ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ വയനാട് സന്ദർശനത്തിനെ വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ. രാഹുൽ ഗാന്ധിയുടെ പൊളിറ്റിക്കൽ ടൂറിസമാണ് കേരളത്തിൽ നടക്കുന്നതെന്ന് ജെ.പി നദ്ദ ആരോപിച്ചു. വീഡിയോ കോൺഫെറൻസിലൂടെ കോഴിക്കോട് ബിജെപിയുടെ പുതിയ ജില്ല ഓഫിസ് കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു നദ്ദ.
അമേഠിയിൽ പരാജയപ്പെട്ടതിനാലാണ് രാഹുൽ ഗാന്ധി വയനാട്ടിലേക്ക് വന്നതെന്നും സംസ്ഥാനങ്ങൾ മാറിയാലും ഒരാളുടെ പെരുമാറ്റത്തിലും ഉദ്ദേശങ്ങളിലും ആളുകളെ സേവിക്കാനുള്ള സമർപ്പണത്തിലും മാറ്റമുണ്ടാകില്ലെന്നും നദ്ദ പരിഹസിച്ചു. കോൺഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുൽ ഗാന്ധിയുടെ ത്രിദിന വയനാട് സന്ദർശനത്തെ പരാമർശിച്ചായിരുന്നു നദ്ദയുടെ വിമർശനം.
Also Read: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ : കേന്ദ്രത്തിന് നോട്ടിസ് അയച്ച് സുപ്രീം കോടതി
കേരളത്തെ കുറിച്ച് സംസാരിക്കുമ്പോൾ തനിക്ക് വളരെയധികം വേദന തോന്നുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എല്ലാ പിന്തുണയും ഉണ്ടായിട്ടും സംസ്ഥാനത്ത് കഴിഞ്ഞ 3-4 പതിറ്റാണ്ടുകളായി നിലനിൽക്കുന്ന രാഷ്ട്രീയ സംസ്കാരം കാരണം കേരളത്തിന്‍റെ വികസനം തടസപ്പെട്ടിരിക്കുകയാണെന്നും നദ്ദ ചടങ്ങിൽ പറഞ്ഞു.
ഓഗസ്റ്റ് 16 മുതൽ 18 വരെ നീണ്ടുനിൽക്കുന്ന രാഹുൽ ഗാന്ധിയുടെ ത്രിദിന സന്ദർശനത്തിനിടെ തിങ്കളാഴ്ച ഗാന്ധി പടിഞ്ഞാറത്തറ കൂവളത്തോട് കോളനിയിലേയും പൊൻകുഴിയിലെ കാട്ടുനായ്ക്ക കോളനിയിലേയും കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം നടത്തി. കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി കൽപ്പറ്റയിൽ ജില്ല കലക്‌ടറുമായി അവലോകന യോഗം നടത്തിയിരുന്നു.