കോയമ്പത്തൂര്‍ : കഴിഞ്ഞ ദിവസം നടന്ന കാര്‍ സ്‌ഫോടനം തമിഴ്‌നാട് സര്‍ക്കാര്‍ ഗൗരവത്തോടെ എടുക്കുന്നില്ലെന്ന് ആരോപിച്ച് ഒക്‌ടോബര്‍ 31ന് ബിജെപിയും മറ്റ് ഹിന്ദു സംഘടനകളും സംയുക്ത ബന്ദിന് ആഹ്വാനം ചെയ്‌തു. കോയമ്പത്തൂര്‍ ജില്ലയില്‍ മാത്രമാണ് രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ 12 മണിക്കൂര്‍ നീളുന്ന ബന്ദിന് ആഹ്വാനം ചെയ്‌തിരിക്കുന്നത്. 1998ല്‍ തുടര്‍ച്ചയായ സ്‌ഫോടനങ്ങള്‍ നടന്ന നഗരമാണ് കോയമ്പത്തൂരെന്നും സംഘം ലക്ഷ്യ സ്ഥാനത്ത് എത്തുന്നതിന് മുമ്പ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായെന്നും ബിജെപി നേതാവ് സി പി രാധാകൃഷ്‌ണന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ജില്ലയിലെ ബിജെപി നേതാക്കളുടെ ഓഫിസുകൾക്കും വീടുകൾക്കും നേരെ പെട്രോൾ ബോംബെറിഞ്ഞ സംഭവങ്ങൾ ഭരണകക്ഷിയായ ഡിഎംകെ ഗൗരവമായി എടുത്തിട്ടില്ല. സർക്കാർ ഇത്തരം പ്രവർത്തനങ്ങളുടെ ചരിത്രം പരിശോധിക്കുന്നതിന് പകരം വോട്ടിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സംഭവത്തിന്‍റെ വ്യാപ്തി സര്‍ക്കാരിന്‍റെ ശ്രദ്ധയിലേക്ക് കൊണ്ടുവരാനാണ് ബന്ദിന് ആഹ്വാനം ചെയ്‌തിരിക്കുന്നതെന്നും ബിജെപി നേതാവ് വ്യക്തമാക്കി.