ബെംഗളൂരു:വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിനെ (Loksabha Election) ബിജെപിയുമായി (BJP) കൈകോര്‍ത്ത് നേരിടാനൊരുങ്ങി ജെഡിഎസ് (JDS). ഇതിന്‍റെ ഭാഗമായി കര്‍ണാടകയിലെ ലോക്‌സഭ സീറ്റുകളില്‍ ബിജെപിയുമായി സഖ്യത്തിലൂടെ മത്സരിക്കാനൊരുങ്ങുന്ന ജെഡിഎസിന്‍റെ തീരുമാനത്തെ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ബി.എസ് യെദ്യൂരപ്പ (BS Yediyurappa) സ്വാഗതം ചെയ്‌തു. സഖ്യത്തിലൂടെ കൂടുതല്‍ സീറ്റുകള്‍ നേടാനാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സഖ്യത്തെക്കുറിച്ച് വ്യക്തമാക്കി: ബെംഗളൂരുവിലെ ഫ്രീഡം പാര്‍ക്കില്‍ (Bengaluru Freedom Park) വച്ച് മാധ്യമങ്ങളോട് സംസാരിക്കവെയാണ് യെദ്യൂരപ്പ ബിജെപി-ജെഡിഎസ് സഖ്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവച്ചത്. സഖ്യ ചര്‍ച്ചകളുടെ ഭാഗമായി ജെഡിഎസ് നേതാവ് എച്ച്‌ഡി ദേവഗൗഡയും (HD Deve Gowda) ഞങ്ങളുടെ നേതാക്കളായ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഡല്‍ഹിയില്‍ വച്ച് കൂടിക്കാഴ്‌ച നടന്നു. ഇരുവിഭാഗം നേതാക്കളും സഖ്യത്തിന് ധാരണയുമായി. മാത്രമല്ല ജെഡിഎസിന് നാല് സീറ്റ് വിട്ടുനല്‍കാന്‍ ധാരണയായെന്നും യെദ്യൂരപ്പ പറഞ്ഞു.
ഇതുപ്രകാരം ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ നാല് സീറ്റുകളില്‍ ജെഡിഎസും അവശേഷിക്കുന്ന 24 സീറ്റുകളില്‍ ബിജെപിയും മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സഖ്യത്തെ സ്വാഗതം ചെയ്യുന്നു. ഇത് കൂടുതല്‍ സീറ്റുകള്‍ നേടാന്‍ ഞങ്ങളെ സഹായിക്കുമെന്നും സഖ്യം 25 മുതല്‍ 26 വരെ സീറ്റുകളില്‍ വിജയിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സഖ്യം സംസ്ഥാനത്തെ രക്ഷിക്കാനെന്ന് ബൊമ്മൈ: ബിജെപി-ജെഡിഎസ് സഖ്യത്തെ മുന്‍ മുഖ്യമന്ത്രി ബസവരാജ ബൊമ്മൈയും സ്വാഗതം ചെയ്‌തു. കർണാടകയെ രക്ഷിക്കാനാണ് സഖ്യമുണ്ടാക്കിയത്. പ്രതിപക്ഷം സ്വാഭാവികമായി ഒറ്റക്കെട്ടായിട്ടുണ്ട്. എന്നാല്‍ സംസ്ഥാനത്തെ രക്ഷിക്കാൻ ഒന്നിക്കേണ്ടത് നിലവിലെ ആവശ്യമാണെന്നും ബൊമ്മൈ പറഞ്ഞു.