയാണ്. മെയ് 28 നാണ് യശ്‌പാലിന്‍റെ മകൾ മോണിക്കയും മുസ്‌ലിം മതസ്ഥനായ മോനിസ് ഖാനുമായി വിവാഹം നിശ്ചയിച്ചിരുന്നത്.
പിന്നീട് പാർട്ടി അനുഭാവികളുടെ എതിര്‍പ്പിനെ തുടർന്ന് വിവാഹം വേണ്ടെന്ന് വച്ചിരുന്നു. എന്നാൽ കല്യാണം റദ്ദാക്കിയിട്ടും യശ്‌പാലിനെതിരെയുള്ള രൂക്ഷമായ ആക്രമണം അവസാനിച്ചിട്ടില്ല.'ദി കേരള സ്റ്റോറി' പുറത്തിറങ്ങിയ സാഹചര്യത്തില്‍ തന്നെ ഒരു ബിജെപി നേതാവ് തന്നെ മകളെ മുസ്‌ലിം യുവാവിന് വിവാഹം ചെയ്‌ത് കൊടുക്കാൻ തീരുമാനിച്ചതിനെയാണ് പാർട്ടി പ്രവർത്തകർ ഉൾപ്പടെ പരസ്യമായി സമൂഹ മാധ്യമങ്ങിലും പുറത്തും വിമർശിക്കുന്നത്. ഇത് കൂടാതെ നേതാക്കൾ ഫോണിലൂടെയും യശ്‌പാലിനോട് വിമുഖത അറിയിക്കുകയാണ്.
യശ്‌പാലിന്‍റെ മകൾ മോണിക്ക റൂർക്കിയിലെ എഞ്ചിനീയറിംഗ് കോളജിൽ പഠിക്കുമ്പോഴാണ് മുസ്‌ലിം മതസ്ഥനായ മോനിസ് ഖാനുമായി പ്രണയത്തിലായത്. ഇരു വീട്ടുകാരും വിവാഹത്തിന് സമ്മതം മൂളിയതിനെ തുടർന്നാണ് വിവാഹം നിശ്ചയിച്ചത്. ശേഷം യശ്‌പാലും ഭാര്യ റാവത്തും ഉത്തരാഖണ്ഡിലെ പൗരി ഗഡ്‌വാളിൽ വിവാഹത്തിന്‍റെ ഒരുക്കങ്ങളും ആരംഭിച്ചിരുന്നു.
also read :'ദി കേരള സ്‌റ്റോറി'യെച്ചൊല്ലി സംഘർഷം : ജമ്മുവിൽ 5 പേർക്ക് പരിക്ക്, 10 മെഡിക്കൽ വിദ്യാർഥികള്‍ക്ക് സസ്‌പെന്‍ഷന്‍
യശ്‌പാലിനെ ട്രോളി ബി ജെ പി : വിവാഹ കാർഡ് സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് വിവാദങ്ങൾ ഉയർന്നത്. ഉത്തർപ്രദേശ്, ഹരിയാന, ഹിമാചൽ പ്രദേശ്, തുടങ്ങി പല സംസ്ഥാനങ്ങളിലേയും ഹിന്ദു സംഘടനകളിൽ നിന്ന് ബിജെപി നേതാവിന് വിമർശന കോളുകൾ വന്നിരുന്നു. മകളുടെ ആഗ്രഹത്തിന് വഴങ്ങിയാണ് വിവാഹം തീരുമാനിച്ചതെന്ന് ആദ്യമെല്ലാം ചോദ്യങ്ങൾക്ക് മറുപടി നൽകിയിരുന്നെങ്കിലും വിമർശനങ്ങൾ കടുക്കുകയായിരുന്നു. പിന്നീട് വരന്‍റെ വീട്ടുകാരുമായി സംസാരിച്ച് പരസ്‌പര സമ്മതത്തോടെ വിവാഹം വേണ്ടെന്നുവച്ചു.തന്‍റെ തീരുമാനത്തിൽ പൊതുജനങ്ങൾക്ക് അതൃപ്‌തിയുണ്ടെന്നും നിലവിലെ സാഹചര്യം വിവാഹത്തിന് അനുയോജ്യമല്ലാത്തതിനാലാണ് മാറ്റിവയ്ക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
also read :'ദി കേരള സ്റ്റോറി' നിരോധനം : പശ്ചിമ ബംഗാൾ സർക്കാരിന്‍റെ ഉത്തരവിന് സുപ്രീം കോടതിയുടെ സ്റ്റേ
വിവാഹത്തെ എതിർത്ത് സാധ്വി പ്രാചി : വിവാഹത്തെ എതിർത്ത് വിഎച്ച്‌പി നേതാവ് സാധ്വി പ്രാചി ഇദ്ദേഹത്തെ വിളിച്ചിരുന്നു. കൂടാതെ മകളുടെ വിവാഹം പാർട്ടിയിലുണ്ടാക്കാൻ സാധ്യതയുള്ള ആഘാതത്തെ കുറിച്ച് മുതിർന്ന ബിജെപി നേതാക്കൾ ആശങ്ക അറിയിച്ചതായും യശ്‌പാൽ പറഞ്ഞു. വിവാഹം നിർത്തലാക്കാനുള്ള തീരുമാനം യശ്‌പാലിന്‍റെ രാഷ്‌ട്രീയ ജീവിതം സംരക്ഷിച്ചുവെന്നും പ്രദേശത്തെ 3000 മുസ്‌ലിങ്ങളെയും ഹിന്ദുക്കളെയും സമാധാനിപ്പിക്കാൻ കാരണമായെന്നുമായിരുന്നു ഉത്തരാഖണ്ഡ് രാഷ്‌ട്രീയത്തിലെ പ്രമുഖനായ ഭഗീരഥ് ശർമയുടെ പ്രതികരണം. പക്ഷേ വിവാഹം നിശ്ചയത്തെ തുടര്‍ന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ സൃഷ്‌ടിച്ച വിവാദ കുരുക്കിലാണ് ഇപ്പോഴും യശ്‌പാൽ.