ബെംഗളൂരു: കർണാടകയിൽ നിയമസഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളിൽ പാർട്ടികളും പ്രവർത്തകരും സജീവമാകുന്നു. തെരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി രൂപീകരിച്ചു. ശോഭ കരന്ദ്‌ലജെ കൺവീനറായ കർണാടക ബിജെപിയുടെ തെരഞ്ഞെടുപ്പ് മാനേജ്‌മെന്‍റ് കമ്മിറ്റിയും ഇന്ന് രൂപീകരിച്ചിട്ടുണ്ട്.
നിലവിൽ ബിജെപി ഭരണത്തിലുള്ള കർണാടകയിൽ വരുന്ന തെരഞ്ഞെടുപ്പിലും പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ബസവരാജ് ബൊമ്മയെ തന്നെ നിലനിർത്തുമെന്നാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനങ്ങൾ നൽകുന്ന സൂചന. ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുള്ള പ്രചാരണ സമിതിയിൽ മുൻ മുഖ്യമന്ത്രിമാരായ ബി. യെഡിയൂരപ്പ, സദാനന്ദ ഗൗഡ, ജഗദീഷ് ഷെട്ടാർ, മുൻ ഉപമുഖ്യമന്ത്രി ഈശ്വരപ്പ, ദേശീയ ജനറൽ സെക്രട്ടറി സി.ടി. രവി, കർണാടക സംസ്ഥാന പ്രസിഡന്‍റ് നളിൻ കുമാർ കട്ടീൽ, സംസ്ഥാന വൈസ് പ്രസിഡന്‍റ് ബി.വൈ. വിജയേന്ദ്ര തുടങ്ങിയവരും അംഗങ്ങളാണ്.
ദക്ഷിണേന്ത്യയിലെ ശക്തികേന്ദ്രം: ദക്ഷിണേന്ത്യയിൽ ഒറ്റകക്ഷിയായും സഖ്യത്തോടെയും ബിജെപിയ്‌ക്ക് ഭരണം നേടാൻ കഴിഞ്ഞ ഒരേ ഒരു സംസ്ഥാനമാണ് കർണാടക. വരുന്ന മേയിലാണ് കർണാടകയിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. അതേസമയം ലിംഗായത്ത് നേതാവ് ബി എസ് യെഡിയൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയത് ബിജെപിയിൽ ലിംഗായത്ത് സമുദായത്തിൽ നിന്നുള്ള വോട്ടുകളുടെ പിന്തുണയെ കാര്യമായി ബാധിക്കുമെന്നും സൂചനകളുണ്ട്.
ലിംഗായത്ത് പിന്തുണ:ബിജെപിയിലെ അമിത് ഷാ - നരേന്ദ്ര മോദി സംഘ്യത്തോട് യെഡിയൂരപ്പയ്‌ക്ക് താത്‌പര്യ കുറവുള്ളതായി പാർട്ടി വൃത്തങ്ങൾ തന്നെ പറയുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പലതവണയായി സംസ്ഥാനത്ത് സന്ദർശനം നടത്തുന്നുണ്ട്. കേന്ദ്രമന്ത്രി ഭഗവന്ത ഖുബ, കർണാടക മന്ത്രി കോട്ട ശ്രീനിവാസ് പൂജാരി, സംസ്ഥാന വൈസ് പ്രസിഡന്‍റുമാരായ നിർമൽ കുമാർ സുരാന, തേജസ്വിനി അനന്ത് കുമാർ, മുൻ സംസ്ഥാന മന്ത്രി അരവിന്ദ് ലിംബാവലി, തേജസ്വിനി അനന്തകുമാർ, കർണാടക മുൻ നിയമസഭ കൗൺസിൽ ചെയർമാൻ രഘുനാഥ് റാവു മൽക്കാപുരെ, തുടങ്ങിയവരാണ് ബിജെപി തെരഞ്ഞെടുപ്പ് മാനേജ്‌മെന്‍റ് കമ്മിറ്റിയിലെ അംഗങ്ങൾ.