ന്യൂഡല്‍ഹി : കാറിനടിയില്‍പ്പെട്ട് ഇരുപതുകാരി 12 കിലോമീറ്ററോളം റോഡില്‍ വലിച്ചിഴക്കപ്പെട്ട് ദാരുണമായി മരിച്ച സംഭവത്തിലെ പ്രതികളില്‍ ബിജെപി നേതാവും. കേസിലെ അഞ്ച് പ്രതികളില്‍ ഒരാളായ മനോജ് മിത്തല്‍ (27) ഡല്‍ഹി മംഗോല്‍പുരി ഏരിയയിലെ ബിജെപി നേതാവാണ്. മംഗോല്‍പുരിയിലെ 42-ാം വാര്‍ഡില്‍ കോ-കണ്‍വീനറാണ് മനോജ് മിത്തല്‍.
സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഡൽഹി പൊലീസ് കമ്മിഷണറോട് വിശദമായ റിപ്പോർട്ട് തേടി. ഡൽഹി പൊലീസ് സ്‌പെഷ്യൽ കമ്മിഷണർ ശാലിനി സിങ്ങിനോട് ഇതുസംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ അമിത് ഷാ ആവശ്യപ്പെട്ടു.
മനോജ് മിത്തല്‍ കേസില്‍ പ്രതിയായതിന് പിന്നാലെ ബിജെപിക്കെതിരെ എഎപി രംഗത്തുവന്നു. വിഷയത്തില്‍ വേണ്ട ഗൗരവം കാണിക്കുന്നില്ലെന്നാരോപിച്ച് ഡല്‍ഹി ലഫ്‌റ്റനന്‍റ് ഗവര്‍ണര്‍ വിനയ്‌കുമാര്‍ സക്‌സേനക്ക് നേരെയും പ്രതിഷേധം നടന്നു. എഎപി പ്രവര്‍ത്തകര്‍ ഗവര്‍ണറുടെ രാജി ആവശ്യപ്പെട്ട് സിവില്‍ ലൈനിലുള്ള വസതിക്ക് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു.
Also Read : കാറില്‍ കുടുങ്ങി ഡല്‍ഹി പെണ്‍കുട്ടി റോഡിലൂടെ വലിച്ചിഴക്കപ്പെട്ടത് 12 കി.മീ ; നടുക്കുന്ന സിസിടിവി ദൃശ്യം പുറത്ത്
പുതുവര്‍ഷ പുലരിയിലാണ് ഡല്‍ഹിയെ നടുക്കിയ അപകടം നടന്നത്. സുല്‍ത്താന്‍പുരിയില്‍ വച്ച് കാര്‍ സ്‌കൂട്ടര്‍ യാത്രക്കാരിയായ പെണ്‍കുട്ടിയെ ഇടിക്കുകയും 12 കിലോമീറ്ററോളം റോഡിലൂടെ വലിച്ചിഴച്ച് മുന്നോട്ടുപോവുകയും ചെയ്‌തു. കാഞ്ചവാല പ്രദേശത്താണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിയെ വലിച്ചിഴച്ച് കാര്‍ സഞ്ചരിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
മനോജ് മിത്തലിനെ കൂടാതെ ദീപക് ഖന്ന (26), അമിത് ഖന്ന (25), കൃഷൻ (27), മിഥുൻ (26) എന്നിവരും കാറില്‍ ഉണ്ടായിരുന്നു. അഞ്ചുപേരെയും അറസ്റ്റ് ചെയ്‌ത് കോടതിയില്‍ ഹാജരാക്കി. വിശദമായ ചോദ്യം ചെയ്യലിനായി പ്രതികളെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ദീപക്കാണ് വാഹനം ഓടിച്ചത്.
മദ്യം കഴിച്ചിരുന്നോ എന്ന് സ്ഥിരീകരിക്കാന്‍ ദീപക്കിന്‍റെ രക്തസാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.