കൊൽക്കത്ത: തെരഞ്ഞെടുപ്പ് വോട്ടെണ്ണലിന് ശേഷം സംസ്ഥാനത്ത് നടക്കുന്ന അക്രമങ്ങളിൽ തൃണമൂൽ കോൺഗ്രസിനെതിരെ ആരോപണങ്ങളുമായി ബിജെപി നേതാക്കൾ. ഇന്ത്യ വിഭജന സമയത്ത് അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്‌തതിന് സമാനമാണ് നിലവിലെ ബംഗാളിലെ അവസ്ഥയെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു. ബിജെപി, ടിഎംസിയെ നാസിയോട് ഉപമിക്കുകയും നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്‌തു.
ബംഗാളിലെ നിലവിലെ സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഗവർണർ ജഗ്‌ദീപ് ഡാങ്കറെ വിളിച്ച് അസംതൃപ്‌തി അറിയിച്ചിരുന്നു. ടിഎംസിയുടെ അക്രമത്തിൽ പ്രതിഷേധിച്ച് രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് ബിജെപി. ബിജെപി പ്രവർത്തകരെ ലക്ഷ്യമിട്ട് നടക്കുന്ന ആക്രമണങ്ങളിൽ കേന്ദ്ര ആഭ്യന്തരമന്ത്രി സംസ്ഥാന സർക്കാരിൽ നിന്ന് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം സംസ്ഥാനത്ത് ആറ് പ്രവർത്തകരാണ് കൊല്ലപ്പെട്ടതെന്ന് ബിജെപി ആരോപിച്ചു. തൃണമൂൽ കോൺഗ്രസ് പാർട്ടി പ്രവർത്തകർ ആക്രമണം അഴിച്ചുവിടുന്നുണ്ടെന്ന് ഇടതുപക്ഷനും എഐഎസ്എഫും ആരോപിച്ചു. അതേ സമയം തൃണമൂൽ കോൺഗ്രസ് ഈ ആരോപണങ്ങൾ തള്ളിക്കളഞ്ഞു.