ഗാന്ധിനഗര്‍: 2023 ലോകകപ്പിന്‍റെ ഫൈനല്‍ മത്സരത്തെ കുറിച്ച് രാജ്യമെമ്പാടും ആവേശം. ഓരോ ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളും തങ്ങളുടെ ടീമിലേക്ക് ഉറ്റുനോക്കി കൊണ്ടിരിക്കെയാണ് ബിജെപി നേതാവിന്‍റെ പ്രഖ്യാപനം. ഇത്തവണത്തെ മത്സരത്തില്‍ ഇന്ത്യന്‍ ടീമിന് ലോകകപ്പില്‍ മുത്തമിടാനായാല്‍ മുഴുവന്‍ കളിക്കാര്‍ക്കും പരീശീലകനും സ്വന്തം ഭൂമി വീതം വച്ചു നല്‍കുമെന്ന ബിജെപി നേതാവിന്‍റെ പ്രഖ്യാപനമാണ് ഏറെ ശ്രദ്ധേയമായത്. രാജ്‌കോട്ട് സ്വദേശിയും രാജ്‌കോട്ടിലെ മുന്‍ സര്‍പഞ്ചുമായ കെയുര്‍ ധോലാരിയാണ് ടീം അംഗങ്ങള്‍ക്ക് വ്യത്യസ്‌തമായ സമ്മാനം ഓഫര്‍ ചെയ്‌തിരിക്കുന്നത്.
ടീമിലോ ഓരോ അംഗങ്ങള്‍ക്കും ഓരോ പ്ലോട്ടുകള്‍ വീതമാണ് നല്‍കുക. രാജ്‌കോട്ടിനടുത്തുള്ള ലോത്ര ഇൻഡസ്ട്രീസ് സോണിലാണ് കളിക്കാര്‍ക്ക് സമ്മാനിക്കാനുള്ള പ്ലോട്ട്. 10 ലക്ഷം രൂപയാണ് ഓരോ പ്ലോട്ടിന്‍റെയും വില. വ്യവസായ മേഖലയായ ഈ പ്രദേശത്ത് നിലവില്‍ 230 പ്ലോട്ടുകളാണുള്ളത്. അതില്‍ 15 പ്ലോട്ടുകള്‍ ടീം അംഗങ്ങള്‍ക്കും ഒരു പ്ലോട്ട് പരിശീലകനുമാണ്. കളിക്കാര്‍ക്ക് നല്‍കാനിരിക്കുന്ന പ്ലോട്ടിന്‍റെ ചിത്രങ്ങള്‍ അടക്കം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
കാത്തിരുന്ന കടുത്ത പോരാട്ടം നാളെ:നാളെയാണ് (നവംബര്‍ 19) അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള കടുത്ത മത്സരം അരങ്ങേറുക (Narendra Modi Stadium In Ahmedabad). 2003ലെ ഫൈനല്‍ മത്സരത്തിന് സമാനമാകും വിധമാണ് ഇത്തവണയും മത്സരം പൊടിപൊടിക്കുക. കലാശ പോരാട്ടത്തിനായി ഇരു ടീമുകളും അഹമ്മദാബാദിലെത്തി.