ഹൈദരാബാദ്:കോൺഗ്രസിനും ഇടതുപാർട്ടികൾക്കും ഒപ്പം ബിജെപിയെ അതിശക്തമായി വിമർശിക്കുകയും ബിജെപി വിരുദ്ധ രാഷ്ട്രീയത്തിന് നേതൃത്വം നല്‍കാൻ മുന്നിട്ടിറങ്ങുകയും ചെയ്‌ത രാഷ്ട്രീയ നേതാവും തെലങ്കാന മുഖ്യമന്ത്രിയുമാണ് കെ ചന്ദ്രശേഖർ റാവു. പ്രാദേശിക പാർട്ടിയെന്ന പരിമിതി മറികടക്കാൻ സ്വന്തം രാഷ്ട്രീയ പ്രസ്ഥാനത്തിന്‍റെ പേര് തെലങ്കാന രാഷ്ട്ര സമിതി എന്നതിന് പകരം ഭാരത രാഷ്ട്ര സമിതി എന്നാക്കിയാണ് ചന്ദ്രശേഖർ റാവു ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവടുറപ്പിക്കാൻ ശ്രമിക്കുന്നത്.
ബിജെപിയുടെ കളി മറ്റൊന്ന്: ബിജെപി എതിരെ ദേശീയ തലത്തില്‍ പോരാട്ടത്തിന് ചന്ദ്രശേഖർ റാവു ശ്രമിക്കുമ്പോൾ തെലങ്കാനയില്‍ അധികാരത്തിലെത്താനുള്ള ശ്രമങ്ങളാണ് ബിജെപി നടത്തുന്നത്. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ തെലങ്കാന പിടിക്കുകയെന്ന ഒറ്റ ലക്ഷ്യം മാത്രമേ ബിജെപിയ്ക്ക് മുന്‍പിലുള്ളൂ. 'പ്രജാ ഗോസ - ബിജെപി ബറോസ' എന്ന പേരിൽ തെലങ്കാനയില്‍ ശക്തമായ രാഷ്ട്രീയ പ്രചാരണ പരിപാടികളാണ് ബിജെപി നടത്തുന്നത്.
'ദുരിതക്കയത്തില്‍ ജനങ്ങള്‍, അവര്‍ക്ക് ഉറപ്പായി ബിജെപി' എന്ന അര്‍ഥം വരുന്ന മുദ്രാവാക്യമുയർത്തി തെരുവ് യോഗങ്ങളാണ് ബിജെപിയുടെ പുത്തൻ തന്ത്രം. താഴെത്തട്ട് മുതലുള്ള നേതൃത്വത്തെ ശക്തിപ്പെടുത്താനും ബിആർഎസ് സർക്കാരിന്‍റെ പോരായ്‌മകള്‍ ജനങ്ങള്‍ക്ക് മുല്‍പില്‍ തുറന്നുകാട്ടാനുമാണ് ശ്രമമെന്ന് ബിജെപി നേതാക്കൾ പറയുന്നു. ഫെബ്രുവരി 10ന് ആരംഭിച്ച പ്രചാരണം ഫെബ്രുവരി 25 വരെ തുടരും. ഈ ദിവസങ്ങള്‍ക്കുള്ളില്‍ 11,000 സ്ട്രീറ്റ് കോർണർ മീറ്റിങുകള്‍ സംഘടിപ്പിക്കാനാണ് ലക്ഷ്യമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് കാസം വെങ്കിടേശ്വര്‍ലു പറഞ്ഞിരുന്നു.
'രണ്ടില്‍' നിന്ന് 'മുഖ്യ ശക്തി'യാവാന്‍': 2018 ഡിസംബറിലാണ് തെലങ്കാനയില്‍ അവസാനമായി നിയമസഭ തെരഞ്ഞെടുപ്പ് നടന്നത്. 119 മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് 88 സീറ്റുകള്‍ പിടിച്ചാണ് കെ ചന്ദ്രശേഖര്‍ റാവുവിന്‍റെ ടിആര്‍എസ് (ഇപ്പോള്‍ ബിആര്‍എസ്) അധികാരത്തിലേറിയത്. കോൺഗ്രസ് സഖ്യം 21 സീറ്റുകള്‍ നേടിയപ്പോള്‍ മറ്റുള്ളവര്‍ 10 എണ്ണമാണ് നേടിയത്. എന്നാല്‍, ഇപ്പോള്‍ സംസ്ഥാനത്തെ 'മുഖ്യ ശക്തി'യാവാന്‍ ശ്രമിക്കുന്ന ബിജെപിയ്‌ക്ക് രണ്ട് എംഎല്‍എമാരില്‍ ഒതുങ്ങേണ്ടിവന്നു. ഗോഷാമഹല്‍ മണ്ഡലം എംഎല്‍എ ടി രാജ സിങ്, ദുബ്ബാക് എംഎല്‍എ മാധവനേനി രഘുനന്ദന്‍ റാവു എന്നിവരാണ് ആ രണ്ടുപേര്‍. 2018ലേറ്റ സങ്കടം തീര്‍ക്കുക, സംസ്ഥാനത്തെ 119 സീറ്റുകളില്‍ 90 സീറ്റുകളെങ്കിലും പിടിക്കുക എന്നതാണ് ബിജെപി ലക്ഷ്യമിടുന്നത്.
'കേന്ദ്ര നേട്ടങ്ങള്‍ എണ്ണിപ്പറയും': മോദി സർക്കാരിന്‍റെ ക്ഷേമ പദ്ധതികളും നേട്ടങ്ങളും തെരുവ് യോഗങ്ങളില്‍ ഊന്നിപ്പറയുന്നുണ്ട് നേതാക്കള്‍. സൗജന്യ അരി വിതരണം, വഴിയോരക്കച്ചവടക്കാർക്ക് 10,000 രൂപ വായ്‌പ, സൗജന്യ കൊവിഡ് വാക്‌സിന്‍ വിതരണം, ഗ്രാമപഞ്ചായത്തുകൾക്ക് ഫണ്ട്, കൊവിഡ് വ്യാപനത്തിന് ശേഷമുള്ള രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥയുടെ വീണ്ടെടുപ്പ് എന്നിങ്ങനെയുള്ളവയാണ് ബിജെപി നിരത്തുന്ന 'നേട്ടങ്ങളുടെ പട്ടിക'. സംസ്ഥാനത്ത് 9,000ത്തിലധികം 'ശക്തി കേന്ദ്രങ്ങൾ' ഉണ്ടെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. ഇതില്‍, തെലങ്കാനയുടെ ഉള്‍പ്രദേശങ്ങള്‍ കൂടി കണക്കിലെടുത്താണ് അധികമായി 2,000 പൊതുയോഗ കേന്ദ്രങ്ങള്‍ കൂടി ചേർത്തത്. ഇങ്ങനെയാണ് 11,000 പൊതുയോഗ കേന്ദ്രങ്ങളില്‍ 'സ്‌ട്രീറ്റ് മീറ്റിങുകള്‍' സംഘടിപ്പിക്കാൻ പാർട്ടി തെരഞ്ഞെടുത്തതെന്നാണ് വെങ്കിടേശ്വര്‍ലു മാധ്യമങ്ങളോട് വ്യക്തമാക്കിയത്.