കൊല്‍ക്കത്ത:ഇടത്-കോൺഗ്രസ്-എഐഎസ്എഫ് സഖ്യത്തിനെതിരെ ആഞ്ഞടിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ന്യൂനപക്ഷ വോട്ടുകള്‍ പിളര്‍ത്തി കൊണ്ട് കാവി ക്യാമ്പിന് ഗുണമുണ്ടാക്കുവാന് വേണ്ടി ബിജെപിയില്‍ നിന്നും ഐക്യ മുന്നണി പണം കൈപറ്റി എന്നായിരുന്നു മമതയുടെ ആരോപണം. പശ്ചിമ ബംഗാളിലെ ദക്ഷിണ 24 പര്‍ഗനാസ് ജില്ലയിലെ പത്തര്പ്രതിമയില് നടന്ന റാലിയില്‍ മമതാ ബിജെപിയേയാണ് മുഖ്യമായും ലക്ഷ്യമിട്ടതെങ്കിലും ഐക്യ മുന്നണിയേയും വെറുതെ വിടുവാന്‍ തയ്യാറായില്ല. ന്യൂനപക്ഷ വോട്ടുകള്‍ പിളര്‍ക്കുക എന്ന ആസൂത്രണത്തിന്റെ ഭാഗമായി ഇടതുപക്ഷവും കോണ്‍ഗ്രസും മറ്റൊരു പാര്‍ട്ടിയും ചേര്‍ന്ന് ബിജെപിയുമായി ഗൂഢകരാറില് ഏര്‍പ്പെട്ടിരിക്കുന്നു. ആ പാര്‍ട്ടി ബിജെപിയില്‍ നിന്നും ധാരാളം പണം കൈപറ്റിയിരിക്കുന്നു. അതിനാല്‍ അവരുടെ ഗൂഢ തന്ത്രങ്ങളില്‍ പെട്ടുപോകരുതെന്നും അതുവഴി നിങ്ങളുടെ വോട്ടുകള്‍ പാഴാക്കി കളയരുതെന്നും അഭ്യര്‍ഥിക്കുന്നതായി മുഖ്യമന്ത്രി റാലിയില്‍ പറഞ്ഞു.
ഡല്‍ഹിയില്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരം നല്കുന്ന ഡല്‍ഹി ബില്‍ 2021 പാസാക്കിയെടുത്തതിനെ കുറിച്ചും ഈ വേളയില്‍ മമത പരാമര്‍ശിക്കുകയുണ്ടായി. ഡല്‍ഹി സംസ്ഥാന സര്‍ക്കാരിന്റെ അധികാരങ്ങളെല്ലാം കവര്‍ന്നെടുക്കുന്നതിനായി ബിജെപി ഗൂഢാലോചന നടത്തിയിരിക്കുന്നു. അഡോള്‍ഫ് ഹിറ്റ്ലര്‍ പോലും ഒരിക്കലും ഇത്തരം നടപടികള്‍ കൈകൊണ്ടിട്ടില്ലെന്നും മമതാ വ്യക്തമാക്കി. തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കന്മാര് നിരവധി അഴിമതികളിലും ഭീഷണിപ്പെടുത്തി പണം വാങ്ങള്‍ നടപടികളിലും ഉള്‍പ്പെട്ടിരിക്കുന്നു എന്ന് സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ നടന്ന റാലികളില്‍ പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത ഷായും സുവേന്ദു അധികാരിയെ പോലുള്ള സംസ്ഥാന തല നേതാക്കന്മാരും ആരോപണമുന്നയിച്ചിരുന്നു എന്ന് ഇവിടെ ഓര്‍ക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ പത്തര്പ്രതിമ റാലിയെ പ്രസ്തുത ആരോപണങ്ങള്‍ക്ക് മറുപടി നല്കുവാനുള്ള വേദിയാക്കി മാറ്റുകയായിരുന്നു മുഖ്യമന്ത്രി. “ഞാന്‍ ഒരു കള്ളിയാണോ? ഞാന്‍ ഒരു കൊള്ളക്കാരിയാണോ? ഞാന്‍ ഒരു കൊലപാതകിയാണോ? ഞാന്‍ ജനങ്ങളെ സ്നേഹിക്കുന്നു. എന്നാല്‍ നിങ്ങളാണ് കള്ളന്മാര്. പിഎം കെയര്‍ ഫണ്ടില്‍ നിന്നും പണം ഊറ്റി കൊണ്ടു പോകുന്നത് നിങ്ങളാണ്. റെയില്‍വെ അടക്കമുള്ള പൊതു മേഖലാ സ്ഥാപനങ്ങളെ വിറ്റു തുലയ്ക്കുന്നത് നിങ്ങളാണ്. ആ പണമെല്ലാം എവിടേക്ക് പോകുന്നു? ജനങ്ങള്‍ക്ക് ഒരിക്കലും ആ പണം ലഭിക്കുന്നില്ല,'' മുഖ്യമന്ത്രി പറഞ്ഞു.