ചണ്ഡീഗഡ്:പടലപ്പിണക്കങ്ങള്‍, കൂറുമാറ്റം, അധികാര വടംവലികള്‍, സീറ്റ് മോഹങ്ങള്‍ തുടങ്ങി കാറും കോളും നിറഞ്ഞ രാഷ്ട്രീയ അന്തരീക്ഷത്തിലാണ് ഇത്തവണ പഞ്ചാബ് പോളിങ് ബൂത്തിലെത്തുന്നത്. പുതിയ പാര്‍ട്ടികള്‍, നേതാക്കളുടെ രാഷ്ട്രീയ കുതന്ത്രങ്ങള്‍ പുതിയ സഖ്യങ്ങള്‍ തുടങ്ങി മുള്‍മുനയിലാണ് വോട്ടർമാര്‍. ഗോതമ്പ് വിളയുന്ന പഞ്ചാബിലെ മണ്ണില്‍ രാഷ്ട്രീയ ധാര്‍മികതയ്ക്ക് എന്തു സംഭവിച്ചെന്നും 2022ലെ പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് കൂട് വിട്ട് കൂറുമാറിയവർക്ക് എന്താണ് സംഭവിച്ചതെന്നും നോക്കാം.
കോൺഗ്രസ്
ഇത്തവണ കോണ്‍ഗ്രസ് പാര്‍ട്ടിയിലാണ് ഏറ്റവും വലിയ കൂറുമാറ്റം കണ്ടത്. തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ തുടങ്ങിയ പടലപ്പിണക്കങ്ങള്‍ കോണ്‍ഗ്രസിനെ വലിയ പ്രതിസന്ധിയില്‍ ആക്കിയിരുന്നു. ഇതിനിടെ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന്‍റെ രാജിയും തുടര്‍ന്നുള്ള രാഷ്ട്രീയ നീക്കങ്ങളും സംസ്ഥാനത്ത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചു. കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാക്കള്‍ അടക്കം ഇടപെട്ട് രംഗം ശാന്തമാക്കാന്‍ നോക്കിയെങ്കിലും ഫലം കണ്ടില്ല.
ഒടുവില്‍ രാഹുല്‍ ഗാന്ധി നേരിട്ടിറങ്ങിയെങ്കിലും അധികാരത്തിന്‍റെ നീരാളിപ്പിടിത്തം അമരീന്ദറിനേയും കൂട്ടാളേയും വരിഞ്ഞ് മുറുക്കിയിരുന്നു. ഇതോടെ പാര്‍ട്ടി വിട്ട അമരീന്ദര്‍ സിംഗ് സ്വന്തം പാർട്ടിയുണ്ടാക്കി. പഞ്ചാബ് ലോക് കോൺഗ്രസ് രൂപീകരിച്ച അദ്ദേഹം കോണ്‍ഗ്രസിന് ആദ്യ പ്രഹരമേല്‍പ്പിച്ചു.
ബിജെപി തങ്ങളുടെ കുതിരക്കച്ചവടവും ചാക്കിട്ട് പിടിത്തവും ഇത്തവണയും തുടര്‍ന്നു. അമരീന്ദറിലൂടെ അടിപതറി തുടങ്ങിയ കോണ്‍ഗ്രസില്‍ നിന്നും റാണാ ഗുർമീത് സിംഗ് സോധി, ഫത്തേ ജംഗ് സിംഗ് ബജ്‌വ, ബൽവീന്ദർ സിംഗ് ലാഡി എന്നിവര്‍ ബിജെപിയിലെക്കെത്തി. പിന്നീട് കോൺഗ്രസിൽ തിരിച്ചെത്തിയെങ്കിലും ലാഡിക്ക് സീറ്റ് നിഷേധിച്ച് കോണ്‍ഗ്രസ് വീര്യം കാട്ടി.
Also Read: ഫെബ്രുവരി 14ന് ഉത്തരാഖണ്ഡ് പോളിങ് ബൂത്തിലേക്ക് ; സ്ത്രീ വോട്ടുകള്‍ നിര്‍ണായകം
കോണ്‍ഗ്രസിന്‍റെ സംസ്ഥാനത്തെ വലിയ നേതാവായിരുന്നു സുഖ്‌ജീന്ദർ രാജ് സിംഗ് ലാലി മജിതിയ എന്നാൽ അദ്ദേഹം പാർട്ടി വിട്ട് ആം ആദ്മി പാർട്ടിയില്‍ ചേര്‍ന്നു. കൂടാതെ മുൻ മന്ത്രി ജഗ്‌മോഹൻ സിംഗ് കാംഗുവും ആം ആദ്മി പാര്‍ട്ടിക്കൊപ്പമെത്തി.
കൂറുമാറിയവരില്‍ ഗുർമീത് സോധിക്ക് ഫിറോസ്‌പൂർ സിറ്റിയിൽ ബിജെപി ടിക്കറ്റ് നൽകി. ഫത്തേ ജംഗ് സിംഗ് ബജ്‌വക്ക് ഭട്‌ലയിലും സീറ്റ് ലഭിച്ചു. ലാലി മജിത, ബല്‍വീന്ദര്‍ സിംഗ് ലാഡി, ജഗ് മോഹന്‍ കാംഗു എന്നിവര്‍ക്ക് ഇത്തവണ സീറ്റ് ലഭിച്ചില്ല. എന്നാല്‍ ഗുര്‍മീത് സിംഗ് കുദിയാന് ലാമ്പിയിലിറക്കിയാണ് ഇത്തവണ ആം ആദ്മി പാര്‍ട്ടി തന്ത്രങ്ങള്‍ മെനയുന്നത്.
പാര്‍ട്ടിവിട്ട സിംഗര്‍ ബല്‍ക്കര്‍ സിദ്ദുവിന് രാംപുര പേല്‍ നിയമസഭാ മണ്ഡലത്തില്‍ സീറ്റ് നല്‍കി. മുന്‍ എംഎല്‍എ ഹര്‍ജീന്ദര്‍ സിംഗ് ടെണ്ടുല്‍ക്കറാവട്ടെ പാര്‍ട്ടി വിട്ട് പഞ്ചാബ് ലോക് കോണ്‍ഗ്രസില്‍ ചേര്‍ന്നു.
ആം ആദ്മി പാർട്ടി
'ആപി'ലാണ് ഇത്തവണ ഏറ്റവും കൂടുതൽ പടലപ്പിണക്കങ്ങള്‍ കണ്ടത്. 2017ലെ നിയമസഭ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷമായി ഉയർന്നുവന്ന പാർട്ടിയുടെ എംഎൽഎമാർ തുടക്കം മുതൽ തൃപ്തരല്ലായിരുന്നു. എച്ച്എസ് ഫൂൽക്കയാണ് ആദ്യം പാര്‍ട്ടി വിട്ടത്. അദ്ദേഹത്തിന് പിന്നാലെ സുഖ്പാൽ ഖൈറ, കൻവർ സന്ധു, നാസർ സിംഗ് മാൻഷാഹിയ, ജഗ്‌ദേവ് സിംഗ് ജഗ്ഗ ഹിസോവൽ, അമർജിത് സിംഗ് സന്ദോവ, രൂപീന്ദർ കൗർ റൂബി, പിർമൽ സിംഗ് ദൗള, ജഗ്‌ദേവ് സിംഗ് കമാലു തുടങ്ങി എല്ലാ എം.എൽ.എമാരും കോൺഗ്രസിൽ ചേർന്നു.