ദിസ്പൂര്‍:ജോര്‍ഹത്തിലെ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരെ ആഞ്ഞടിച്ച് പ്രിയങ്കാ ഗാന്ധി. "അസമിന് നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിക്കാത്ത സര്‍ക്കാരാണ് ബിജെപിയുടേത്. അസം ഉടമ്പടിയിലെ ആറാം ഖണ്ഡിക നടപ്പാക്കുമെന്നും പൗരത്വ ഭേദഗതി നിയമം സംസ്ഥാനത്ത് നടപ്പിലാക്കില്ലെന്നും ബിജെപി വാഗ്ദാനം ചെയ്തിരുന്നു. ഇതില്‍ നിന്നെല്ലാം മോദി സര്‍ക്കാര്‍ പിന്നോട്ട് പോയി. 25 ലക്ഷം പേര്‍ക്ക് ജോലി നല്‍കുമെന്ന് പറഞ്ഞു. തേയ്‌ല തൊഴിലാളികളുടെ വരുമാനം വര്‍ധിപ്പിക്കുമെന്ന് പറഞ്ഞു. തേയില പ്ലാന്‍റേഷനുകളിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുമെന്ന് പറഞ്ഞു. ഇവയിലൊന്നു പോലും ബിജെപി നടപ്പിലാക്കിയില്ല. തേയില തൊഴിലാളികള്‍ പറയുന്നത് അവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ്. ചികിത്സാ സംവിധാനങ്ങളോ ശൗചാലയങ്ങളോ പോലും നിര്‍മിച്ച് നല്‍കിയിട്ടില്ല." പ്രിയങ്ക പറഞ്ഞു.
അസം കത്തിയെരിഞ്ഞപ്പോള്‍ മോദി എവിടെപ്പോയിരുന്നു: പ്രിയങ്ക - നരേന്ദ്ര മോദി വാര്‍ത്തകള്‍
അസം ഉടമ്പടി നടപ്പാക്കുമെന്നും പൗരത്വ ഭേദഗതി നിയമം സംസ്ഥാനത്ത് നടപ്പിലാക്കില്ലെന്നും ബിജെപി വാഗ്ദാനം ചെയ്തിരുന്നു. ഇതില്‍ നിന്നെല്ലാം മോദി സര്‍ക്കാര്‍ പിന്നോട്ട് പോയി.

"നവ മാധ്യമങ്ങളിലെ ചില ചിത്രങ്ങളില്‍ പ്രധാനമന്ത്രി ദുഖം രേഖപ്പെടുത്തിയിരുന്നു. പക്ഷെ പൗരത്വ പ്രതിഷേധങ്ങളില്‍ അസം കത്തിയെരിഞ്ഞപ്പോള്‍ മോദിക്ക് ദുഖം തോന്നിയില്ലേ? അസമിലെ മഹാ പ്രളയ സമയത്തും അദ്ദേഹത്തിന് ദുഖം തോന്നിയില്ലേ?" അസം ജനതയ്ക്ക് നല്‍കിയ വാക്കുകളൊന്നും പാലിക്കാത്തതില്‍ മോദിക്ക് ദുഖം തോന്നിയില്ലേയെന്നും പ്രിയങ്ക ചോദിച്ചു.
അസമില്‍ നിന്നും അസമിനെ നയിക്കുന്ന സര്‍ക്കാരുണ്ടാകുമെന്നാണ് ബിജെപി ജനങ്ങള്‍ക്ക് വാഗ്ദാനം നല്‍കിയത്. പക്ഷെ ഇപ്പോള്‍ ഡല്‍ഹിയില്‍ നിന്നുമാണ് അസമില്‍ ഭരണം നടത്തുന്നത്. അസം ഗണ പരിഷദ്, ഡല്‍ഹി ഗണ പരിഷദ് ആയെന്നും പ്രിയങ്ക പരിഹസിച്ചു. 126 അംഗ നിയമസഭയിലേക്ക് മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ 6 വരെ മൂന്ന് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക. മെയ് രണ്ടിനാണ് ഫലപ്രഖ്യാപനം.