ന്യൂഡൽഹി: രാജസ്ഥാനിൽ അടുത്ത മുഖ്യമന്ത്രി ആരാകുമെന്ന അനിശ്ചിതത്വം നിലനിൽക്കെ മുൻ മുഖ്യമന്ത്രികൂടിയായ വസുന്ധര രാജെയെ ഡൽഹിയിലേക്ക് വിളിപ്പിച്ച് ബിജെപി കേന്ദ്ര നേതൃത്വം (BJP Called Vasundhara Raje To Delhi Amid Rajasthan CM Suspense). മുഖ്യമന്ത്രി പദവി സംബന്ധിച്ച ചർച്ചകൾക്കായാണ് വസുന്ധരയെ വിളിപ്പിച്ചതെന്നാണ് സൂചന. ഇന്ന് രാത്രി 10:30 ന് തന്നെ വസുന്ധര ഡൽഹിയിലേക്ക് തിരിക്കുമെന്നും നാളെ (വ്യാഴം) പാർട്ടി നേതൃത്വവുമായി കൂടിക്കാഴ്ച്ച നടത്തുമെന്നും ബിജെപി വൃത്തങ്ങൾ അറിയിച്ചു.
പുതുതായി തിരഞ്ഞെടുക്കപ്പെട്ട അറുപതോളം ബിജെപി എംഎൽഎമാർ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ സിവിൽ ലൈനിലെ വസതിയിലെത്തി വസുന്ധരയെ കണ്ടിരുന്നു. ഇതിനുപിന്നാലെയാണ് ബിജെപി അവരെ തിരക്കിട്ട് ഡൽഹിയിലേക്ക് വിളിപ്പിച്ചത്.
Also Read:യോഗിക്ക് പിന്നാലെ ബാബ; രാജസ്ഥാനും സന്യാസി ഭരണത്തിലേക്കോ?
മുഖ്യമന്ത്രിയുടെ പേര് പാർട്ടിയുടെ പാർലമെന്‍ററി ബോർഡ് തീരുമാനിക്കുമെന്നും, അതിന് മുമ്പ് ബിജെപി നിയമസഭാ കക്ഷി യോഗം വിളിക്കുമെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചിരുന്നു. എന്നാൽ നിയമസഭാ കക്ഷിയോഗം സംബന്ധിച്ച് പാർട്ടി ഇതുവരെ പ്രഖ്യാപനം നടത്തിയിട്ടില്ല.
രണ്ടു തവണ മുഖ്യമന്ത്രിയായ വസുന്ധര രാജെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നവരുടെ പട്ടികയിൽ ഒന്നാമതാണ്. ഞായറാഴ്‌ച നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചപ്പോൾ ബിജെപിക്ക് 115 സീറ്റും കോൺഗ്രസിന് 69 സീറ്റുമാണ് ലഭിച്ചത്.
സംസ്ഥാനത്തെ 200ൽ 199 സീറ്റുകളിലേക്കും നവംബർ 25നാണ് തെരഞ്ഞെടുപ്പ് നടന്നത്. സ്ഥാനാർത്ഥിയുടെ നിര്യാണത്തെ തുടർന്ന് തിരഞ്ഞെടുപ്പ് മാറ്റിവെച്ച കരൺപൂരിൽ ജനുവരി അഞ്ചിന് വോട്ടെടുപ്പ് നടത്തി ജനുവരി എട്ടിന് ഫലം പ്രഖ്യാപിക്കും.
Also Read:തെരഞ്ഞെടുപ്പ് വിജയത്തിനുപിന്നാലെ ബിജെപി എംപിമാരുടെ കൂട്ടരാജി; രണ്ട് കേന്ദ്രമന്ത്രിമാർ ഉൾപ്പെടെ പത്തുപേർ രാജിവച്ചു