ലഖ്‌നൗ: യോഗി ആദിത്യനാഥ് സര്‍ക്കാരിന് വീണ്ടും കനത്ത പ്രഹരമേകി മറ്റൊരു മന്ത്രിയുടെ രാജി. വനം പരിസ്ഥിതി മന്ത്രി ധാര സിങ് ചൗഹാനാണ് ബി.ജെ.പി മന്ത്രിസഭയില്‍ നിന്നും രാജിവച്ചത്. ഇതുസംബന്ധിച്ച് ബുധനാഴ്ച, ഗവർണർ ആനന്ദിബെൻ പട്ടേലിന് സിങ് രാജിക്കത്ത് നൽകി.
ധാര സിങ് ബി.ജെ.പിയിലെത്തിയത് 2015 ല്‍
നിയമസഭ തെരഞ്ഞെടുപ്പിന് ആഴ്‌ചകള്‍ മാത്രം അവശേഷിക്കവെ യോഗി മന്ത്രിസഭയില്‍ ഇതുവരെ രണ്ട് മന്ത്രിമാര്‍ ഉള്‍പ്പടെ അഞ്ച് എം.എല്‍.എമാരാണ് രാജിവച്ചത്. 2015 ഫെബ്രുവരിയിലാണ് ധാര സിങ് പാര്‍ട്ടിയില്‍ ചേര്‍ന്നത്. മധുബൻ നിയമസഭ മണ്ഡലത്തില്‍ നിന്നുള്ള പ്രതിനിധിയാണ്. ധാര സിങ് ചൗഹാനും എസ്.പിയിലേക്കെന്ന സൂചനയാണ് പുറത്തുവരുന്നത്.
ചൊവ്വാഴ്ച രാജിവച്ച തൊഴില്‍വകുപ്പ് മന്ത്രി സ്വാമി പ്രസാദ് മൗര്യയുടെ അതേ കാരണങ്ങളാണ് സിങ് ചൂണ്ടിക്കാട്ടിയത്. സംസ്ഥാനത്തെ ദളിതുകൾ, മറ്റ് പിന്നാക്ക വിഭാഗങ്ങള്‍, കർഷകർ, തൊഴിൽരഹിതരായ യുവാക്കൾ, ചെറുകിട, ഇടത്തരം വ്യവസായികൾ എന്നിവരോട് സര്‍ക്കാര്‍ കടുത്ത അവഗണനയാണ് കാണിക്കുന്നത്. അതില്‍ മനംനൊന്താണ് പാര്‍ട്ടിയും സ്ഥാനവും രാജിവച്ചതെന്നാണ് മൗര്യ ഉന്നയിച്ചത്. കാന്‍പൂരില്‍ നിന്നുള്ള എം.എല്‍.എ ഭഗവതി സാഗര്‍, ബന്ദയില്‍ നിന്നുള്ള ബ്രിജേഷ് പ്രജാപതി, ഷാജഹാന്‍പൂരില്‍ നിന്നുള്ള റോഷന്‍ ലാല്‍ വര്‍മ എന്നിവരാണ് പാര്‍ട്ടി വിട്ട മറ്റ് എം.എല്‍.എമാര്‍.