കേരളം

kerala

BJP Land Auction Poster Against Farmer : വീടും സ്ഥലവും ലേലം ചെയ്‌തതായി പോസ്‌റ്റര്‍ ; ബിജെപിക്കെതിരെ പരാതിയുമായി കര്‍ഷകന്‍

By ETV Bharat Kerala Team

Published : Oct 6, 2023, 11:02 PM IST

BJP Land Auction Poster : പൊഖ്‌റാനില്‍ കര്‍ഷകന്‍റെ വീടും സ്ഥലവും ജപ്‌തി ചെയ്‌തതായി ബിജെപി പോസ്‌റ്റര്‍. താന്‍ വായ്‌പ എടുത്തിട്ടില്ലെന്ന് കര്‍ഷകന്‍. ബിജെപിയുടെ ലക്ഷ്യം തന്നെ അപകീര്‍ത്തിപ്പെടുത്തലെന്നും കുറ്റപ്പെടുത്തല്‍.

BJP Land Auction Poster Against Farmer In Rajasthan
BJP Land Auction Poster Against Farmer In Rajasthan

ജയ്‌പൂര്‍ : രാജസ്ഥാനിലെ പൊഖ്‌റാനില്‍, വീടും സ്ഥലവും ജപ്‌തി ചെയ്‌തതായി ബിജെപി പോസ്‌റ്റര്‍ പതിച്ചെന്ന ആരോപണവുമായി കര്‍ഷകന്‍. രാംദേവ്ര സ്വദേശിയായ മധുരം ജയ്‌പാല്‍ എന്ന കര്‍ഷകനാണ് പരാതിയുമായി രംഗത്തെത്തിയത്. നിലവില്‍ താന്‍ വായ്‌പകളൊന്നും എടുത്തിട്ടില്ലെന്നും തന്‍റെ വീട് ലേലം ചെയ്‌തിട്ടില്ലെന്നും കര്‍ഷകന്‍ പറയുന്നു (BJP Land Auction Poster Against Farmer).

ഫോട്ടോ സഹിതം വീട് ലേലം ചെയ്യപ്പെട്ടുവെന്ന് പോസ്റ്റ‌ര്‍ പതിപ്പിച്ചത് തന്‍റെ അറിവില്ലാതെയാണ്. ഇതിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും കര്‍ഷകന്‍ പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി രാജസ്ഥാനില്‍ പ്രചാരണത്തിന് തുടക്കം കുറിച്ചിരുന്നു. ഇതിനിടെ സംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളില്‍ കര്‍ഷകരെ സംബന്ധിക്കുന്ന പോസ്‌റ്ററുകള്‍ പതിച്ചിരുന്നു. എന്നാല്‍ ജയ്‌സാൽമീർ ജില്ലയിലെ രാംദേവ്രയില്‍ 200 ബിഗാസ്‌ ഭൂമിയുടെ ഉടമയാണ് താനെന്നും ഭൂമി ലേലം ചെയ്‌തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ കര്‍ഷകരെ അപകീര്‍പ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ളതാണ് ബിജെപിയുടെ പോസ്‌റ്റര്‍, അതിലെ പ്രസ്‌താവനകള്‍ തികച്ചും തെറ്റിദ്ധാരണാജനകവും വ്യാജവുമാണെന്നും മധുരം ജയ്‌പാല്‍ പറഞ്ഞു. ഗ്രാമവാസിയായ ഒരു യുവാവില്‍ നിന്നാണ് താന്‍ പോസ്‌റ്ററിനെ കുറിച്ച് അറിഞ്ഞത്. ജയ്‌പൂരില്‍ പലയിടത്തും തന്‍റെ ഫോട്ടോ പതിച്ച പോസ്റ്ററുകള്‍ കണ്ടതായി യുവാവ് പറഞ്ഞുവെന്നും അദ്ദേഹം വിശദീകരിച്ചു. പോസ്‌റ്റര്‍ കണ്ട യുവാവ് അതിന്‍റെ ഫോട്ടോ ഗ്രാമത്തിലെ വാട്‌സ്‌ ആപ്പ് ഗ്രൂപ്പില്‍ പങ്കിടുകയും തന്‍റെ മകനെ വിവരം അറിയിക്കുകയുമായിരുന്നു - ജയ്‌പാല്‍ പറഞ്ഞു.

എന്‍റെ അനുവാദമില്ലാതെയാണ് ഫോട്ടോ എടുത്തിട്ടുള്ളത്. പോസ്റ്റ‌ര്‍ ഉടന്‍ നീക്കം ചെയ്യണം. പോസ്റ്ററില്‍ ഫോട്ടോ പ്രദര്‍ശിപ്പിച്ചത് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ മധുരം ബിജെപി ജില്ല ജനറല്‍ സെക്രട്ടറി നാരായണ്‍ സിങ്ങിനെ കാണുകയും പരാതി അറിയിക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ ആരാണ് പോസ്റ്റര്‍ പതിച്ചതെന്ന് തനിക്കറിയില്ലെന്നും അക്കാര്യം അന്വേഷിക്കട്ടെയെന്നുമാണ് അദ്ദേഹം മറുപടി നല്‍കിയതെന്നും കര്‍ഷകന്‍ പറഞ്ഞു.

ഫോട്ടോയെടുപ്പില്‍ സംശയം പ്രകടിപ്പിച്ച് മധുരം ജയ്‌പാല്‍ : ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് തന്‍റെ കൃഷിയിടത്തില്‍ രണ്ട് കര്‍ഷകര്‍ എത്തിയിരുന്നു. കൃഷി വിളകളെ കുറിച്ച് തന്നോട് നിരവധി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ഇരുവരുടെയും കൈവശം വലിയ ക്യാമറകള്‍ ഉണ്ടായിരുന്നു.

കൃഷി നാശമുണ്ടായാല്‍ സര്‍ക്കാര്‍ ധനസഹായം നല്‍കുമെന്നും അതിന് ഫോട്ടോ വേണമെന്നും അവര്‍ ആവശ്യപ്പെട്ടു. ബിജെപിയെ കുറിച്ചോ ലേലത്തെ കുറിച്ചോ യാതൊന്നും യുവാക്കള്‍ സംസാരിക്കാത്തത് കൊണ്ട് തനിക്ക് അന്ന് സംശയമൊന്നും തോന്നിയില്ലെന്നും മധുരം ജയ്‌പാല്‍ പറഞ്ഞു.

ABOUT THE AUTHOR

...view details