ന്യൂഡൽഹി:ഡല്‍ഹി വനിത കമ്മിഷന്‍ അധ്യക്ഷ സ്വാതി മലിവാളിനെതിരെയുണ്ടായ അതിക്രമ വാർത്ത അടിസ്ഥാന രഹിതമെന്ന് ബിജെപി. 'മലിവാളിന്‍റെ നാടകം വെളിച്ചെത്ത് വന്നുവെന്ന്' ബിജെപി നേതാവ് ഷാസിയ ഇൽമി ട്വീറ്റ് ചെയ്‌തു. ഡല്‍ഹിയെയും പൊലീസിനെയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള ഗുരുതര ആരോപണങ്ങളാണ് ഉയര്‍ന്ന് വന്നത്. സ്ത്രീ സുരക്ഷയുടെ ഗുരുതരമായ വിഷയത്തിൽ വിലകുറഞ്ഞ രാഷ്ട്രീയം നിയമാനുസൃതമാണോയെന്നും ഇൽമി ചോദിച്ചു.
ഇത്തരം നാടകങ്ങളിൽ ഏർപ്പെടുന്നതിലൂടെ മലിവാൾ സ്ത്രീകളെ ദുർബലപ്പെടുത്തരുതെന്ന് മുൻ ഡിസിഡബ്ലിയു മേധാവി ബർഖ ശുക്ല സിങ് പറഞ്ഞു. മലിവാളിനെ ഉപദ്രവിച്ചെന്ന് ആരോപിക്കപ്പെടുന്ന ഹരീഷ് ചന്ദ്ര സൂര്യവംശി യഥാർഥത്തിൽ സംഗം വിഹാറിലെ ആം ആദ്‌മി പാർട്ടിയുടെ പ്രമുഖ പ്രവർത്തകനാണെന്ന് ഡൽഹി ബിജെപി വർക്കിങ് പ്രസിഡന്‍റ് വീരേന്ദ്ര സച്ച്ദേവ പറഞ്ഞു. സ്വാതി മലിവാള്‍ ആംആദ്‌മി അംഗമാണെന്നും സംഭവം ഗൂഢാലോചനയുടെ ഭാഗമാണെന്നുമാണ് ബിജെപി ആരോപണം.